കണ്ണൂര്‍: മാടായി കോളേജില്‍ സിപിഎം പ്രവര്‍ത്തകനായ ബന്ധുവിനെ നിയമിച്ച എം കെ രാഘവനെതിരെ കടുത്ത അമര്‍ഷമാണ് അണികള്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്നത്. ഇതോടെ കടുത്ത പ്രതിരോധത്തിലാണ് കോഴിക്കോട് എംപി. അണികളുടെ രോഷം ശമിപ്പിക്കാന്‍ കഴിയാതെ വന്നതോടെ കോണ്‍ഗ്രസ് നേതൃത്വവും വിഷയത്തില്‍ വെട്ടിലാണ്. വിവാദ നിയമനത്തില്‍ എം കെ രാഘവനെതിരെ നടപടി ആവശ്യം ശക്തമാക്കി ഡിസിസിയിലെ ഒരു വിഭാഗം. കെപിസിസി നേതൃത്വത്തിനും എഐസിസി നേതൃത്വത്തിനും വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.

പയ്യന്നൂര്‍ മേഖലയില്‍ പാര്‍ട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം കെ രാഘവന് ഒപ്പമുള്ള കോളേജ് ഡയറക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തത് മതിയായ കാരണമുള്ളത് കൊണ്ടാണെന്നുമാണ് ഡിസിസി വിശദീകരിച്ചു. കോളേജ് ഭരണാസമിതി സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും സംഘടന ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

രാഘവന് എതിരായ പ്രതിഷേധിച്ചതിന് പയ്യന്നൂരില്‍ നടപടി നേരിട്ട കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഡിസിസി അധ്യക്ഷനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ നിലപാടിനെതിരെ എം.കെ രാഘവന്‍ എഐസിസി, കെപിസിസി നേതൃത്വങ്ങളെ പരാതി അറിയിച്ചു. തന്നെ മോശക്കാരാനാക്കാനാണ് ശ്രമം. ഇങ്ങനെ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് രാഘവന്‍ മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം.

മാടായി കോളേജ് നിയമന വിവാദത്തില്‍ എം.കെ. രാഘവന്‍ എംപിയും കണ്ണൂരിലെ കോണ്‍ഗ്രസും തുറന്ന പോരിലാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരെ കടന്നാക്രമിച്ച എം.കെ രാഘവന്‍, തന്നെ അഴിമതിക്കാരനാക്കാന്‍ ബോധപൂര്‍വം നീക്കം നടക്കുന്നുവെന്ന് ആരോപിച്ചിരുന്നു. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കാതെയുളള രാഘവന്റെ നീക്കത്തില്‍ അതൃപ്തിയിലാണ് കണ്ണൂര്‍ ഡിസിസി.

എം.പി ചെയര്‍മാനായ മാടായി കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം പുകയുന്നത്. കോളേജിലെ അനധ്യാപക തസ്തികയില്‍ കല്യാശ്ശേരിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണം. എംപി ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നല്‍കിയത് കൂടുതല്‍ പ്രകോപനമായി.

ഇതില്‍ പ്രതിഷേധിച്ച് രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കള്‍ക്കെതിരെ കെപിസിസി പറഞ്ഞതനുസരിച്ച് ഡിസിസി നടപടിയെടുത്തിരുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ കലുഷിതമായി. രാഘവന്റെ നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം ഒന്നടങ്കം രാജിവച്ചിരുന്നു. കൂടുതല്‍ കമ്മിറ്റികള്‍ രാജിനല്‍കിയേക്കും. പരസ്യപ്രതിഷേധം തുടരാനാണ് നടപടി നേരിട്ടവരുടെ തീരുമാനം. അതിനിടെ ഇന്നലെ വൈകിട്ട് കുഞ്ഞിമംഗലത്തെ രാഘവന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോലം കത്തിച്ചു. പാര്‍ട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടില്‍ കയറി തല്ലുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂക്ഷ മുദ്രാവാക്യവും മുഴക്കി.

അതേസമയം വിവാദം അടിസ്ഥാനരഹിതമെന്ന് എം കെ രാഘവന്‍ എം പി പ്രതികരിച്ചത്. പിഎസ്സി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനം നടന്നത്. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും രാഘവന്‍ പറഞ്ഞു. സുപ്രീം കോടതി നിബന്ധനകള്‍ക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളജില്‍ നാല് അനധ്യാപക തസ്തികകള്‍ നിയമം നടക്കാതെ ഒഴിഞ്ഞുകിടക്കുകയയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 83 അപേക്ഷകരെത്തി. ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റന്‍ഡര്‍ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തതാണ്. അന്ധരായ അപേക്ഷകരില്ലാത്തതിനാല്‍ ബധിരനായ ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നു.

സുപ്രീം കോടതി നിര്‍ദേശം പാലിച്ചാണ് ഈ പോസ്റ്റില്‍ നിയമനം നടത്തിയത്. ഇന്റര്‍വ്യൂ നടത്തിയത് താനല്ലെന്നും ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണെന്നും എംകെ രാഘവന്‍ പറഞ്ഞു. നിയമനം കിട്ടിയ ആള്‍ ബന്ധുവായിരിക്കാം. എന്നാല്‍ ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല നിയമനം നല്‍കിയത്. തന്റെ കൈകള്‍ പരിശുദ്ധമെന്നും ഒരാളുടെ കൈയില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും എംകെ രാഘവന്‍ പറഞ്ഞു.

മാടായി കോളജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് രാഘവന്‍ വ്യക്തമാക്കി. തന്റെ 29ാമത്തെ വയസില്‍ താന്‍ മുന്‍കൈയെടുത്താണ് കോളജ് ആരംഭിച്ചത്. ഏഴ് മാസം മുന്‍പാണ് താന്‍ ഒടുവില്‍ കോളജ് ചെയര്‍മാനായത്. എന്നാല്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിട്ടും നിര്‍ബന്ധിച്ച് തന്നെ ഏല്‍പ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത് തന്നോടാലോചിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ ആളുകളെ ഇളക്കി വിടുന്നതിന് പിന്നില്‍ കോണ്‍ഗ്രസാണോയെന്ന് എം കെ രാഘവന്‍ ചോദിച്ചു. തന്റെ കോലം കത്തിച്ചത് തന്നെ കത്തിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസുകാര്‍ തന്നെയാണ് അത് ചെയ്തത്. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്നും എംകെ രാഘവന്‍ പറഞ്ഞു.