പയ്യന്നൂര്‍ :കുന്നരുവിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ ഏരിയ കമ്മിറ്റിയില്‍ പൊട്ടിത്തെറി. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി യോഗത്തിലാണ് തര്‍ക്കവും ഇറങ്ങിപ്പോക്കും ഉണ്ടായത്. കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. വരവ് ചെലവ് കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. വനിതാ നേതാവ് ഉള്‍പ്പെടെ അഞ്ചു പേര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പങ്കെടുത്ത യോഗത്തിലാണ് രൂക്ഷമായ തര്‍ക്കമുണ്ടായത് നേതാക്കളെ അനുനയിപ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നു. ടി.ഐ മധുസൂദനനും യോഗത്തില്‍ ഉണ്ടായിരുന്നു. ബഹളമുണ്ടായപ്പോള്‍ ഇദ്ദേഹം നിശബ്ദത പാലിക്കുകയായിരുന്നു.

എന്നാല്‍ രക്തസാക്ഷി ഫണ്ട് വിവാദത്തിനിടെ കണക്ക് ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് അതില്‍ നിന്നും പിന്നോട്ട് പോയത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതോടൊപ്പം ആരോപണ വിധേയനായ സിറ്റിങ് എം.എല്‍.എയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം സിപി.എമ്മിനുള്ളില്‍ അതൃപ്തി പടര്‍ത്തിയിട്ടുണ്ട്.