- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
12 വയസ്സിൽ താഴെയെങ്കിൽ മൂന്നാമന് ഇളവ് നൽകി ജനവികാരം ശമിപ്പിക്കാൻ ശ്രമം; മുഖ്യമന്ത്രിയിലേക്ക് തുടർച്ചയായി അമ്പെയ്ത് യുഡിഎഫ് കടുപ്പിക്കുമ്പോഴും ബിജെപിക്ക് മൃദു സമീപനം; നേരിട്ട് മറുപടി പറയാതെ ഒഴിഞ്ഞു മാറി പിണറായി; സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാത്തതിനാൽ അവഗണിച്ചു സിപിഎമ്മും; എഐ ക്യാമറാ വിവാദത്തിലെ രാഷ്ട്രീയ നീക്കങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: മടിയിൽ കനമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ സംശയത്തിൽ നിർത്തുന്ന ആരോപണങ്ങളാണ് എഐ ക്യാമറാ വിവാദത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ രാഷ്ട്രീയമായി ഈ ആരോപണങ്ങളെ പ്രതിരോധിക്കുന്ന ഘട്ടത്തിലേക്ക് സിപിഎം കടന്നിട്ടില്ല. കാരണം, അവഗണിച്ചു പ്രശ്‌നം തീർത്തുക എന്ന നയമാണ് സിപിഎം ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. അതേസമയം എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പൊതുജന വികാരം മറികടക്കാനുള്ള പൊടിക്കൈകകളും സർക്കാർ പയറ്റുന്നുണ്ട്.
ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കിൽ പിഴയിൽനിന്ന് ഒഴിവാക്കുകയാണ് ഇതിൽ ഒരു കാര്യം. സാധാരണ കുടുംബങ്ങളെ ബാധിക്കുന്ന ഈ വിഷയത്തിൽ എതിർപ്പ് വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്ു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 10ന് ഉന്നതതലയോഗം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ ചേരും. പിഴയിൽനിന്നു കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്.
അതിനിടെ എ.ഐ കാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനകൾക്ക് പിഴ ഈടാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു തുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങൾക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തപാൽ മുഖേനയാണ് നോട്ടീസ് അയക്കുക. നിലവിൽ നിയമലംഘനങ്ങൾക്ക് പിഴയിടാക്കില്ല. മെയ് 20 മുതലായിരിക്കും നിയമലംഘനങ്ങൾക്ക് പിഴയിടാക്കുക.
രാഷ്ട്രീയമായി മുഖ്യമന്ത്രിയിലേക്ക് ആരോപണം നീളുമ്പോഴും അവഗണിച്ച് സർക്കാർ. മറുപടിനൽകി വിവാദം ചൂടുപിടിപ്പിക്കാൻ സർക്കാർ തയ്യാറല്ല. യു.ഡി.എഫ്. നിയമനടപടിയിലേക്കു പോയാലും കാര്യമാക്കേണ്ടെന്ന് സർക്കാരും സിപിഎമ്മും കരുതുന്നു. പ്രസ്താവനകൾക്കപ്പുറം യു.ഡി.എഫിന്റേതുപോലെ കടുത്തനിലപാടിലേക്ക് ബിജെപി. എത്തിയിട്ടില്ല. അതിന് രാഷ്ട്രീയമാനങ്ങളുണ്ട്.
അതേസമയം യഥാർഥ പ്രതിപക്ഷനേതാവ് ആരാണെന്നു പരിഹാസത്തോടെയുള്ള ദുർബലചോദ്യം സിപിഎം. ഉയർത്തുന്നുണ്ട്. എങ്കിലും ക്യാമറയിൽ ആരോപണവുമായി ആദ്യമെത്തിയ മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അതേറ്റുപിടിച്ച ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രിയെയും സർക്കാരിനെയും വിടാതെ പിന്തുടരുകയാണ്. ഓരോദിവസവും രമേശുമായി ചർച്ചചെയ്താണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് വി.ഡി. സതീശൻ സിപിഎമ്മിന്റെ പരിഹാസത്തിന് മറുപടിനൽകിക്കഴിഞ്ഞു.
പ്രതിപക്ഷം തനിക്കെതിരേ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങളോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. കുടുംബത്തിലേക്ക് ക്യാമറയിലെ ആരോപണങ്ങളെ എത്തിച്ച് മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനുള്ള പ്രതിപക്ഷശ്രമം ഫലംകണ്ടില്ല. ഇതിനിടെയാണ് പ്രസാഡിയോയുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്ന വിവരം ആദ്യം പുറത്തുവിട്ടത് ബിജെപി.യാണെന്ന് അവർ വാദിക്കുന്നു. എന്നാൽ, ബിജെപി.യുടെ പ്രതികരണത്തിന്റെ വീര്യക്കുറവ് ചർച്ചയാവുന്നുണ്ട്. ക്യാമറയെക്കാൾ വലിയശ്രദ്ധ 'കേരളാ സ്റ്റോറി'യിലായെന്ന് അണികളും പറഞ്ഞുതുടങ്ങി.
മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പേരു വെളിപ്പെടുത്തിയ ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ ഞെട്ടിക്കൽ പ്രതികരണം പാർട്ടിക്കുള്ള ഷോക്ക് ട്രീറ്റുമെന്റുകൂടിയാണെന്ന് ചിലരെങ്കിലും കരുതുന്നു. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ മുപ്പതോളം കേരളനേതാക്കൾ കർണാടകത്തിൽ തിരഞ്ഞടുപ്പ് പ്രചാരണത്തിലായതാണ് പ്രത്യക്ഷപ്രതിഷേധത്തിലേക്കു പോകാൻ പാർട്ടി വൈകുന്നതിന് കാരണമെന്ന് ബിജെപി. പറയുന്നു.
പ്രതിപക്ഷനീക്കം ഏതറ്റംവരെ പോകുമെന്നു കാത്തിരിക്കുകയാണ് സിപിഎം. സർക്കാരിനെതിരേ സമരമൊന്നും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ചാടിപ്പുറപ്പെടേണ്ടെന്ന് പാർട്ടി കരുതുന്നു. സർക്കാരിന്റെ സംരക്ഷകരായിറങ്ങിയ മന്ത്രി പി. രാജീവും എ.കെ. ബാലനും ഉൾപ്പെടെയുള്ള നേതാക്കളാകട്ടെ ആരോപണങ്ങളിലെ അടിസ്ഥാന പ്രശ്‌നങ്ങളോട് മുഖംതിരിച്ചതോടെ പ്രതികരണം ദുർബലമായി.
അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി ഇന്നലെ നേരിട്ടു മറുപടി പറഞ്ഞിരുന്നല്ല. സർക്കാരിന് താത്പര്യം വികസനത്തിലാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി രംഗത്തുവന്നത്.
വികസന കാര്യത്തിലെ സർക്കാറിന്റെ താൽപ്പര്യം നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ആഗ്രഹിക്കുന്നു. സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. സർക്കാരിന്റെ രണ്ടാം വർഷത്തിന്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ആ പൂതിയൊന്നും ഏശില്ല. കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് ഭരണത്തിൽ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനം. പരമ്പരാഗത ഫയൽ നീക്ക രീതികൾ മാറി വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അതിൽ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്റെ പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ട്. ജനങ്ങളെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തന രീതിയായിരിക്കണം ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.




