തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടിയതില്‍ പ്രതികരണവുമായി മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലന്‍. റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടികളാണ് പ്രതിസന്ധിക്ക് കാരണമെന്നും ചക്കിക്കൊത്ത ചങ്കരനെ പോലെ കെഎസ്ഇബി പെരുമാറുന്നെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പും മന്ത്രിയും അറിയാതെയാണ് പല തീരുമാനങ്ങളും. വൈദ്യുതി കമ്പനികളുമായുള്ള ദീര്‍ഘകാലകരാര്‍ റദ്ദാക്കിയത് വീണ്ടുവിചാരം ഇല്ലാതെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ദീര്‍ഘകാല കരാര്‍ ക്രമവിരുദ്ധമായിരുന്നു. എന്നാല്‍ കരാര്‍ റദ്ദാക്കുമ്പോള്‍ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയില്ല. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി കാര്യങ്ങളെന്നും അദ്ദേഹം വിമര്‍ശിച്ചു. നേരത്തെ ഭരണാനുകൂല തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയും നിരക്കു വര്‍ധനക്കെതിരെ രംഗത്തുവന്നിരുന്നു.

അതേസമയം, കെഎസ്ഇബി കമ്പനിയാക്കിയ ശേഷം ദൈനംദിന ഇടപെടലുകളില്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. അധിക വൈദ്യുതി വാങ്ങുന്നതില്‍ അദാനിയുമായുള്ളത് രണ്ട് ഹ്രസ്വ കരാറുകളാണെന്നും മന്ത്രി വിശദീകരിച്ചു.

വെദ്യുതി നിരക്ക് വര്‍ദ്ധന ഇരുട്ടടി എന്നാരോപിച്ച് പ്രതിഷേധം ശക്തമാകുന്നതിനിടെ, വിശദീകരണവുമായി കെഎസ്ഇബി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2024 ഡിസംബര്‍ അഞ്ച് മുതല്‍ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കില്‍ നാമമാത്രമായ വര്‍ദ്ധനവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്ഇബി വിശദീകരണം.