- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിതാവിനെ സാക്ഷിയാക്കി മകനെ ക്വട്ടേഷൻ സംഘ നേതാവെന്ന് പരസ്യമായി മുദ്ര കുത്തി സിപിഎം നേതാക്കൾ; ആകാശ് തില്ലങ്കേരിയെ ലോക്കൽ സെക്രട്ടറി പരസ്യമായി വെല്ലുവിളിച്ചപ്പോൾ പഴയ ശിഷ്യനല്ല പാർട്ടിയുടെ മുഖമെന്ന് തള്ളിപ്പറഞ്ഞ് പി ജയരാജൻ; പുത്രനെക്കാൾ വലുത് പാർട്ടി; മകനെതിരെ നേതാക്കളുടെ പ്രസംഗം കേട്ട് നിസ്സഹായനായി ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവി
കണ്ണൂർ: ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തിൽ പങ്കെടുത്ത് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവി കുടുംബത്തിന് മീതെ പാർട്ടികൂറ് പ്രഖ്യാപിച്ചു. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാൻ കോടതിയിലെത്തിയത്. പാർട്ടി വഞ്ഞേരി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രവി. പൊതുയോഗത്തിൽ വെച്ച് ആകാശിനെ വെല്ലുവിളിച്ച് കൊണ്ടാണ് ലോക്കൽ സെക്രട്ടറി ഷാജി തില്ലങ്കേരി സംസാരിച്ചത്.
തില്ലങ്കേരിക്ക് പുറത്ത് പാർട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലും ഉണ്ടെങ്കിൽ ആകാശ് പറയണമെന്ന് ഷാജി പറഞ്ഞു. അങ്ങനെയുണ്ടെങ്കിൽ ആകാശിനോട് അല്ല നാട്ടുകാരോട് പാർട്ടി മാപ്പ് ചോദിക്കും. ഷാജറിനെ കൊണ്ട് ട്രോഫി കൊടുപ്പിച്ചത് ആകാശിന്റെ ബുദ്ധിയാണ്. ക്വട്ടേഷന്റെ ഭാഗമാണ് ഷാജറും എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനമാണ് ആകാശ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്ന് അനാവശ്യമായി കുഴപ്പങ്ങളുണ്ടാക്കുകയാണ് ആകാശ് തില്ലങ്കേരി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ പോലും പാർട്ടിക്ക് വേണ്ടി ആകാശ് പ്രവർത്തിച്ചിട്ടില്ല. പല സന്ദർഭങ്ങളിലും പാർട്ടി ആകാശിനെ ഉപദേശിച്ചതാണെന്നും ഷാജി പറഞ്ഞു.
ഇതിനിടെ, സൈബർ പോരാളി ആകാശ് തില്ലങ്കേരിയെ പേരെടുത്തു വിമർശിച്ചുകൊണ്ടു ആകാശിന്റെ ജനാട്ടിൽ തന്നെ സ്വന്തം പിതാവിനെ സാക്ഷിയാക്കി കൊണ്ടു സി.പി. എം നേതാക്കളായ എം.വി ജയരാജനും പി.ജയരാജനും ആഞ്ഞടിച്ചത് സി.പി. എമ്മിൽ അസാധാരണ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പാർട്ടി അംഗമായ പിതാവിനെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗത്തിലാണ് ക്വട്ടേഷൻ നേതാവെന്നു പരസ്യമായി മുദ്രകുത്തി പാർട്ടി നേതാക്കൾ ആകാശിനെ തള്ളിപ്പറഞ്ഞത്.
ശിഷ്യനെ പരസ്യമായി തള്ളിപ്പറഞ്ഞ് പി ജയരാജൻ
ആകാശവും പൂക്കളുമല്ല തില്ലങ്കേരിയെന്നുപറഞ്ഞ് സിപി. എം സൈബർ പോരാളി ആകാശ് തില്ലങ്കേരിയെ തള്ളി സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ. തില്ലങ്കേരിയിൽ സി.പി. എം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലവഴിക്ക് സഞ്ചരിക്കുന്നവർ രാജിയില്ല. നിങ്ങൾക്കു നിങ്ങളുടെ വഴി പാർട്ടിക്ക് പാർട്ടിയുടെ വഴി. ക്വട്ടേഷനെ അനുകൂലിക്കുന്നവരാരും ഈ പാർട്ടിയില്ലെന്നും പി. ജയരാജൻ പറഞ്ഞു.
തില്ലങ്കേരിയിൽ 37ബ്രാഞ്ചു സെക്രട്ടറിമാരുണ്ട്. 520 ബ്രാഞ്ച് അംഗങ്ങളുമുണ്ട്. അവർ ദൈനദിനപ്രവർത്തനത്തിന്റെ ഭാഗമായി വീടുകൾ കയറി പ്രവർത്തനം നടത്തുന്നവരാണ്. അവരാണ് ഈ പാർട്ടിയുടെ മുഖമെന്നും ആകാശ് തില്ലങ്കേരിയല്ലെന്നും പി. ജയരാജൻ പറഞ്ഞു. യാതൊരുവിധ ക്വട്ടേഷൻ പ്രവർത്തനങ്ങളെയും ഈ പാർട്ടി അംഗീകരിക്കുന്നില്ല. പാർട്ടി സംരക്ഷിക്കുന്നില്ലെന്നു പറഞ്ഞു പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല. തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശല്ല.
എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകം പാർട്ടി ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഞാൻ ജില്ലാസെക്രട്ടറിയായിരുന്ന കാലത്താണ് അതുമായി ബന്ധമുള്ള ആകാശ് ഉൾപ്പെടെയുള്ളവരെ പാർട്ടി പുറത്താക്കിയത്. പിന്നീട് പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത ചില കേസുകളിലും അദ്ദേഹം പ്രതിയായി. ചില കള്ളക്കേസുകളുണ്ടാവാം. എടയന്നൂരിലെ സംഭവം പാർട്ടി തള്ളിപ്പറയുകയും ആ കേസിൽ ഉൾപ്പെട്ടവരെ പുറത്താക്കിയതുമാണ്.
എന്നാൽ ഇപ്പോൾ കോൺഗ്രസ് ആ സംഭവത്തിൽ ജോറായിരിക്കുകയാണ്. എടയന്നൂരിൽ മാത്രമല്ല ആയിത്തറ മമ്പറത്തു ദേശീയ ഓട്ടക്കാരൻ സത്യനെയും ചെറുവാഞ്ചേരിയിൽ ചോയോടൻ രാജീവനെയും ആർ. എസ്. എസുകാർ കൊന്നിട്ടുണ്ട്. അതിനെ കുറിച്ചൊന്നും കോൺഗ്രസുകാർ പറയാത്തത് അപ്പുറം ആർ. എസ്. എസായതുകൊണ്ടാണ്. തന്റെ കുട്ടികളെ വിട്ടു ആർ. എസ്. എസ് ശാഖ സംരക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞയാളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്. സത്യനെ കൊന്ന ആർ. എസ്. എസിന്റെ ശാഖയാണ് അദ്ദേഹം സംരക്ഷിച്ചത്. തന്നെ സംരക്ഷിക്കാത്തതിനാലാണ് പലവഴിക്കു സഞ്ചരിച്ചതെന്നാണ് ആകാശ് പറയുന്നത്. പാർട്ടിക്ക് ഏറ്റവും വലുത് ജീവത്യാഗം ചെയ്ത രക്തസാക്ഷികളും കുടുംബങ്ങളുമാണ്.
പാനൂരിൽ ചില ആർ. എസ്. എസുകാർ പാർട്ടിയിൽ ചേരാൻ തയ്യാറായപ്പോൾ രക്തസാക്ഷി കുടുംബങ്ങളോടാണ് പാർട്ടി അവരെ ഉൾക്കൊള്ളണോയെന്നു ആദ്യം ആലോചിച്ചത്. അന്നു പാർട്ടിയുടെ വളർച്ചയ്ക്കായി അതിനു തയ്യാറായവരാണ് രക്തസാക്ഷി കുടുംബങ്ങൾ. കേരളത്തിൽ തുടർഭരണം കിട്ടിയപ്പോൾ ചില മാധ്യമങ്ങൾക്ക് വെപ്രാളമാണ്. അതുകൊണ്ടാണ് തില്ലങ്കേരിയിലെന്തോ കുഴപ്പമുണ്ടെന്നു വരുത്തിതീർക്കാൻ ശ്രമിക്കുന്നത്. ഈ പാർട്ടിയെ തകർക്കാൻ ഗവേഷണം നടത്തുകയാണവർ.
തില്ലങ്കേരി സംഭവത്തെ കുറിച്ചു പറയാൻ എന്നെ ചില മാധ്യമപ്രവർത്തകർ വിളിച്ചു. അവർക്ക് തില്ലങ്കേരിയെ കുറിച്ചു ഒരു ബൈറ്റ് വേണമെന്നു പറഞ്ഞു. ഞാൻ പറഞ്ഞത് നിങ്ങൾ പാർട്ടി പി.ബി അംഗം സംസ്ഥാന സെക്രട്ടറിയുമായി എം.വി ഗോവിന്ദൻ മാഷെ വിളിക്കൂയെന്നാണ്. അദ്ദേഹമാണ് ഈക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത്. ചിലയാളുകൾക്ക് അറിയേണ്ടത് താനും കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നാണ്. കേന്ദ്രകമ്മിറ്റിയംഗമായ ഇ.പിയും സംസ്ഥാന കമ്മിറ്റിയംഗമായ ഞാനും തമ്മിൽ എന്തു പ്രശ്നമാണുള്ളതെന്നു ഞാൻ തിരിച്ചു ചോദിച്ചു. കഴിഞ്ഞ ദിവസം വരെ ഇ.പിയുമായി സംസാരിച്ചാണ്. ഇങ്ങനെ പാർട്ടിയിലെന്തെങ്കിലും കുഴപ്പമുണ്ടെന്നു വരുത്തി തീർത്ത് പാർട്ടി പ്രവർത്തകരിലും കുടുംബങ്ങളിലും തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ദുഷ്ലാക്കോടൊയാണ് വലതുപക്ഷ മാധ്യമങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും പി.ജയരാജൻ പറഞ്ഞു.ഈ പാർട്ടി ഒരിക്കലും ക്വട്ടേഷൻ സംഘങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതില്ല. കർഷകരുടെയും കർഷക തൊഴിലാളികളുടെയും ന്യൂനപക്ഷങ്ങളുടെയും തൊഴിലാളികളുടെയും താൽപര്യംസംരക്ഷിക്കുന്നവരാണ് സി.പി. എമ്മെന്ന് പി.ജയരാജൻ പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ കക്കൂസിൽ ഇരുന്ന് മാത്രം കാണാവുന്നതാണെന്നു സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയായ എം.വി ജയരാജനും പറഞ്ഞു. സി. പി. എം തില്ലങ്കേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആകാശ് തില്ലങ്കേരി പേരിനൊപ്പമുള്ള തില്ലങ്കേരി അങ്ങ് മാറ്റണം. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെി നാട് ഒരുമിച്ചു നിൽക്കണം,ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സി.പി. എം. ക്വട്ടേഷന് രാഷ്ട്രീയമില്ല. അതൊരു സാമൂഹ്യതിന്മായണ്. പെട്ടെന്നുണ്ടാക്കുന്ന പണം കൊണ്ടു ക്വട്ടേഷൻ പ്രവർത്തനം നടത്തുന്നവർ അസാധാരണ ജീവിതമാണ് നയിക്കുന്നത്. സമ്പത്തിലൂടെ എന്തും നേടാവന്നു ഹുങ്കാണ് ഇതിന് പിന്നിൽ. പാർട്ടിയുടെ നവമാധ്യമപ്രചരണം ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചിട്ടില്ലെന്നും എം.വി ജയരാജൻ പറഞ്ഞു. ഇവരെയൊക്കെ വളർത്തുന്നത് ചിലമാധ്യമങ്ങളാണ്.കാണ്ടാമൃഗത്തെക്കാൾ ചർമബലമുള്ളവരാണ് കേരളത്തിലെ മാധ്യമങ്ങളെന്നും എം.വി ജയരാജൻ പറഞ്ഞു.
മാധ്യമങ്ങൾ പാർട്ടിയെ വിമർശിക്കുന്നതിൽ തെറ്റില്ല. തെറ്റുണ്ടെങ്കിലും മാധ്യമങ്ങൾ പാർട്ടിയെ വിമർശിക്കണം. പക്ഷേ അവർ പറയുന്ന കാര്യങ്ങൾ ശരിയായിരിക്കണമെന്നും വ്യാജവാർത്തകളുണ്ടാക്കരുതെന്നും എം.വി ജയരാജൻ പറഞ്ഞു. പാർട്ടി ഒരു ക്വട്ടേഷൻ സംഘത്തെയും അനുകൂലിക്കുന്നതില്ല. ഇവരെയൊക്കെ നേരത്തെ തള്ളിപ്പറഞ്ഞതാണെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടി. സി.പി. എം നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ആകാശ് തില്ലങ്കേരിയും കൂട്ടാളികളും രംഗത്തു വന്നതോടെയാണ് സി.പി. എം രാഷ്ട്രീയവിശദീകരണ യോഗം വിളിച്ചു ചേർത്തത്. ഡി.വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം എം.ഷാജറും പ്രസംഗത്തിനിടെ ആകാശ് തില്ലങ്കേരിയെ പേരെടുത്തു പറഞ്ഞുകൊണ്ടു അതിരൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്.