- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കെ റെയില്‍ പരിഹാരമല്ല; സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നില്‍ക്കുന്നുവെന്നും ആക്ഷേപം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കി; എറണാകുളത്ത് പ്രതിരോധ സംഗമവും പ്രതിഷേധ പ്രകടനവും നടത്താന്‍ കെ-റെയില്‍ വിരുദ്ധ സമരസമിതി
കെ-റെയിലിന് അനുമതി നല്‍കരുതെന്നാണ് സമിതിയുടെ ആവശ്യം

കോഴിക്കോട്: ഇടതു മുന്നണി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ കെ റെയില്‍ സില്‍വര്‍ ലൈന്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചതിന് പിന്നാലെ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കി കെ-റെയില്‍ വിരുദ്ധ സമരസമിതി. കെ-റെയിലിന് അനുമതി നല്‍കരുതെന്നാണ് സമിതിയുടെ ആവശ്യം. റെയില്‍വേ മന്ത്രിയുടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്താന്‍ വരവേയാണ് നിവേദനം നല്‍കിയത്. കെ-റെയില്‍ കേരളത്തിന് ആവശ്യമല്ലേയെന്ന് കേന്ദ്രമന്ത്രി നിവേദനം നല്‍കാനെത്തിയ കെ റെയില്‍ വിരുദ്ധ സമര സമിതിക്കാരോട് ചോദിച്ചു.
കേരളം പാരിസ്ഥിതികവും , സാങ്കേതികവുമായ പ്രശ്നങ്ങള്‍ പരിഹരിച്ച് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുകയാണെങ്കില്‍ കെ-റെയിലുമായി മുന്നോട്ടു പോകാന്‍ റെയില്‍വേ സന്നദ്ധമാണെന്നാണ് റെയില്‍വേ മന്ത്രി തൃശൂരില്‍ പറഞ്ഞത്. പുതിയ ഡിപിആര്‍ മുന്നോട്ട് വെക്കണമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞതോടെ വെട്ടിലായിരിക്കുകയാണ് കെ-റെയിലിനെ അതിരൂക്ഷമായി വിമര്‍ശിച്ച ബിജെപി സംസ്ഥാന ഘടകം. മുഖ്യമന്ത്രി കെ-റെയിലുമായുള്ള ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വെച്ച് റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അനുകൂല നിലപാട് അറിയിച്ചത്.
അതേ സമയം കെ റെയില്‍ പദ്ധതിയുമായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് സംസ്ഥാന കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനം. ആദ്യഘട്ടമായി നവംബര്‍ 13 ന് എറണാകുളത്ത് പ്രതിരോധ സംഗമവും പ്രതിഷേധപ്രകടനവും നടത്തും.
പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 6 ന് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അലൈന്‍മെന്റ് പ്രദേശത്തെ 25,000 ജനങ്ങളും പാര്‍ലമെന്റ് അംഗങ്ങളും ഒപ്പിട്ട വിശദമായ നിവേദനം നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന് തന്നെ തടസ്സമാകുന്ന വിധത്തില്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിക്കായി റെയില്‍വേ ഭൂമി വിട്ടു നല്‍കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിക്കൊപ്പം നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നതിന്റെ സൂചനയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന റെയില്‍വേ മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പൊതുജനങ്ങളില്‍ നിന്ന് ഉയരുന്നത്.
ആലുവ മുനിസിപ്പല്‍ അംബേദ്ക്കര്‍ ഹാളില്‍ നടക്കുന്ന പ്രതിരോധ സംഗമം ഡോ. എം.പി മത്തായി ഉദ്ഘാടനം ചെയ്യും. പദ്ധതി നടപ്പിലായാല്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്ന ഗുരുതര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സില്‍വര്‍ ലൈന്‍ പഠന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി നടക്കുന്ന സെമിനാറില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ശ്രീധര്‍ രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തും.
കേരളത്തിലെ റെയില്‍വേ യാത്രാ ദുരിതം അതിവേഗ ട്രെയിനുകള്‍ കൊണ്ടോ ആഡംബര യാത്ര കൊണ്ടോ പരിഹരിക്കാവുന്നതല്ല. ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് കെ റെയില്‍ സില്‍വര്‍ ലൈന്‍ എന്ന അതിസമ്പന്നര്‍ക്കായി തയ്യാറാക്കുന്ന പദ്ധതി പരിഹാരമാവില്ല എന്നും സംസ്ഥാന ചെയര്‍മാന്‍ എം.പി ബാബുരാജ്, ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍ എന്നിവര്‍ പറഞ്ഞു. കേന്ദ്ര അനുമതിയുമായി സില്‍വര്‍ ലൈന്‍ നടപ്പിലാക്കാന്‍ വന്നാല്‍ ജനങ്ങള്‍ ചെറുത്തു പരാജയപ്പെടുത്തുമെന്നും തീക്കൊള്ളി കൊണ്ടു തല ചൊറിയാതിരിക്കുന്ന താണ് നല്ലതെന്നും സില്‍വര്‍ലൈന്‍ അനുകൂലികള്‍ക്ക് വോട്ടില്ല എന്ന മുന്‍ നിലപാട് തന്നെയാണ് സമിതി ഈ ഉപകരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത് എന്നും അവര്‍ പറഞ്ഞു.


