- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഗുണ്ടായിസം കാണിച്ച് എന്നെ പേടിപ്പിക്കാൻ കഴിയില്ല, ഞാൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല; പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്; ട്വീറ്റിൽ ഒരു തെറ്റുമില്ല': കോൺഗ്രസ് അധഃപതിച്ച് പോയതിൽ ഒരുപാട് വിഷമമുണ്ടെന്നും അനിൽ ആന്റണി; അനിലിനെ പിന്തുണച്ചും പരോക്ഷ ക്ഷണവുമായി ബിജെപി
ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി പദവികളിൽ നിന്ന് രാജി വച്ചെങ്കിലും, തന്റെ നിലപാടുകളിൽ ഉറച്ച് അനിൽ ആന്റണി. തനിക്ക് നേരിടേണ്ടി വന്നത് വേദനാജനകമായ കാര്യങ്ങളെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'കഴിഞ്ഞ 24 മണിക്കൂറായി സംഭവിച്ചുകൊണ്ടിരിക്കുന്നത് വളരെ വേദനാജനകമായ കാര്യങ്ങളാണ്. ഈ സാഹചര്യത്തിൽ രാജി വയ്ക്കുന്നതാണ് എനിക്കും പാർട്ടിക്കും നല്ലതെന്ന് തോന്നി. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. 2017ൽ ഗുജറാത്തിലാണ് ഞാൻ ആദ്യമായി കോൺഗ്രസിൽ പ്രവർത്തിച്ച് തുടങ്ങിയത്. ശശിതരൂരും മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞതുകൊണ്ട് മാത്രമാണ് കോൺഗ്രസിൽ പ്രവർത്തിച്ച് തുടങ്ങിയത്. അന്ന് നല്ലൊരു ടീം ഉണ്ടാക്കിയിരുന്നു.
എന്നാൽ ഇന്ന് കോൺഗ്രസ് ഇങ്ങനെയൊരു രീതിയിലേയ്ക്ക് അധഃപതിച്ച് പോയതിൽ ഒരുപാട് വിഷമമുണ്ട്. കോൺഗ്രസിന്റെ നയങ്ങൾക്കെതിരായി ഒന്നും തന്നെ എന്റെ ട്വീറ്റിൽ ഉണ്ടായിരുന്നില്ല. എന്നാൽ പലരും വിളിച്ച് ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. അത് സാദ്ധ്യമല്ലെന്ന് പറഞ്ഞപ്പോൾ രാത്രി മുതൽ അസഭ്യങ്ങളാണ് എന്റെ സമൂഹമാധ്യമങ്ങളിൽ പലരും വന്ന് പറയുന്നത്. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും വളരെ കാലമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് ഇത്തരം സംസ്കാര ശൂന്യമായ സാഹചര്യത്തിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകാരണമാണ് രാജിവച്ചത്. പാർട്ടി വിടാൻ തീരുമാനിച്ചിട്ടില്ല.' - അനിൽ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
അവരെക്കുറിച്ചെല്ലാം തനിക്ക് കൃത്യമായി അറിയാം. ഗുണ്ടായിസം കാണിച്ച് എന്നെ പേടിപ്പിക്കാൻ കഴിയില്ല. ഞാൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്. അതിൽ നിന്ന് പിന്നോട്ടില്ല. പലരും എന്നെ ഭീഷണിപ്പെടുത്തി. തിരുത്തണമെന്നും ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്നും പലരും ആവശ്യപ്പെട്ടു. എന്നാൽ ട്വീറ്റിൽ ഒരു തെറ്റുമില്ല'.അതിൽ ഉറച്ചുനിൽക്കുമെന്നും അനിൽ പറഞ്ഞു.
'ബിബിസി ഡോക്യുമെന്ററി എവിടെ നിന്ന് വന്നു എന്ന് പരിശോധിക്കണം. ഇതിന്റെ പിന്നിലെ കാര്യം അറിയാതെ നൽകരുതെന്നാണ് താൻ പറഞ്ഞത്. ഇത്രയും കാലം കോൺഗ്രസ് നേതാക്കൾ പറയുന്നത് ഞാൻ കേട്ടു. ഇനി ഞാൻ പറയുന്നത് അവർ കേൾക്കെട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു വന്നപ്പോൾ എന്റെ പപ്പ ഉൾപ്പെടെ ഖർഗെയുടെ കൂടെ നിന്നപ്പോഴും ഞാൻ തരൂരിന്റെ കൂടെ നിന്നത് ഈ കാരണത്താലാണ്. 2019 മുതൽ കോൺഗ്രസിന് അകത്തൊരു സിസ്റ്റം ഉണ്ടാക്കിയിരുന്നു. വളരെ സാംസ്കാരികമായ സിസ്റ്റം. പക്ഷേ അങ്ങനെ ഒരു സിസ്റ്റം ഈ രീതിയിലേക്ക് അധപ്പതിച്ചു പോയതിൽ എനിക്കു വലിയ വിഷമമുണ്ട്. 2021 വരെ തിരഞ്ഞെടുപ്പുകളിൽ സജീവമായി ഇറങ്ങി. എന്നാൽ ഏതാനും മാസങ്ങളായി പല കാരണങ്ങളാൽ ഞാൻ മാറിനിൽക്കുകയാണ്.
രാജ്യത്തിന്റെ കാതലായ താൽപര്യങ്ങളിൽ അത് പരമാധികാരമായാലും, അഖണ്ഡതയായാലും, സുരക്ഷയായാലും അതിൽ നമ്മൾ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല എന്നു മാത്രമാണ് ഞാൻ പറഞ്ഞത്. എന്നാൽ അതിനെ വളച്ചുതിരിച്ച് മോശമായ പരാമർശങ്ങളുണ്ടാക്കി അനാവശ്യമായ വിവാദങ്ങളുണ്ടാക്കി. ഫേസ്ബുക്കിൽ വളരെയധികം മോശമായ കമന്റുകളാണ് എനിക്കു നേരെ ഉയർന്നത്. ഇതൊക്കെ എവിടെനിന്നാണ് വരുന്നതെന്ന് എനിക്ക് നന്നായി അറിയാം. ഇത്രയ്ക്ക് സംസ്കാരശൂന്യരായ ഒരുപറ്റം നേതാക്കളുടെയും അണികളുടെയും ഒരു കൂടാരമായി മാറിയ ഈ കോൺഗ്രസിൽ എന്നെപ്പോലൊരാൾ പ്രവർത്തിക്കുന്നത് ഉചിതമല്ല എന്നു തോന്നിയതു കൊണ്ടാണ് ഞാൻ രാജിവയ്ക്കുന്നത്' അനിൽ ആന്റണി പറഞ്ഞു.
അനിലിന് പിന്തുണയുമായി ബിജെപി
അനിൽ ആന്റണിക്ക് പിന്തുണയുമായി ബിജെപി വക്താവ് ജയ്വീർ ഷെർഗിൽ. രാജ്യത്തിന് വേണ്ടി ചിന്തിക്കുന്ന ആത്മാഭിമാനമുള്ളവർക്ക് കോൺഗ്രസിൽ തുടരനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ശബ്ദിക്കുന്നവർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ, ചൈന പ്രചാരകർക്ക് മാത്രമാണ് ഇപ്പോൾ കോൺഗ്രസിൽ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉദാഹരണമാണ് അനിൽ ആന്റണിയുടെ രാജിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും നേരെയുള്ള വിദേശശക്തികളുടെ കടന്നുകയറ്റത്തെ എതിർത്തതാണ് അനിൽ ആന്റണി കോൺഗ്രസിന് അനഭിമതനാവാൻ കാരണം. കോൺഗ്രസ് താത്ക്കാലിക ലാഭത്തിന് വേണ്ടി രാജ്യതാത്പര്യം ഹനിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ആവണി ഗോപാല് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്