ആലപ്പുഴ: എസ് എന്‍ ഡി പിയിലെ വിമത വിഭാഗം സിപിഎമ്മുമായി അടുക്കും. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സിപിഎം വിരുദ്ധ നിലപാടുകള്‍ തുറന്നു കാട്ടാനും ശ്രമിക്കും. അതിനിടെ ഇടത് സര്‍ക്കാരിനെ പൊതു സമൂഹത്തില്‍ തരംതാഴ്ത്താന്‍ ശ്രമിച്ച വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സൗത്ത് ഇന്ത്യന്‍ ആര്‍ വിനോദ് ആവശ്യപ്പെട്ടു. എസ് എന്‍ ഡി പി യോഗത്തില്‍ വെള്ളാപ്പള്ളിക്കെതിരെ മത്സരിക്കുന്ന പാനലിലെ പ്രധാനിയാണ് വിനോദ്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്‍കിയിരിക്കുന്നതും വിനോദാണ്.

നവോത്ഥാനമെന്ന് ഉച്ചരിക്കാന്‍ യോഗ്യതയില്ലാത്ത വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശനെന്നും ശ്രീനാരായണ സഹോദരധര്‍മ്മവേദി ജനറല്‍ സെക്രട്ടറിയും എസ്.എന്‍.ഡി.പി യോഗത്തിന്റെ ഔദ്യോഗിക ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയുമായ സൗത്ത് ഇന്ത്യന്‍ ആര്‍ വിനോദ് പറഞ്ഞു. വവ്വാക്കാവ് സൗത്ത് ഇന്ത്യന്‍ ജൂവല്‍ ടവറില്‍ ചേര്‍ന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പ് കോടതിക്ക് മുന്നിലാണ്. തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിനെ അയോഗ്യമാക്കുമെന്നാണ് മറുവിഭാഗം കരുതുന്നത്. ഈ നിയമ പ്രശ്‌നം സിപിഎമ്മിനും അറിയാം. സര്‍ക്കാര്‍ പിന്തുണ കിട്ടിയാല്‍ കോടതിയില്‍ നേട്ടമുണ്ടാക്കി എസ് എന്‍ ഡി പി യോഗ തിരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. സ്ഥിതി ഗതികള്‍ വീക്ഷിക്കാനാണ് സിപിഎം തീരുമാനം.

ഇതിന്റെ ഭാഗമാണ് വെള്ളാപ്പള്ളിയെ പരസ്യമായി വിമര്‍ശിച്ച് സൗത്ത് ഇന്ത്യന്‍ വിനോദ് രംഗത്ത് വന്നതും. ഈ നീക്കങ്ങളോട് സിപിഎം എടുക്കുന്ന സമീപനം അനുകൂലമാകുമെന്നാണ് ശ്രീനാരായണ സഹോദരധര്‍മ്മവേദിയുടെ പ്രതീക്ഷ. പിണറായി സര്‍ക്കാരിനെ തന്റെ വരുതിയ്ക്ക് നിര്‍ത്താന്‍ വേണ്ടി നടത്തുന്ന പ്രഹസനമാണ് വെള്ളാപള്ളിയുടെ ഒരോ ദിവസവും നടത്തുന്ന പ്രസ്താവനകള്‍ എന്ന് അവര്‍ പറയുന്നു. കഴിഞ്ഞ കാലങ്ങളില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളെ തന്റെ വരുതിയില്‍ നിര്‍ത്തി സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്ന് സൗത്ത് ഇന്ത്യന്‍ വിനോദ് വിശദീകരിക്കുന്നു.

ഒരോ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വര്‍ഗ്ഗീയ വിഷം ചീറ്റിയാണ് വെള്ളാപ്പള്ളി തന്റെ ഇംഗിതത്തിന് അനുസരിച്ച് ഗവണ്‍മെന്റുകളെ വരുതിയില്‍ നിര്‍ത്തുന്നത് പിണറായിയെയും തന്റെ വരുതിയില്‍ നിര്‍ത്താന്‍ വേണ്ടിയാണ് മുസ്ലീം വിരുദ്ധത പ്രസംഗിക്കുന്നത് . ഗുരുദേവന്റെ മതനിരപേക്ഷതയെ അട്ടിമറിക്കുന്ന പ്രയോഗമാണ് വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നും ദിനംപ്രതിയുണ്ടാകുന്നത് മതവാദം ഉന്നയിച്ച് സമൂഹത്തില്‍ വിഘടനവാദം' ഉണ്ടാക്കുന്നത് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ ഉള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലന്നും സൗത്ത് ഇന്ത്യന്‍ ആര്‍ വിനോദ് പറഞ്ഞു

അഡ്വ: ആര്‍ അജന്ത കുമാര്‍ അദ്ധ്യക്ഷത വഹിച്ചു യോഗത്തിന്റെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡി .രാജീവ് , വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അരുണ്‍ മയ്യനാട്, വിപി ദാസന്‍ കണ്ണൂര്‍, തിരുമ്പാടി ചന്ദ്രന്‍ എന്നിവരും യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു രാധാകൃഷ്ണന്‍ ഇലമ്പടത്ത് സ്വാഗതവും കണ്ടല്ലൂര്‍ സുധീര്‍ കൃതജ്ഞതയും പറഞ്ഞു