കണ്ണൂർ: കണ്ണൂരിൽ ഉന്നത സി പി എം നേതാവിനെതിരെ ഒരുവിഭാഗം അണികൾ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന ആരോപണങ്ങളെ കുറിച്ച് ജില്ലാ നേതൃത്വം രഹസ്യാന്വേഷണമാരംഭിച്ചു. പാർട്ടി വർഗബഹുജനസംഘടനയുടെ സംസ്ഥാന നേതാവിനെതിരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണം നടക്കുന്നത്. സി.പി. എം സൈബർ ഗ്രൂപ്പുകളിലാണ് പ്രവർത്തകർ നേതാവിനെ എതിർത്തും അനുകൂലിച്ചും രംഗത്തുവന്നത്.

പാർട്ടിയുടെ ഇരുമ്പ് മറയിൽ നിന്നും ഇക്കാര്യം പുറത്തുവന്നതോടെയാണ് ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചത്. ഇ.പി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച ആരോപണ വിവാദങ്ങൾക്കു ശേഷമാണ് പാർട്ടി ശക്തി കേന്ദ്രത്തിൽ മറ്റൊരു നേതാവിനെതിരെ കൂടി ആരോപണങ്ങൾ ഉയരുന്നത്. പാർട്ടി അറിയാതെ സഹോദരന്റെ പേരിൽ കടലാസ് ട്രസ്റ്റുണ്ടാക്കി അനധികൃതമായി പണപ്പിരിവ് നടത്തി ലക്ഷങ്ങൾ വെട്ടിച്ചുവെന്നാണ് ആരോപണത്തിന്റെ കാതൽ.

നേതാവിനെതിരെ പതിനൊന്ന് ലോക്കൽ കമ്മിറ്റികളിൽ ഇക്കാര്യത്തിൽ വീഴ്ചവരുത്തിയെന്നു റിപ്പോർട്ടു ചെയ്തിരുന്നതായും ഒരുവിഭാഗം പാർട്ടി പ്രവർത്തകർ പറയുന്നു. പാർട്ടി നിയോഗിച്ച അന്വേഷണകമ്മിഷൻ നേതാവിന് വീഴ്ച പറ്റിയിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. കഴിഞ്ഞ ഏരിയാസമ്മേളനത്തിൽ പാർട്ടി ശക്തികേന്ദ്രത്തിൽ നിന്നുതന്നെ ഇക്കാര്യത്തിൽ വിമർശനമുയർന്നതിനെ തുടർന്നാണ് നേതാവിനെതിരെ അന്വേഷണകമ്മിഷനെ നിയോഗിച്ചത്.

ഇതിനുശേഷം ഏതാനും ദിവസങ്ങൾക്കു മുൻപാണ് നേതാവിന് പിശകുവന്നിട്ടുണ്ടെന്ന കണ്ടെത്തൽ അന്വേഷണ കമ്മിഷൻ ജില്ലാ നേതൃത്വത്തിന് നൽകിയത്. ഇതോടെയാണ് പിണറായി പക്ഷത്തെ കരുത്തനായ നേതാവിനെതിരെ പാർട്ടിക്കുള്ളിൽ റിപ്പോർട്ടിങ് നടക്കുന്നത്. രണ്ടുജില്ലാകമ്മിറ്റിയംഗങ്ങളാണ് അന്വേഷണകമ്മിഷനായി പ്രവർത്തിച്ചത്. മരണമടഞ്ഞ സ്വന്തംസഹോദരന്റെ പേരിൽ പാർട്ടി അറിവോ സമ്മതമോയില്ലാതെ ട്രസ്റ്റുണ്ടാക്കി പണം വെട്ടിച്ചുവെന്നായിരന്നു ആരോപണം.

അടുത്ത ബന്ധുവിനെ കൺവീനറാക്കി രൂപീകരിച്ച ട്രസ്റ്റിലേക്ക് വെറുംഒൻപതു പേരിൽ നിന്നായി എട്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് സംഭാവനയായി പിരിച്ചെടുത്തത്. വിരലിലെണ്ണാവുന്നവരിൽ നിന്നും ഇത്രയും തുക വാങ്ങിയത് പാർട്ടിയുടെ അച്ചടക്കത്തിന് വിരുദ്ധമായ പ്രവർത്തനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ അഞ്ചു ലക്ഷം രൂപ വാങ്ങിയിട്ടുള്ളത് ഒരുകാർ കമ്പനിയിൽ നിന്നാണ്. നേരത്തെ ഒരു സഹകരണ സംഘത്തിന്റെ ഭാരവാഹിത്വമുണ്ടായിരുന്നത് മുതലെടുത്തുകൊണ്ടാണ് പണപിരിവ് നടത്തിയതെന്നാണ് ആരോപണം.

ഇത്തരം ഫണ്ടുകൊണ്ട് ട്രസ്റ്റിനായി ഭൂമിയും വാങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇതോടെ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ മുഴുവൻ ലോക്കൽ കമ്മിറ്റികളിലും റിപ്പോർട്ട് ചെയ്യാൻ കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിക്കുക ആയിരുന്നുവെന്നാണ് നേതാവിനെ എതിർക്കുന്നവർ പറയുന്നത്.

ഇയാളുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന ആവശ്യവും റിപ്പോർട്ടിങ് നടന്ന കമ്മിറ്റികളിൽ നിന്നും ഉയർന്നിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ നേതാവിന്റെ അടുത്ത ബന്ധുവിനെതിരെ പ്രകൃതിവിരുദ്ധപീഡനം നടത്തിയെന്ന ആരോപണവും ഒരുവിഭാഗവും ഉയർത്തിയിട്ടുണ്ട്.

ഇത്രയും ഗുരുതരമായ ആരോപണം ഉയർന്നിട്ടും പാർട്ടി ഇയാളെ സംരക്ഷിക്കുന്നത് നേതാവിന്റെ ബന്ധുബലം കൊണ്ടുമാത്രമാണെന്നാണ ആരോപണം. പാർട്ടി ലോക്കൽകമ്മിറ്റി അംഗത്തിന്റെ മകനെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്. ഇയാളെ രക്ഷിക്കാനായി സാമ്പത്തിക ആരോപണകേസിൽ കുടുങ്ങിയ നേതാവും മറ്റൊരു ബന്ധുവായ നേതാവും ശ്രമിക്കുന്നുവെന്നാണ് ഇടതു അനുകൂലികൾ സോഷ്യൽ മീഡിയയിൽ പ്രചരണമായി അഴിച്ചുവിടുന്നത്.

എന്നാൽ ഇക്കാര്യത്തിൽ പൊലീസ് കേസോ മറ്റു നടപടികളോയുണ്ടായിട്ടില്ല. പാർട്ടി നേതാവിന്റെ ബന്ധുവിനെതിരെയുള്ള ആരോപണം മുക്കുന്നതിനായി പാർട്ടിക്കുള്ളിൽ പ്രവർത്തിച്ചുവെന്നാണ് ആരോപണം. കണ്ണൂർ ജില്ലയിലെ കരുത്തനായ ഈ നേതാവ് മറ്റൊരു നേതാവിനെ ഒതുക്കുന്നതിനു പിന്നിൽ സജീവമായി പ്രവർത്തിച്ചയാളാണ്. ഇതിനു പ്രത്യുപാകാരമായാണ് ഇയാളെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർത്തിയത്.

പിണറായി വിഭാഗത്തിലെ കരുത്തനായ നേതാവിനെതിരെ അഴിമതി ആരോപണത്തിൽ നടപടിയെടുത്തില്ലെങ്കിൽ ആലപ്പുഴയിലെപ്പോലെ കൂട്ടരാജിയുണ്ടാവുമെന്നാണ് എതിർക്കുന്നവർ പാർട്ടി നേതൃത്വത്തിന് നൽകുന്ന മുന്നറിയിപ്പ്. ആന്തൂർ വൈദേകം റിസോർട്ടിന്റെ പേരിൽ ഇ.പിജയരാജനും കുടുംബവും അനധികൃത സ്വത്തു സമ്പാദിച്ചുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ മിക്ക നേതാക്കളും ആരോപണ ഭീതിയിലാണ്. ഈ സമയത്താണ് പാർട്ടിയിലെ ഉന്നതനായ നേതാവിനെതിരെ തന്നെ അഴിമതി ആരോപണമുയരുന്നത്. എന്നാൽ സംഭവം പാർട്ടിക്ക് പുറത്ത് ചൂടേറിയ ചർച്ചയായി മാറിയിട്ടും സി. പി. എം നേതൃത്വം ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.