മട്ടന്നൂർ: ഡിവൈ എഫ് നേതാവ് എം.ഷാജറുമായി താൻ സംസാരിച്ചിട്ടില്ലെന്ന് എടയന്നൂർ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വ്യക്തമാക്കി. തന്റെ ഫേസ്‌ബുക്ക് പേജിലുടെയാണ് ആകാശ് തില്ലങ്കേരി ഈ കാര്യം വ്യക്തമാക്കി പോസ്റ്റിട്ടത്. ഷാജറുമായി താൻ സംസാരിക്കുന്ന ഓഡിയോ യുണ്ടെങ്കിൽ ആരോപണം ഉന്നയിച്ച മാധ്യമങ്ങൾ പുറത്തുവിടണം ഷാജറുമായി തനിക്ക് വ്യക്തി ബന്ധമില്ല.

ഷാജർ ക്വട്ടേഷന്റെ പങ്കുപറ്റിയെന്ന വാർത്തകൾ തെറ്റാണെന്നും ആകാശ് തില്ലങ്കേരി പറത്തു. സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കണ്ണൂർ സിപിഎം ഡിവൈഎഫ്ഐ നേതാവിനെതിരെ അന്വേഷണമാരംഭിച്ചതായാണ് ഒരു പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്തത്. ഡി.വൈ എഫ് ഐ സംസ്ഥാന ജോയന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായ എം.ഷാജറിനെതിരെയാണ് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എം.സുരേന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതെന്നാണ് ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് '.

നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം.ഷാജർ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ഇവരിൽ നിന്നും സ്വർണക്കടത്തിന്റെ വിഹിതമായി സ്വർണം കൈപ്പറ്റുകയും ചെയ്തുവെന്നാണ് മനു തോമസ് പാർട്ടിക്കുള്ളിൽ ഉന്നയിച്ച പരാതി. എന്നാൽ ഈ കാര്യം പരിഗണിക്കാത്തതിനെ തുടർന്ന് മനു തോമസ് പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും കഴിഞ്ഞ സമ്മേളനത്തിൻ ഒഴിവാകുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ മാർച്ചിൽ സിപിഎം തെറ്റുതിരുത്തൽ രേഖ നടപ്പിലാക്കാൻ വിളിച്ചു ചേർത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ മനു തോമസ് ഈ കാര്യം ആരോപണമായി ഉന്നയിക്കുകയും ഇതു പരിഗണിച്ചു ജില്ലാ സെക്രട്ടറിയേറ്റംഗം എം.സുരേന്ദ്രനെ അന്വേഷിക്കാൻ പാർട്ടി നേതൃത്വം നിയോഗിക്കുകയുമായിരുന്നു. പാർട്ടിയിൽ ഷാജറിനെതിരെ ക്വട്ടേഷൻ ബന്ധം ഉന്നയിച്ച മനു തോമസിനെതിരെ ആകാശ് തില്ലങ്കേരി രംഗത്തു വരികയും മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിനൽകുന്ന ഒറ്റുകാരനെന്ന് മനുവിനെ വിശേഷിപിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് അന്നത്തെ ജില്ലാ സെക്രട്ടറി ഡിവൈഎഫ്ഐ യെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചു കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഇതു കൂടാതെ കഴിഞ്ഞ ദിവസം തില്ലങ്കേരിയിൽ ചേർന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലും ആകാശ് തില്ലങ്കേരി ക്കെതിരെ ഷാജർ അതിരൂക്ഷമായ വിമർശനം അഴിച്ചു വിട്ടിരുന്നു.

എന്നാൽ ഈ വിഷയത്തിൽ പ്രതികരണമാരാഞ്ഞപ്പോൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ പുറത്ത് പറയേണ്ടതില്ലെന്നും താൻ പാർട്ടി ജില്ലാ കമ്മിറ്റിയംഗമാണെന്നും ഈ വിഷയത്തിൽ പാർട്ടി നേതൃത്വം പ്രതികരിക്കുമെന്നും മനു തോമസ് പറഞ്ഞു. എന്നാൽ പാർട്ടിക്കുള്ളിൽ എം.സുരേന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന.