- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനി മലയാളി സാന്നിധ്യം; വമ്പന്‍ അട്ടിമറി സൃഷ്ടിച്ചു സോജന് ജോസഫ്; ആദ്യമായി ലേബറിന് ആഷ്ഫോഡില്‍ വിജയം നല്‍കിയത് മലയാളി നഴ്സ്
ലണ്ടന്‍: രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ അട്ടിമറി നടത്തിയത് മലയാളി നഴ്സ് ആയ കൈപ്പുഴക്കാരന്‍ സോജന് ജോസഫ്. ആഷ്ഫോര്‍ഡ് സീറ്റിലെ പുതിയ മണ്ഡലം കൈവിട്ടത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മണ്ഡലത്തെ തറവാട്ട് സ്വത്തു പോലെ കയ്യടക്കിയിരുന്ന കണ്‍സര്‍വേറ്റീവ് പ്രമുഖന് ഡാമിയന്‍ ഗ്രീനിന്റെ രാഷ്ട്രീയ ജീവിതത്തിനു കൂടി അന്ത്യം കുറിയ്ക്കുമെന്നാണ് സൂചന. കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകളില്‍ വലിയ പദവികള്‍ ഏറ്റെടുത്തിരുന്ന ഡാമിയന്‍ ലേബര്‍ തരംഗത്തില്‍ വീണതല്ല, മറിച്ചു മണ്ഡലം പുനഃനിര്‍ണയത്തില്‍ അടിപതറിയതാണ്. അതാകട്ടെ ലേബര്‍ പാര്‍ട്ടിയില്‍ പോലും ജൂനിയറായ മലയാളി സോജന്റെ മുന്നിലും. തനിക്കൊത്ത ഒരു സ്ഥാനാര്‍ത്ഥിയോടായിരുന്നു പരാജയം എങ്കില്‍ പോലും അദ്ദേഹത്തിന് ആശ്വസിക്കാമായിരുന്നു.
15,262 വോട്ടുകള്‍ നേടി സോജന് വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13483 വോട്ടുകളാണ്. തൊട്ടു പിന്നില്‍ റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്. 10,141 വോട്ടുകള്‍ നേടിയ കെന്നഡി ഹാര്‍പ്പറും ചേര്‍ന്ന് ശക്തമായ പോരാട്ടമാണ് ആഷ്ഫോര്‍ഡില്‍ കാഴ്ച വച്ചത്. ഒരര്‍ത്ഥത്തില്‍ ഡേവിഡും ഗോലിയാത്തും തമ്മിലുള്ള ദ്വന്ദ യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതായി ആഷ്ഫോര്‍ഡ് സീറ്റിലെ മത്സരം.
അമിത ആത്മവിശാസ്വം ഡാമിയാനു വിനയായപ്പോള്‍ ധൈര്യതയോടെ മത്സരത്തെ നേരിട്ട സോജന് കൈവിടാത്ത ആത്മവിശ്വാസത്തിന്റെ വക്താവും ആയി മാറുക ആയിരുന്നു. ഇന്നലെ വരെ മലയാളി സമൂഹത്തില്‍ സാധാരണക്കാരനായി നടന്നിരുന്ന സോജന് ഇന്ന് മുതല്‍ എംപി ആയി മാറി എന്നത് സ്വപ്നം കാണുന്ന പോലെ തോന്നുകയാണ് ആഷ്ഫോര്‍ഡ് മലയാളികള്‍ക്ക്. സോജന് ഒരു വര്‍ഷത്തില്‍ അധികമായി പ്രാദേശിക കൗണ്‍സിലര്‍ ആയി തിളങ്ങുക ആണെങ്കിലും എംപി സ്ഥാനം എത്ര വേഗത്തില്‍ കൈവരുമെന്ന് ആരും കരുതിയിരുന്നില്ല.
ലേബര്‍ തരംഗം ഉണ്ടായില്ലെങ്കില്‍ പോലും ഇത്തവണ ഡാമിയന്‍ തോല്‍ക്കും എന്ന് പ്രാദേശിക പാര്‍ട്ടി ഘടകം പറഞ്ഞതുമാണ്. എന്നാല്‍ അവരെ ഒതുക്കിയാണ് അവസാന നിമിഷം ഡാമിയന്‍ തന്നെ സ്ഥാനാര്‍ത്ഥിയായത്. ലേബര്‍ എതിരാളി മലയാളി ആയതുകൊണ്ട് നിസാരമമായി ജയിച്ചു കയറാം എന്ന ചിന്തയിലാണ് ഡാമിയന്‍ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ഥി കുപ്പായമണിഞ്ഞത്. എന്നാല്‍ വമ്പന്‍ എതിരെ മത്സരിക്കേണ്ടി വരും എന്ന സാഹചര്യത്തിലും പതറാതെ ആ ദൗത്യം ഏറ്റെടുക്കുക ആയിരുന്നു സോജന്. ലേബര്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവുകള്‍ക്ക് എതിരെ മുന്‍തൂക്കം നേടുമ്പോഴും ആഷ്ഫോര്‍ഡ് സീറ്റില്‍ മുന്‍പ് ലേബര്‍ ജയിച്ചിട്ടില്ല എന്ന വസ്തുത വലിയ ചോദ്യമായി എല്ലായ്പ്പോഴും സോജന് മുന്പില് ഉണ്ടായിരുന്നു.
എന്നാല്‍ പ്രചാരണം അവസാന ലാപ്പില്‍ എത്തിയപ്പോഴേക്കും വ്യക്തമായ ലീഡ് നേടി ആയിരുന്നു സോജന്റെ മുന്നേറ്റം. ഒരു ഘട്ടത്തില്‍ സോജന്റെ സാധ്യത 70 ശതമാനത്തിനു മുകളിലായി ഉയരുകയും ചെയ്തിരുന്നു. സോജന്റെ വിജയം ഭാവിയില്‍ ഒട്ടേറെ മലയാളികളെ പൊതുരംഗത്ത് ഇറങ്ങാന്‍ പ്രചോദിപ്പിക്കും എന്നാണ് വിലയിരുത്തല്‍.
കോട്ടയം കൈപ്പുഴക്കാരനായ സോജന് കഴിഞ്ഞ ഏഴു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെയും 20 വര്‍ഷമായി പാര്‍ട്ടി യൂണിയനായ യൂനിസന്റെയും സജീവ പ്രവര്‍ത്തകനാണ്. മുന്‍പ് സോജന് പാര്‍ട്ടിയുടെ ലോക്കല്‍ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയിലും ഉള്‍പ്പെടുത്തിയിരുന്നു. എന്‍എച്ച്എസില്‍ മേട്രണ്‍ ആയി ജോലി ചെയ്യുന്ന സോജന് തനിക്കു കിട്ടുന്ന എല്ലാ അവസരങ്ങളിലും മലയാളി നഴ്സുമാരുടെ മികവുകള്‍ യുകെയില്‍ ഉടനീളം ഉയര്‍ത്തിപിടിക്കുവാന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ്.