കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തെ പിടിച്ചുകുലുക്കിയ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കാണിച്ചാണ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ളയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

താന്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് ചിത്രീകരിക്കാന്‍ പാറക്കല്‍ അബ്ദുള്ള ശ്രമിച്ചെന്നും റിബേഷ് നോട്ടീസില്‍ ആരോപിക്കുന്നു. അതിനാല്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് നോട്ടീസിലെ ആവശ്യം.

കാഫിര്‍ വിവാദവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് താനെന്നും റിബേഷ് നോട്ടീസില്‍ വ്യക്തമാക്കുന്നു.പാറക്കല്‍ അബ്ദുള്ളയുടെ വ്യാജ പ്രചാരണത്തിലൂടെ തന്നെ പലരും സംശയത്തോടെ വീക്ഷിക്കുന്നു. നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും റിബേഷ് വ്യക്തമാക്കി. അഡ്വക്കറ്റ് രാംദാസ് മുഖേനയാണ് റിബേഷ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

സംഭവത്തില്‍ പാറക്കല്‍ അബ്ദുള്ളയും പ്രതികരിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊലീസ് സത്യവാങ്മൂലത്തിലുള്ള വിവരം മാത്രമാണ് പുറത്തുവന്നതെന്നും അത് വ്യാജമാണ് എന്ന് റിബേഷിന് തോന്നുന്നുവെങ്കില്‍ ആഭ്യന്തര മന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമാണ് വക്കീല്‍ നോട്ടീസ് അയക്കേണ്ടതെന്നും പാറക്കല്‍ അബ്ദുള്ള പ്രതികരിച്ചു.

അമ്പാടിമുക്ക് സഖാക്കളില്‍ നിന്ന് തുടങ്ങി റെഡ് ബറ്റാലിയനിലെ അമല്‍ റാം വഴി റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പിലെ റിബേഷ് വരെ എത്തി നില്‍ക്കുന്ന ഈ ചരടിന്റെ അറ്റം വെളിയില്‍ വരും വരെ നോ കോംപ്രമൈസ്..