- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എ സി മൊയ്തീൻ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ നൽകിയത് തെറ്റായ വിവരം; കരുവന്നൂർ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പിൽ 29 കോടി രൂപയുടെ കൊള്ള മൊയ്തീനും സംഘവും നടത്തി; അനിൽ സേഠ് മൊയ്തീന്റെ ബിനാമി; മുൻ മന്ത്രിക്കെതിരെ ആരോപണവുമായി അനിൽ അക്കര
തൃശ്ശൂർ: മുന്മന്ത്രി എ.സി. മൊയ്തീനെതിരെ ആരോപണവുമായി വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. കരുവന്നൂർ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പിൽ 29 കോടി രൂപയുടെ കൊള്ളയാണ് എ.സി. മൊയ്തീനും സംഘവും അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് നടത്തിയതെന്ന് അനിൽ അക്കര ആരോപിച്ചു. മൊയ്തീന് ബിനാമികൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അനിൽ സേഠ്, എ.സി. മൊയ്തീന്റെ ബിനാമിയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ മൊയ്തീൻ തെറ്റായ വിവരം നൽകിയെന്നും അനിൽ അക്കര ആരോപിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സഹകരണമന്ത്രി തന്റെ ബിനാമികളെ വെച്ച് ബാങ്ക് കൊള്ളയടിക്കുന്നു എന്ന് കേൾക്കുമ്പോൾ രാജ്യത്തെ നിയമസംവിധാനം എങ്ങനെ എത്തിനിൽക്കുന്നു എന്ന് ആലോചിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ മൗനസമ്മതമില്ലാതെ ഇതൊന്നും നടക്കില്ല. മൊയ്തീൻ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മകൾക്കെതിരെ താൻ ആരോപണം ഉന്നയിച്ചപ്പോൾ അവർ ജോലി രാജിവെച്ചുപോയി.
ആയുർവേദ ആശുപത്രിയിൽ സ്പോർട്സ് ഡോക്ടറായി അവരെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചപ്പോൾ അവർ രാജിവെച്ചുപോവുകയായിരുന്നു. എല്ലാ വിഷയത്തിലും സ്വജനപക്ഷപാതം നടത്തിയ മന്ത്രിയാണ് എ.സി. മൊയ്തീൻ. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫ്‌ളാറ്റ് വടക്കാഞ്ചേരിയിലേക്ക് വന്നതിന്റെ ചിത്രവും നേരത്തെ പറഞ്ഞതാണ്. അന്ന് രണ്ടുകോടി രൂപയുടെ ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയർത്തിയത്. അതിൽ ഉറച്ചുനിൽക്കുകയാണ്. ആ മണി പാർക്ക് ചെയ്തിരിക്കുന്നത് സതീശന്റേയും അനിൽ സേഠിന്റേയും ഇടങ്ങളിലാണെന്ന് അദ്ദേഹം ആരോപിച്ചു.
30 ലക്ഷത്തിന്റെ എഫ്.ഡി. ഉണ്ടെന്നാണ് പറയുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, മച്ചാട് സ്വയംസഹായസകരണ സംഘം എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ എഫ്.ഡിയുള്ളത് എന്നാണ് മനസിലാക്കുന്നത്. കയ്യിലുള്ള ആറുഗ്രാമിന്റെ മോതിരം ഉൾപ്പെടെ അദ്ദേഹത്തിന്റെ കൈയിൽ 19 ലക്ഷത്തിന്റെ വകകളാണ് ഉള്ളതെന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നത്. രണ്ടരലക്ഷത്തോളം രൂപയാണ് ബാങ്ക് ഓഫ് ഇന്ത്യയിൽ അദ്ദേഹത്തിന്റെ നിക്ഷേപമായി ഉള്ളത്. അങ്ങനെയെങ്കിൽ ബാക്കി 28 ലക്ഷത്തോളം രൂപ എവിടെയാണ്. മച്ചാട് സഹകരണസംഘത്തിലാണ് ഈ തുക അദ്ദേഹത്തിന്റെ പേരിൽ നിക്ഷേപിച്ചിരിക്കുന്നത്. അത് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഇല്ല. ഇത്രയും വലിയ സംഖ്യ, ചെറിയ സഹകരണസംഘത്തിൽ നിക്ഷേപിക്കാൻ കഴിയുമോയെന്ന് അനിൽ അക്കര ചോദിച്ചു.
'മച്ചാട് സഹകരണ സംഘം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രസിഡന്റ്, എ.സി. മൊയ്തീന്റെ അയൽവാസിയാണ്. സെക്രട്ടറി തെക്കിൻകര ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റിന്റെ ഭാര്യയാണ്. എ.സി. മൊയ്തീന്റെ സാമ്പത്തിക ഇടപാടുകൾ മുഴുവൻ ദുരൂഹമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സത്യവാങ്മൂലത്തിൽ പോലും എ.സി. മൊയ്തീൻ കാര്യങ്ങൾ മറച്ചുവെച്ചു. സത്യവാങ്മൂലപ്രകാരം 19 ലക്ഷം രൂപ മാത്രമുള്ള എ.സി. മൊയ്തീന് എങ്ങനെയാണ് ഫിക്‌സഡ് ഡെപ്പോസിറ്റിനായി 30 ലക്ഷം രൂപയുണ്ടായത്. ഇത് ഗുരുതരമായി ലംഘനമാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ അദ്ദേഹത്തിന് ജനപ്രതിനിധിയായി തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്', അനിൽ അക്കര പറഞ്ഞു.




