അടൂർ: നേതാക്കളും പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ പാർട്ടിക്കെതിരേ വാർത്ത ചോർത്തി നൽകുന്നവരുടെ കാൾലിസ്റ്റ് എടുത്ത് ആളെ കണ്ടെത്തുമെന്നും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി. അടൂർ നഗരസഭയിലെ സിപിഎം കൗൺസിലർമാരുടെ യോഗത്തിലാണ് ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവുമായ അഡ്വ. എസ്. മനോജ് ഭീഷണി മുഴക്കിയത്. ഏതാനും കടലാസ് ഉയർത്തിക്കാട്ടി ഇത് കടമ്പനാട് പഞ്ചായത്തിലെ ഏഴ് സിപിഎം അംഗങ്ങളുടെ കാൾ ലിസ്റ്റ് ആണെന്ന് പറഞ്ഞതിന് ശേഷമായിരുന്നു ഭീഷണി. ഇത് രണ്ടാം തവണയാണ് കാൾ ലിസ്റ്റ് ചോർത്തിയെന്ന് മനോജ് അവകാശപ്പെടുന്നത്. ഭീഷണി ഫലിച്ചില്ലെന്ന് മാത്രമല്ല, പിറ്റേന്ന് തന്നെ ഈ വിവരം മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു.

അടൂർ നഗരഭസഭാ ചെയർമാൻ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഏരിയാ സെക്രട്ടറിയുടെ ഭീഷണി. ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമായിരുന്നുവത്രേ ഇത്. രണ്ട് വിജിലൻസ് കേസിലും മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുള്ള കൗൺസിലർ ഷാജഹാനെ നഗരസഭാ ചെയർമാൻ ആക്കുക എന്ന ലക്ഷ്യമാണ് ജില്ലാ സെക്രട്ടറിക്കും ഏരിയാ സെക്രട്ടറിക്കുമുള്ളത്. ഇതിനെതിരേ കൗൺസിലർമാരും പാർട്ടിയിലെ മറ്റ് നേതാക്കളും രംഗത്തു വന്നു കഴിഞ്ഞു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കം പുറത്തു പോകുന്നതും ക്രിമിനൽ പശ്ചാത്തലമുള്ള ഷാജഹാന് വേണ്ടി ജില്ലാ സെക്രട്ടറി നില കൊണ്ടുവെന്ന വാർത്ത പുറത്തു വരുന്നതും തടയാൻ വേണ്ടിയാൾ കാൾ ലിസ്റ്റ് എടുക്കുമെന്ന ഭീഷണി. ഇതിന് പുല്ലുവില കൽപിച്ച് യോഗത്തിൽ പങ്കെടുത്തവർ വാർത്ത ചോർത്തുകയും ചെയ്തു.

വാർത്ത ചോർത്തിയ കടമ്പനാട് പഞ്ചായത്തിലെ ഏഴ് അംഗങ്ങളുടെ കാൾ ലിസ്റ്റ് പൊലീസ് മുഖേനെ എടുത്തുവെന്നായിരുന്നു മനോജിന്റെ അവകാശവാദം. കടമ്പനാട് പഞ്ചായത്തിൽ എൽ.ഡി.എഫിന് 12 അംഗങ്ങളാണ് ഉള്ളത്. അതിൽ ഏഴു പേരും ഏരിയാ നേതൃത്വത്തിന് അനഭിമതരാണെന്ന സൂചനയാണ് നേതാവിന്റെ വാക്കുകളിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. നേരത്തേ മനോജിന്റെ അഴിമതിയും അവിഹിത ഇടപാടുകളും വാർത്തയാക്കിയതിന്റെ പേരിൽ മാധ്യമ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ, തെളിവില്ലാതെ വന്നതോടെ കേസ് അവസാനിപ്പിക്കേണ്ടി വന്നു.

അന്നും ഇതേ രീതിയിൽ കാൾ ലിസ്റ്റ് ചോർത്തിയെന്ന അവകാശവാദം ജില്ലാ-ഏരിയാ നേതാക്കൾ ഉയർത്തിയിരുന്നു. നേതാക്കളുടെ ഭീഷണിക്കെതിരേ ചിലർ ഡി.ജി.പിക്ക് പരാതി നൽകിയതായും അറിയുന്നു. തങ്ങളുടെ കാൾ ലിസ്റ്റ് അനാവശ്യമായി എടുത്തിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണെന്നും അങ്ങനെ എടുക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥനെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കോതമംഗലത്ത് കഴിഞ്ഞ ദിവസം കാൾ ലിസ്റ്റ് ചോർത്തിയ എക്സൈസ് ഉദ്യോഗസ്ഥനും കഴിഞ്ഞ വർഷം കോഴിക്കോട് ഇതേ രീതിയിൽ പ്രവർത്തിച്ച ഡിവൈ.എസ്‌പിയും സസ്പെൻഷനിലായ കാര്യവും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

സിപിഎമ്മും സിപിഐയുമായി ഭരണം പങ്കു വച്ച അടൂർ നഗരസഭയിൽ അടുത്ത ചെയർമാനാകാൻ സിപിഎമ്മിൽ തമ്മിലടി തുടങ്ങിക്കഴിഞ്ഞു. വ്യാജരേഖ ചമയ്ക്കൽ, പട്ടികജാതി ഭൂമി തട്ടിപ്പ് എന്നിങ്ങനെ രണ്ട് വിജിലൻസ് കേസുകളിലും മറ്റ് അനവധി ക്രിമിനൽ കേസുകളിലും ആരോപണ വിധേയനായ കൗൺസിലറെ ചെയർമാനാക്കാനാണ് സിപിഎം ജില്ലാ-ഏരിയാ നേതൃത്വങ്ങളുടെ ശ്രമം. ഇതിനെതിരേ സിപിഎം കൗൺസിലർമാരുടെ ഇടയിൽ എതിർപ്പ് വ്യാപിക്കുന്നു. എതിർക്കുന്നവരെ നിശബ്ദരാക്കാൻ ഭീഷണിയുമായി ജില്ലാ-ഏരിയാ സെക്രട്ടറിമാർ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. തട്ടിപ്പു കേസിൽ അടക്കം പ്രതിയായ കൗൺസിലറെ നഗരസഭയുടെ തലപ്പത്ത് എത്തിക്കാൻ നീക്കം നടക്കുന്നതിനെതിരേ മുഖ്യമന്ത്രി അടക്കമുള്ളവർക്ക ഒരു വിഭാഗം പരാതി അയച്ചു. അടുത്തിടെ നഗരസഭാ ജീവനക്കാരിയെ തല്ലിയെന്ന കേസിൽ ആരോപണ വിധേയനായ കൗൺസിലർ ചെയർമാൻ ആകുന്നത് ഭയന്ന് പതിനഞ്ചോളം ജീവനക്കാർ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയെന്നും സൂചന.

നഗരസഭയിൽ രണ്ടര വർഷം വീതം ചെയർമാൻ സ്ഥാനം പങ്കിടമെന്നായിരുന്നു സിപിഐയും സിപിഎമ്മും തമ്മിലുള്ള ധാരണ. സ്വാഭാവികമായും സിപിഎമ്മാണ് ആദ്യ രണ്ടര വർഷം ചെയർമാൻ സ്ഥാനം ഏറ്റെടുക്കേണ്ടിയിരുന്നത്. ആരെ ചെയർമാനാക്കും എന്നതിനെ ചൊല്ലി തർക്കം വന്നതിനാൽ ആദ്യ ടേം സിപിഐക്ക് നൽകുകയായിരുന്നു. സിപിഐ ജില്ലാ അസി. സെക്രട്ടറി ഡി. സജിയാണ് നിലവിലെ ചെയർമാൻ. അദ്ദേഹത്തിന് അനുവദിച്ച രണ്ടര വർഷം കാലാവധി ഉടൻ പൂർത്തിയാകും. ഇതോടെയാണ് ചെയർമാൻ ആകാൻ സിപിഎം പാളയത്തിൽ പട തുടങ്ങിയത്. നിരവധി കേസുകളിൽ പ്രതിയായ കൗൺസിലർ ഷാജഹാനെ ചെയർമാനാക്കാനാണ് സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിന് താൽപര്യം. ജില്ലാ സെക്രട്ടറിയുടെ മാനസപുത്രനായിട്ടാണ് ഷാജഹാൻ അറിയപ്പെടുന്നത്.

എന്തു കുറവുകളും അഴിമതി ആരോപണവും കേസും വന്നാലും ഷാജഹാനെ തന്നെ ചെയർമാനാക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സെക്രട്ടറി എന്നാണ് പറയുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉണ്ട്. സിപിഎമ്മിലെ മഹേഷ്‌കുമാറിനെയോ ദിവ്യ റെജി മുഹമ്മദിനെയോ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ താൽപര്യം. ദിവ്യ നിലവിൽ വൈസ് ചെയർപേഴ്സൺ ആയതിനാൽ മഹേഷിന് വേണ്ടിയാണ് കരുനീക്കം നടക്കുന്നത്. രണ്ട് വിജിലൻസ് അടക്കം നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഷാജഹാൻ ചെയർമാനായാൽ അതോടെ അടൂരിൽ പാർട്ടി തകരുമെന്ന് എതിർപക്ഷം ചൂണ്ടിക്കാണിക്കുന്നു.

2010ൽ ഷാജഹാൻ കൗൺസിലറായിരുന്ന കാലത്തെ പ്രശ്നങ്ങൾ നിസാരമായി കാണാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിക്ക് ഒരു വിഭാഗം അയച്ച കത്തിൽ പറയുന്നു. മരിച്ചുപോയ സ്ത്രീയുടെ പേരിൽ കള്ളപ്രമാണത്തിൽ എഗ്രിമെന്റ് വച്ച് സ്വന്തം പേരിൽ വാടക കരാർ ചമച്ചു നഗരസഭ ലൈസൻസ് എടുത്ത സംഭവം അന്ന് വലിയ വിവാദമായിരുന്നു. വിവിധ കോളനികളിലെ പട്ടികജാതിക്കാർക്കു കരഭൂമിക്കു പകരം പുതിയ വയൽ വാങ്ങി നൽകി പറ്റിച്ചു പണം തട്ടിയ സംഭവത്തിലാണു രണ്ടാമത്തെ വിജിലൻസ് കേസ്.

പട്ടികജാതിക്കാരായ 16 പേർ ഇപ്പോഴും ഓഫിസുകൾ കയറിയിറങ്ങുകയാണ്. ഷാജഹാന്റെ വീട്ടിൽ നിന്നു നഗരസഭാ സെക്രട്ടറി, തഹസീൽദാർ, വില്ലേജ് ഓഫിസർ, സപ്ലൈ ഓഫിസർ തുടങ്ങിയവരുടെ സീലുകൾ റെയ്ഡിൽ കണ്ടെടുത്തിരുന്നെങ്കിലും വ്യാജ രേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട കേസ് സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീർത്തുവെന്നാണ് ആരോപണം. ഗുണഭോക്താക്കളുടെ വ്യാജ പട്ടിക നൽകി തട്ടിപ്പ് നടത്താൻ ശ്രമിച്ചതു തടഞ്ഞ നഗരസഭാ ജീവനക്കാരിയെ മർദിച്ച സംഭവം ഉണ്ടായത് മാസങ്ങൾക്ക് മുൻപാണ്. അപകടം മണത്തറിഞ്ഞ പാർട്ടി ജില്ലാ സെക്രട്ടറി പൊലീസിൽ ഇടപെട്ട് കേസെടുപ്പിക്കാതിരിക്കുകയും ഷാജഹാനെക്കൊണ്ട് മാപ്പു പറയിപ്പിച്ചുമാണു പ്രശ്നം അവസാനിപ്പിച്ചത്.

ഷാജഹാൻ ഉപയോഗിച്ചു കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന പരാതിയുമായി ഇതേ നമ്പരിലുള്ള യഥാർഥ വാഹനത്തിന്റെ ഉടമ അടൂർ പൊലീസിനെ സമീപിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ പരാതി സത്യമാണെന്ന് കണ്ടെത്തി. പക്ഷേ, ഷാജഹാനെതിരേ നടപടി ഉണ്ടായില്ല. അയാൾക്ക് അബദ്ധം പറ്റിപ്പോയതാണെന്ന് പറഞ്ഞ് പൊലീസ് പരാതിക്കാരനെ തിരിച്ച് അയയ്ക്കുകയായിരുന്നു. ഇയാൾ വീണ്ടും വ്യാജനമ്പർ വച്ച സ്‌കൂട്ടറിൽ സഞ്ചരിക്കുകയാണെന്ന് പറയുന്നു. സ്‌കൂട്ടർ മോഷണ മുതലാണോ എന്നു പോലും കണ്ടെത്താൻ പൊലീസ് ശ്രമിച്ചിട്ടില്ല. ജില്ലാ സെക്രട്ടറി ഇടപെട്ടാണ് ഈ കേസും തേച്ചു മാച്ചതെന്ന് പറയുന്നു.

ജില്ലയിലെ ഉന്നത നേതാവിന്റെ താൽപര്യപ്രകാരമാണു ഇത്രയും ദുഷ്പേരുള്ള ഒരാളെ നഗരസഭാ ചെയർമാനാക്കാൻ നീക്കം നടക്കുന്നത്. പ്രാദേശിക ഘടകത്തിന്റെയും പൊതുസമൂഹത്തിന്റെയും എതിർപ്പുകൾ അവഗണിച്ചുള്ള ഏതു തീരുമാനവും പാർട്ടിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ അടൂരിലും ജില്ലയിലുമുണ്ടാക്കുമെന്നു മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.