പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് നടപടി ക്രമങ്ങൾ പാലിക്കാതെയെന്ന് എപി ജയൻ. ഇതു സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിന്റെയും പരാതിയുടെയും പേരിൽ അന്വേഷണ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സംസ്ഥാന എക്സിക്യൂട്ടീവ് ജയനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു.

തനിക്ക് പറയാനുള്ളത് കേൾക്കാതെയാണ് തന്നെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്‌ത്തിയത്. സംസ്ഥാന എക്സിക്യൂട്ടീവ് ഈ തീരുമാനം എടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യമെല്ലാം പരാതിയിലൂടെ ചൂണ്ടിക്കാട്ടും. ഒരു ദിവസം പിന്നിട്ടിട്ടും തന്നെ ഒന്നും അറിയിച്ചിട്ടില്ല. ഫോൺ വിളിച്ച് പറഞ്ഞതു പോലുമില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ സംസ്ഥാന കൺട്രോൾ കമ്മിഷന് പരാതി നൽകിയിട്ടു കാര്യമില്ല. അതുകൊണ്ടാണ് ദേശീയ നേതൃത്വത്തെ സമീപിക്കുന്നത്. താൻ കൂടി ഉൾപ്പെട്ട സംസ്ഥാന കൗൺസിലിൽ ചർച്ച ചെയ്ത ശേഷമാണ് തീരുമാനം എടുക്കേണ്ടത്. സംസ്ഥാന കൗൺസിൽ യോഗം ചേർന്നിട്ടില്ല.

സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് തനിക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പശു ഫാം തുടങ്ങിയത് മരുമകനും കൂട്ടുകാരും ചേർന്നാണ്. അതിലെ നോമിനൽ പാർട്ണർ മാത്രമാണ് താൻ. കമ്മ്യൂണിസ്റ്റുകാരന് പശു ഫാം നടത്താൻ പാടില്ലേ? 62 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പശുഫാമിന്റെ കണക്കുകൾ പാർട്ടിയുടെ അന്വേഷണ കമ്മിഷന് സമർപ്പിച്ചിരുന്നു. അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എ.പി ജയനെതിരായ നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹം ഉൾപ്പെടുന്ന അടൂർ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചിട്ടുണ്ട്.

അതിനിടെ എപി ജയൻ ബിഡിജെഎസ് വഴി എൻഡിഎയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമാണ്. ജയനുമായി എസ്എൻഡിപി നേതാക്കൾ ചർച്ച നടത്തിയെന്നാണ് പ്രചരിക്കുന്നത്. ഇതു സംബന്ധിച്ച് ജയനോ ബിഡിജെഎസ് നേതൃത്വമോ ഇതു വരെ പ്രതികരിച്ചിട്ടില്ല.