പാലക്കാട്: മാധ്യമങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസിന് സിപിഎം താക്കീത് നല്‍കും. ഇത്തരം പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെടും. അതിനിടെ സിപിഎം സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യത കുറയ്ക്കാനായിരുന്നോ കൃഷ്ണദാസിന്റെ ശ്രമമെന്ന ചര്‍ച്ചയും സജീവമാണ്. വിഎസ് അച്യുതാനന്ദന്റെ പക്ഷത്തായിരുന്നു മുമ്പ് കൃഷ്ണദാസ്. പിണറായി വിജയന്‍ സെക്രട്ടറിയായിരുന്നപ്പോള്‍ വെട്ടിനിരത്തിയ നേതാവ്. മൂന്ന് തവണ എംപിയായിരുന്ന കൃഷ്ണദാസ് 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മൂന്നാം സ്ഥാനത്തായി. പിന്നീട് പിണറായി പക്ഷവുമായി അടുത്തു. എങ്കിലും പാലക്കാട്ടെ പാര്‍ട്ടി തകര്‍ച്ചയില്‍ കൃഷ്ണദാസിന് നിര്‍ണ്ണായക പങ്കുണ്ടെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്. അത്തരമൊരു നേതാവാണ് അസമയത്ത് വിമര്‍ശനം ഉയര്‍ത്തിയത്.

അതിനിടെ മോശം പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കൃഷ്ണദാസ് പറയുന്നു. മാധ്യമങ്ങള്‍ ഇറച്ചികഷ്ണത്തിനായി കാത്തുനില്‍ക്കുന്ന പട്ടികളെ പോലെ എന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാധ്യമങ്ങള്‍ വലതുപക്ഷമാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി. കെ.യു.ഡബ്യു.ജെയുടെ മാപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന നാലാക്കി മടക്കി പോക്കറ്റിലിട്ടോട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം മാധ്യമങ്ങളോട് എന്‍എന്‍ കൃഷ്ണദാസ് നടത്തിയത് മോശം പെരുമാറ്റമാണെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കുട്ടത്തില്‍ പറഞ്ഞു. ഇത് രാഷ്ട്രീയ ചര്‍ച്ചയ്ക്കും വിധേയമായിട്ടുണ്ട്. അതിനിടെ സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി കൃഷ്ണദാസിനെ വിമര്‍ശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കാലത്ത് കാട്ടേട്ട കരുതല്‍ എന്‍ എന്‍ കൃഷ്ണദാസിനുണ്ടായില്ലെന്ന വിലയിരുത്തല്‍ സിപിഎം നേതൃത്വത്തിനുമുണ്ട്. സംഘടനാപരമല്ലെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് കൃഷ്ണദാസിന് സിപിഎം മുന്നറിയിപ്പ് നല്‍കും.

സിപിഎമ്മില്‍ വിഎസ് അച്യുതാനന്ദന്‍ കരുത്തനായിരുന്നപ്പോള്‍ കൂടെ നിന്ന നേതാവാണ് കൃഷ്ണദാസ്. 2006ല്‍ സിപിഎം വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചു. അന്ന് പാര്‍ട്ടിക്കാരുടെ പ്രതിഷേധം കാരണം തീരുമാനം സിപിഎം തിരുത്തി. അതിന് ശേഷം മലമ്പുഴയില്‍ മത്സരിക്കാന്‍ വിഎസ് എത്തിയപ്പോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാലയിട്ട് സ്വീകരിച്ചത് കൃഷ്ണദാസായിരുന്നു. അതിന് ശേഷം വിഎസ് മുഖ്യമന്ത്രിയായി. പിന്നീട് പിണറായി പാര്‍ട്ടിയില്‍ കൂടുതല്‍ പിടിമുറുക്കി. ഇതോടെ വിഎസിനെ മറന്ന് പിണറായിയ്‌ക്കൊപ്പം കൃഷ്ണദാസ് ചേര്‍ന്നു. അങ്ങനെ 2016ല്‍ നിയമസഭയില്‍ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയായി. എന്നാല്‍ വിഎസിനെ ഒറ്റി മറുകണ്ടെത്തെത്തിയ കൃഷ്ണദാസിനെ പാലക്കാട്ടെ ജനത തോല്‍വി വിധിച്ചു. അങ്ങനെയാണ് പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്ത് എത്തിയതെന്നതാണ് വസ്തുത. ഈ മൂന്നാം സ്ഥാനത്ത് നിന്നും കരകയറാന്‍ സിപിഎം ശ്രമിക്കുമ്പോഴാണ് 'പട്ടി' പ്രയോഗവുമായി കൃഷ്ണദാസ് എത്തുന്നത്.

കഴിഞ്ഞ ദിവസമാണ് എന്‍.എന്‍ കൃഷ്ണദാസ് മാധ്യമപ്രവര്‍ത്തകര്‍ക്കെതികരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. സിപിഎമ്മില്‍ പൊട്ടിത്തെറി പൊട്ടിത്തെറി എന്ന് രാവിലെ മുതല്‍ കൊടുത്തവര്‍ ലജ്ജിച്ച് തലതാഴ്ത്തുക. ഷുക്കൂറിന്റെ വീടിന് മുന്നില്‍ ഇറച്ചിക്കടയ്ക്കു മുന്നില്‍ പട്ടികള്‍ നില്‍ക്കുന്നതുപോലെ കാവല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തുക'- എന്നാണ് കൃഷ്ണദാസ് പറഞ്ഞത്. സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു കാലത്ത് സിപിഎം കോട്ടയായിരുന്നു പാലക്കാട്. പിന്നീട് അത് മൂന്നാം സ്ഥാനത്തേക്ക് നില മാറി. ഇതിന് കാരണം കൃഷ്ണദാസിനെ പോലുള്ളവരുടെ നടപടികളായിരുന്നു. വിഭാഗിയതയില്‍ സിപിഎമ്മിനെ തച്ചു തകര്‍ത്തു. അത്തരമൊരു നേതാവാണ് മാധ്യമങ്ങളെ അപമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പരാമര്‍ശത്തില്‍ ഖിന്നനാണ്. കോണ്‍ഗ്രസില്‍ നിന്നും പി സരിനെ എത്തിച്ച് സ്ഥാനാര്‍ത്ഥിയാക്കിയത് ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. കൃഷ്ണദാസിന്റെ വാക്കുകള്‍ അതിന് കൂടി തിരിച്ചടിയാണെന്നാണ് പിണറായിയുടെ വിലയിരുത്തല്‍.

മാധ്യമങ്ങളോടുള്ള പരാമര്‍ശം അബദ്ധം പറ്റിയതല്ല. പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഉത്തമബോധ്യത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഷുക്കൂറിന്റെ വീട്ടിലെത്തിയ മറ്റ് പാര്‍ട്ടിക്കാരെ കൂടി ഉദ്ദേശിച്ചാണ് പരാമര്‍ശം നടത്തിയത്. മാപ്പ് ആവശ്യപ്പെട്ടുള്ള കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസ്താവന നാലാക്കി മടക്കി പോക്കറ്റിലിട്ടോട്ടെ എന്നും കൃഷ്ണദാസ് പറഞ്ഞു. ''ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ കഴുകന്മാരെപ്പോലെ നടക്കുകയല്ലേ. ആരോട് ചര്‍ച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടതില്ല. എല്ലാവരോടും സംസാരിക്കുന്നതു പോലെ തന്നോട് സംസാരിക്കരുത്. കോലുംകൊണ്ട് തന്റെ മുന്നിലേക്കു വരേണ്ടെന്നും മാറാന്‍ പറഞ്ഞാല്‍ മാറിക്കൊള്ളണം'' എന്നുമായിരുന്നു കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശങ്ങള്‍.

ഇന്നലെ വൈകീട്ട് നാലരക്ക് പ്രവര്‍ത്തകരുടെ കരഘോഷങ്ങളോടെ ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറിനെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ കൊണ്ടുവന്നപ്പോഴും എന്‍.എന്‍. കൃഷ്ണദാസ് അധിക്ഷേപം തുടര്‍ന്നു. ''സി.പി.എമ്മില്‍ പൊട്ടിത്തെറിയെന്ന് പറഞ്ഞവര്‍ ലജ്ജിച്ച് തല താഴ്ത്തുക. രാവിലെ മുതല്‍ ഇപ്പോഴും ഇറച്ചിക്കടക്കു മുന്നില്‍ പട്ടികള്‍ എന്നപോലെ ഷുക്കൂറിന്റെ വീടിനു മുന്നില്‍ കാത്തുനിന്നവര്‍ തലതാഴ്ത്തുക'' എന്നു പറഞ്ഞാണ് സദസിലേക്ക് ഷുക്കൂറിനെ കൊണ്ടുവന്നത്. 'ഇറച്ചിക്കടക്ക് മുന്നിലെ പട്ടികള്‍' എന്ന വാക്ക് തുടര്‍ച്ചയായി പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോഴും ആ പ്രയോഗം തുടര്‍ന്നു. ഷുക്കൂറിന്റെ പ്രതികരണത്തിന് മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ കൃഷ്ണദാസ് സമ്മതിച്ചില്ല. എങ്ങോട്ടാണ് പോയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ''ഇഷ്ടമുള്ളയിടത്ത് പോകും, നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല'' എന്നും മറുപടി നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോള്‍ സി.പി.എം പ്രവര്‍ത്തകരെത്തി മാധ്യമ പ്രതിനിധികളോട് പോകാനാവശ്യപ്പെട്ടു.