കോഴിക്കോട്: കാലത്തിനൊത്ത് കേരളത്തിലെ മുസ്ലീങ്ങൾ മാറിയെന്നും ഇക്കാര്യത്തിൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ കാഴ്ചപ്പാട് തെറ്റെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടി. മുസ്ലിം സമുദായത്തെ പഴയപോലെ വോട്ടുബാങ്കാക്കി പറ്റിക്കാമെന്ന ചിന്ത എം.വി ഗോവിന്ദൻ മനസ്സിൽ വച്ചാൽ മതിയെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവിന്ദൻ വിചാരിക്കുന്നത് മുസ്!ലിംകൾ യാഥാസ്ഥിതികരാണ്, അന്ധവിശ്വാസികളാണ് എന്നൊക്കെയാണ്. അങ്ങനെയല്ല. മലപ്പുറത്തെ തട്ടമിട്ട ഉമ്മാക്കുട്ടികൾ എൻട്രൻസ് പരീക്ഷയിൽ റാങ്കു വാങ്ങുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അബ്ദുല്ലക്കുട്ടി ഗോവിന്ദനെ ഓർമിപ്പിച്ചു.

'ഗോവിന്ദൻ മാഷിന്റെ ഉള്ളിലൊരു കുസൃതിയുണ്ട്. പണ്ട് എം വിരാഘവൻ ബദൽ രേഖയുമായി വന്നപ്പോൾ ആ ബദൽ രേഖയുടെ താത്വിക പ്രചാരകനായിരുന്നു ഗോവിന്ദൻ മാഷ്. എന്താ ഗോവിന്ദൻ മാഷ് അന്ന് പറഞ്ഞത്? മുസ്‌ലിം ലീഗിനെ കൂട്ടിയില്ലെങ്കിൽ കയ്യൂരും കരിവള്ളൂരും പുന്നപ്ര വയലാറും പോലും സിപിഎം ജയിക്കില്ല എന്നാണ്. അന്ന് പിണറായിയും വിഎസും ഗോവിന്ദൻ മാഷെ മോറാഴ ബ്രാഞ്ചിൽ കൊണ്ടുപോയി താഴ്‌ത്തിയിരുത്തി. ഇപ്പോൾ ലീഗിനെ കൂട്ടണമെന്ന് പറഞ്ഞ് ആ പിണറായി വിജയനോട് ഇപ്പോൾ ഗോവിന്ദൻ മാഷ് മധുരമായി പകരം വീട്ടുകയാണ്.'

''കണക്ക് ശാസ്ത്രം പോലെയല്ല രാഷ്ട്രീയ ശാസ്ത്രം. ഇവിടെ നിങ്ങൾ മുസ്‌ലിം ലീഗിനെ കൂട്ടിയാലും രക്ഷപെടാൻ പോകുന്നില്ല. സിപിഎമ്മിന്റെ വ്യക്തനിയമവുമായി ബന്ധപ്പെട്ട നിലപാടിന്റെ കാര്യത്തിൽ വൈരുധ്യമുണ്ട്. ഞങ്ങളെ സംബന്ധിച്ച് കൃത്യമാണ് നിലപാട്. 1937ൽ ബ്രിട്ടിഷുകാർ എഴുതിവച്ചിട്ടുള്ള മുസ്‌ലിം വ്യക്തിനിയമം ഖുർ ആനെതിരാണ്. പ്രവാചകനെതിരാണ്. ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ള വ്യക്തിനിയമത്തിൽ ദത്ത് മുസ്‌ലിംകൾക്ക് അനുവദനീയമല്ല. എന്നാൽ, ഇന്ത്യ ഒഴികെ എല്ലാ മുസ്‌ലിം രാജ്യങ്ങളിലും ദത്തവകാശം മുസ്‌ലിംകൾക്കുണ്ട്. നമ്മൾ ഇവിടുത്തെ മുസ്‌ലിംകളെ പറ്റിക്കാനാണ് ശ്രമിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദത്തുപുത്രന്റെ പേര് മുഹമ്മദ് സയീദ് എന്നായിരുന്നു. മുഹമ്മദ് നബിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്‌നി ആയിഷാ ബീവി നിരവധി കുഞ്ഞുങ്ങളെ ദത്തെടുത്ത് വളർത്തിയിട്ടുണ്ട്. അനാഥരെ സംരക്ഷിക്കണമെന്ന ആശയത്തിന്റെ പ്രചാരകയായിരുന്നു പ്രവാചകന്റെ പ്രിയ പത്‌നി ആയിഷാ ബീവി.'

''മൊറോക്കോ എന്നു പറയുന്ന ഇസ്‌ലാമിക രാജ്യത്ത് ബഹുഭാര്യാത്വം നിരോധിച്ചിരിക്കുന്നു. ഈജിപ്തിൽ വല്യുപ്പാന്റെ സ്വത്തിന് പേരക്കുട്ടികൾ അവകാശികളാണ്. ലോകത്തെ പല രാജ്യങ്ങളിലെയും മുസ്‌ലിം ശരീയത്ത് നിയമങ്ങൾ പരിശോധിച്ചാൽ ഖുർ ആനെതിരാണ്, പ്രവാചകന് എതിരാണ് എന്ന് മനസ്സിലാക്കണം. കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ച് ഗോവിന്ദൻ മാഷിന്റെ കാഴ്ചപ്പാട് തെറ്റാണ്. ഗോവിന്ദൻ മാഷ് വിചാരിക്കുന്നത് മുസ്‌ലിംകൾ യാഥാസ്ഥിതികരാണ്. അന്ധവിശ്വാസികളാണ് എന്നൊക്കെയാണ്. അങ്ങനെയല്ല. മലപ്പുറത്തെ തട്ടമിട്ട ഉമ്മക്കുട്ടികൾ എൻട്രൻസ് പരീക്ഷയിൽ റാങ്കു വാങ്ങുന്ന കാലത്താണ് നാം ജീവിക്കുന്നത്.'

''ഞാൻ ചോദിക്കട്ടെ ഗോവിന്ദൻ മാഷെ, ബഹുഭാര്യത്വത്തിനു വേണ്ടി ഏതെങ്കിലും മുസ്‌ലിം നേതാക്കൾക്ക് ഇന്ന് വാദിക്കാൻ പറ്റുമോ? അങ്ങനെയാണെങ്കിൽ അവരെയൊന്നും ഭാര്യയും മക്കളും വീട്ടിൽ നിർത്തില്ല. അടിച്ചോടിക്കും. സമൂഹത്തിൽ വരുന്ന മാറ്റങ്ങൾ നമ്മൾ ശ്രദ്ധിക്കണം. ബ്രിട്ടിഷുകാരുണ്ടാക്കിയ മുസ്‌ലിം വ്യക്തിനിയമം പരിശുദ്ധ ഖുർ ആനെതിരാണെന്ന് കേരളത്തിലെ മുസ്‌ലിം സമുദായം തിരിച്ചറിയുന്നതായി ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മുസ്‌ലിം വ്യക്തിനിയമം ലോകത്തെ വിവിധ മുസ്‌ലിം രാജ്യങ്ങളിൽ നിലനിൽക്കുന്ന ശരീയത്ത് നിയമത്തിനും എതിരാണ്. നിങ്ങൾ നോക്കൂ, ഇറാനിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെയാണ് സ്വത്ത് വീതം വയ്ക്കുന്നത്. അപ്പോൾ ഏതാണ് ശരീയത്ത്?'

''കേരളത്തിലെ മുസ്‌ലിം വോട്ടുബാങ്ക് ഉന്നമിട്ടുള്ള നിലപാടാണ് സിപിഎമ്മും കോൺഗ്രസും സ്വീകരിക്കുന്നത്. ഇതുകൊണ്ടൊന്നും ഇവർക്ക് കേരളത്തിൽ ഒരു സ്വാധീനവും ചെലുത്താൻ പറ്റില്ല. മുസ്‌ലിംകൾ ഉൽപതിഷ്ണുക്കളാണ്. മുസ്‌ലിംകൾ വളരെ വിദ്യാസമ്പന്നരാണ്. അവർക്കിടയിൽ വലിയ മാറ്റങ്ങളുണ്ട്. അവരെ പഴയപോലെ വോട്ടുബാങ്കാക്കി പറ്റിക്കാമെന്ന പൂതി ഗോവിന്ദൻ മാഷങ്ങ് മനസ്സിൽ വച്ചാൽ മതി.' അബ്ദുല്ലക്കുട്ടി പറഞ്ഞു.