ന്യൂഡൽഹി: സവർക്കർ വിരുദ്ധ പ്രസ്താവനയുമായി രാഹുൽ ഗാന്ധി രംഗത്തുവന്നതോടെ കടുത്ത വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു, ശിവസേനയും ഇക്കാര്യത്തെ ചൊല്ലി രാഹുലുമായി ഉടക്കി. ഇതിന് പിന്നാലെ രാഹുൽ ഗാന്ധക്കെതിരെ ഒളിയമ്പുമായി അനിൽ ആന്റണി രംഗത്തുവന്നു. സവർക്കറെ പിന്തുണച്ചു കൊണ്ടാണ് എ കെ ആന്റണിയുടെ മകൻ രംഗത്തുവന്നത്.

ഇന്ത്യൻ എക്സ്‌പ്രസിന്റെ ഒരു ആർട്ടിക്കിൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ട്വിറ്ററിലൂടെ സവർക്കറെ പിന്തുണച്ചത്. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരഗാന്ധിയുടെയും നിരീക്ഷണങ്ങളിൽ നിന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാക്കൾ പഠിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കറെ തീവ്രമായി അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കൾ ഫിറോസ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും പോലുള്ളവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണം. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ കയ്‌പേറിയ പല അഭിപ്രായങ്ങളും ഒഴിവാക്കാമായിരുന്നു. ദേശീയവും പൊതുതാൽപ്പര്യവുമുള്ള പ്രസക്തമായ വിഷയങ്ങളിൽ രാഷ്ട്രീയ വ്യവഹാരങ്ങൾ നടത്താമായിരുന്നു.'- അനിൽ ആന്റണി കുറിച്ചു.

അനിലിന്റെ ട്വീറ്റ് സംഘപരിവാറുകാർ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. കുറച്ചുകാലമായി തന്ന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അനിൽ ആന്റണി രംഗത്തുവന്നിരുന്നു. രാമനവമി ആശംസയുമായും അനിൽ രംഗത്തുവന്നിരുന്നു. ബിജെപി പ്രചാരണങ്ങളിൽ കാണുന്നതുപോലെ വില്ലുകുലച്ചു നിൽക്കുന്ന കാവി വർണത്തിലുള്ള രാമന്റെ ചിത്രവും രാമക്ഷേത്രത്തിന്റെ മകുടങ്ങളും ചേർന്ന ചിത്രമാണ് അനിൽ കെ ആന്റണി ആശംസകളോടൊപ്പം ട്വിറ്ററിൽ പങ്കുവച്ചത്. അടുത്ത നാളുകളിൽ കോൺഗ്രസ്സിനെതിരെ വിമർശനമുയർത്തുന്ന അനിൽ കെ ആന്റണി ബിജെപി പാളയത്തിലേക്കു നീങ്ങുകയാണെന്ന ആരോപണങ്ങൾക്കിടയാണ് അദ്ദേഹം രാമനവമി ആശംസയുമായി പ്രത്യക്ഷപ്പെട്ടത്.

മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററിയെ എതിർത്തതിന്റെ പേരിൽ വിവാദത്തിലായതിനെത്തുടർന്നാണ് അനിൽ കെ ആന്റണി കോൺഗ്രസിലെ എല്ലാ പദവികളിൽ നിന്നും രാജിവെച്ചത്. എ ഐ സി സി സോഷ്യൽ മീഡിയ ആൻഡ് ഡിജിറ്റൽ കമ്യൂണിക്കേഷൻ സെൽ ദേശീയ കോ ഓഡിനേറ്റർ എന്ന പദവിയിൽ ഇരിക്കെയായിരുന്നു കോൺഗ്രസ്സിന്റെ പോക്കിൽ വിമർശനവുമായി അനിൽ രംഗത്ത് വന്നത്.

തുടർന്നു കോൺഗ്രസ്സിനെതിരെ പരസ്യമായ പരിഹാസങ്ങളും വിമർശനവും അനിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് നടത്തിയ പരാമർശത്തെ അനിൽ രൂക്ഷമായി വിമർശിച്ചു. സ്വന്തം കഴിവു കൊണ്ട് ഉയർന്നു വന്ന വനിത നേതാവ് എന്നാണ് സ്മൃതിയെ അനിൽ വിശേഷിപ്പിച്ചത്.

2024ലെ പൊതുതിരഞ്ഞെടുപ്പ് കോൺഗ്രസിനെ ചവറ്റുകൊട്ടയിലെറിയാൻ രാജ്യത്തെ ജനങ്ങൾക്കുള്ള മികച്ച അവസരമാണെന്ന അനിലിന്റെ വാക്കുകളും നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. സംസ്‌കാരമില്ലാത്ത മനുഷ്യർ എന്നാണ് അനിൽ കോൺഗ്രസുകാരെ വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറേക്കാലങ്ങളായി ഏതാനും വ്യക്തികളുടെ താൽപര്യ സംരക്ഷണം മാത്രമാണ് കോൺഗ്രസ് ചെയ്യുന്നത്. ദേശീയ താൽപര്യത്തിനായി ആ പാർട്ടി ഒന്നും ചെയ്യുന്നില്ല. കർണാടകയിൽ മറ്റ് പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ കോൺഗ്രസ് നേതാക്കൾ ഏതാനും വ്യക്തികൾക്കായി ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ് തുടങ്ങിയ ആരോപണങ്ങളും അനിൽ കെ ആന്റണി അടുത്ത ദിവസങ്ങളിൽ നടത്തിയിരുന്നു.

കോൺഗ്രസ് വിരുദ്ധ പ്രസ്താവനക്കൊപ്പം ബിജെപിയെ സന്തോഷിപ്പിക്കുന്ന തരത്തിൽ രാംനവമി ആശംസകളുമായി രംഗത്തുവന്നതോടെ അനിലിന്റെ ചാട്ടം സംഘപരിവാർ പാളയത്തിലേക്കാണെന്ന നിഗമനത്തിലാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. അതേസമയം താൻ ബിജെപിയിൽ ചേരില്ലെന്നാണ് അനിൽ ആന്റണി ആവർത്തിച്ചത്.