- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശീതസമര കാലത്തെ മസിലുപിടിത്തം ഇനി പഴങ്കഥ; കാശ്മീരി ബ്രഡും കുങ്കുമ തേയിലയും ഗവർണർ സമ്മാനിച്ചതോടെ സൗഹൃദത്തിൽ ചാലിച്ച വെടിനിർത്തൽ; ഫെബ്രുവരി 3 ന് നാട്ടുകാരുടെ നടുവൊടിക്കുന്ന ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഗവർണർക്ക് വിമാനയാത്രക്ക് അധികതുകയായി 30 ലക്ഷം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗവർണറുടെ വിമാന യാത്രക്ക് 30 ലക്ഷം അനുവദിച്ച് ധനമന്ത്രി ബാലഗോപാൽ. ഈ മാസം 7 നാണ് വിമാനയാത്രക്ക് ചെലവായ തുക ഗവർണർക്ക് അനുവദിച്ചത്. 2022-23 ലെ ബജറ്റിൽ ഗവർണറുടെ യാത്രക്ക് അനുവദിച്ചിരുന്ന തുക തീർന്നതോടെയാണ് അധിക ധനമായി തുക അനുവദിച്ചത്. സാമ്പത്തിക നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.
25 ലക്ഷം രൂപ വരെയുള്ള തുകകൾ ട്രഷറിയിൽ നിന്ന് മാറുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയാൽ മാത്രമേ ട്രഷറിയിൽ നിന്ന് നിലവിൽ ബില്ല് പാസാകൂ. ഒഡെപ്പെക്ക് വഴിയാണ് ഗവർണർ വിമാനയാത്രക്ക് ടിക്കറ്റ് എടുത്തിരുന്നത്. 2022 ഡിസംബർ 30 ന് ഗവർണറുടെ വിമാനയാത്രക്ക് ചെലവായ 30 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു.
സർവ്വകലാശാല വൈസ് ചാൻസലർ തർക്കവുമായി ബന്ധപ്പെട്ട് ശീതസമരത്തിലായിരുന്നു അക്കാലത്ത് ഗവർണറും സർക്കാരും. ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ വിമാന യാത്രക്ക് ചെലവായ തുക നൽകണമെന്നാവശ്യപ്പെട്ട് ഡിസംബർ 30 ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കത്തിൽ സർക്കാർ തീരുമാനമെടുത്തില്ല. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം തീരുന്നതിനിടെ ജനുവരി 9 ന് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പ് ധനവകുപ്പിന് ഫയൽ കൈമാറി. ധന എക്‌സ് പെൻഡിച്ചർ വിങ് ഗവർണറുടെ ആവശ്യം പരിശോധിച്ച് ഫയൽ ധനമന്ത്രി ബാലഗോപാലിന് കൈമാറി. ഗവർണറുടെ അപ്രീതിക്ക് പാത്രമായ ധനമന്ത്രി ബാലഗോപാൽ ഫയലിൽ ഒപ്പിടാൻ മടിച്ചു.
ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പിലായതോടെ മുഖ്യമന്ത്രി ബാലഗോപാലിനോട് ഫണ്ട് അനുവദിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ജനുവരി 24 ന് എക്‌സ്‌പെൻഡിച്ചർ വിങ് ഗവർണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാൻ അധിക ഫണ്ട് വേണമെന്ന് ബജറ്റ് വിംഗിനോട് ആവശ്യപ്പെട്ടു. ജനുവരി 26 ന് രാജ് ഭവനിൽ നടന്ന റിപ്പബ്‌ളിക്ക് ദിന വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു. കാശ്മീരിൽ നിന്നും കൊണ്ട് വന്ന കാശ്മീരി ബ്രഡും കുങ്കുമ തേയിലയും ഗവർണർ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും സമ്മാനമായി നൽകി. അതോടൊപ്പം വിമാന യാത്രക്ക് ചെലവായ തുക അനുവദിക്കണമെന്ന അഭ്യർത്ഥനയും ഗവർണർ നടത്തി. എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നൽകി.
എന്നാൽ ബജറ്റ് തയ്യാറാക്കൽ പരിപാടി നടക്കുന്നതിനാൽ ഫയൽ ബജറ്റ് വിംഗിൽ നിന്ന് പാസായില്ല. ഫെബ്രുവരി 3 ന് ബജറ്റ് അവതരിപ്പിച്ചതിനു ശേഷമാണ് തുക അനുവദിക്കാനുള്ള ഫയലിൽ ബാലഗോപാൽ ഒപ്പിട്ടത്. തുടർന്ന് ഫെബ്രുവരി 7 ന് തുക അനുവദിച്ച ഉത്തരവ് ധന ബജറ്റ് വിംഗിൽ നിന്നിറങ്ങി. 4000 കോടിയുടെ അധിക നികുതി ജനങ്ങളിൽ അടിച്ചേൽപിച്ചതിനു ശേഷം ഗവർണർക്ക് വിമാനയാത്രക്ക് 30 ലക്ഷം അനുവദിച്ച ബാലഗോപാലിന്റെ നടപടി ഇതോടെ വിവാദത്തിലായി.

കേരളം കണ്ട ഏറ്റവും നികുതി കൊള്ള നടന്ന ബജറ്റാണ് ഫെബ്രുവരി 3 ന് ബാലഗോപാൽ അവതരിപ്പിച്ചത്. ലിറ്ററിന് 2 രൂപ വീതം പെട്രോളിനും ഡീസലിനും കൂട്ടിയതാണ് ബജറ്റിനെ കുപ്രസിദ്ധിയിലാക്കിയത്. ഭൂമിയുടെ ന്യായ വില 20 ശതമാനമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ബജറ്റിൽ പത്ത് ശതമാനവും ന്യായവില വർദ്ധിപ്പിച്ചിരുന്നു. സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ കേരളത്തിലെ മ്പാടും പ്രതിഷേധങ്ങൾ നടക്കുകയാണ്. യു.ഡി.എഫ് എം എൽ എ മാർ നിയമസഭ മന്ദിരത്തിൽ ബജറ്റ് കൊള്ളക്കെതിരെ സത്യാഗ്രഹം ഇരുന്നു. തുടർ ഭരണത്തിന്റെ ധാർഷ്ട്യത്തിൽ ഒരു നികുതിയും കുറയ്ക്കാൻ പിണറായിയും ബാലഗോപാലും തയ്യാറായില്ല.
ജനങ്ങളെ ദ്രോഹിച്ച് ഗവർണറെ സുഖിപ്പിക്കുന്ന രീതിയാണ് ഇരുവരും തുടരുന്നതെന്നാണ് 30 ലക്ഷം അനുവദിച്ച ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്. സ്വർണ്ണകടക്കാരിൽ നിന്നും 10,000 കോടി രൂപയുടെ നികുതിയാണ് ബാലഗോപാൽ പിരിക്കാതിരുന്നത്. ബാറുകാരുടെ കയ്യിൽ നിന്ന് 1000 കോടി രൂപയും പിരിച്ചില്ല. ഈ തുക പിരിച്ചിരുന്നെങ്കിൽ 4000 കോടിയുടെ അധിക നികുതിയുടെ ആവശ്യം ഇല്ലായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തെളിവുകൾ സഹിതമാണ് സ്വർണ്ണ -ബാർ മുതലാളിമാരിൽ നിന്ന് 11000 കോടി രൂപ ബാലഗോപാൽ പിരിക്കാത്തത് ചൂണ്ടികാണിച്ചത്. ഇവരിൽ നിന്ന് പിരിക്കാനുണ്ട് എന്ന് പറഞ്ഞ് ബാലഗോപാൽ മറുപടി പ്രസംഗത്തിൽ തടി തപ്പുകയായിരുന്നു. ഒരു വശത്ത് നികുതി കൂട്ടി ജനങ്ങളെ ദ്രോഹിക്കുക, മറുവശത്ത് ഗവർണറെ കയ്യിലെടുക്കാൻ ലക്ഷങ്ങൾ അനുവദിക്കുക ഇതാണ് ബാലഗോപാലിന്റേയും പിണറായിയുടേയും ഇരട്ടതാപ്പ്.




