കൊച്ചി: മിത്ത് വിവാദത്തിൽ വേട്ടയാടപ്പെട്ടുവെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ശാസ്ത്രത്തെ പ്രമോട്ട് ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പരാമർശം നടത്തിയതെന്നും എന്നാൽ അതിന്റെ പേരിൽ രൂക്ഷമായ ആക്രമണമാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. സഹോദരൻ അയ്യപ്പൻ പുരസ്‌കാരം നൽകി സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'കേരളത്തിൽ വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നു. ചില കാര്യങ്ങൾ വിളിച്ചു പറയുമ്പോൾ അക്രമിക്കപ്പെടുന്നു. ചില സത്യങ്ങൾ തുറന്നു പറയുമ്പോൾ വേട്ടയാടപ്പെടുന്നു, ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. ഇന്ത്യയിൽ ഇന്നുകാണുന്ന പ്രതിസന്ധികൾക്കെല്ലാം പരിഹാരം ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുക എന്നതാണ്. അത്തരത്തിൽ ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരാമർത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് ഞാൻ. രൂക്ഷമായ ആക്രമണമായിരുന്നു' - ഷംസീർ പറഞ്ഞു.