പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറിയായ എ.പി ജയൻ സാമ്പത്തിക അഴിമതിയാരോപണത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നേരിടുമ്പോൾ അദ്ദേഹത്തിന് പിന്തുണ നൽകിക്കൊണ്ട് സോഷ്യൽ മീഡിയ പ്രചാരണം. എന്നാൽ, ഇതിൽ പലതും അദ്ദേഹത്തിന് എതിരായ ട്രോൾ ആണെന്ന് സംശയിക്കത്തക്ക തരത്തിലുള്ളതാണ്.

ആറു കോടി രൂപയുടെ സാമ്പത്തിക അഴിമതിയാണ് എ.പി ജയൻ നടത്തിയതാണ് സംസ്ഥാന കൗൺസിലിന് പരാതി ചെന്നിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് ജയൻ തുടങ്ങിയ ഫാമിനെ പറ്റിയാണ് അന്വേഷണം. സിപിഐയുടെ ഏക ജില്ലാ പഞ്ചായത്തംഗം പള്ളിക്കൽ ഡിവിഷനിൽ നിന്നുള്ള ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയാണ് അന്വേഷണത്തിന് ആധാരം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കെ.കെ. അഷറഫിനെ ഏകാംഗ അന്വേഷണ കമ്മിഷനായി നിയോഗിച്ചു.

സിപിഐ ജില്ലാ സമ്മേളന കാലത്ത് തുടങ്ങിയ വിഭാഗീയതയാണ് പുതിയ സംഭവ വികാസങ്ങളിൽ എത്തി നിൽക്കുന്നത്. അടൂരിൽ വീടിന് സമീപത്ത് ആറു കോടിയുടെ ഫാം സ്വന്തമാക്കി എന്ന ആരോപണത്തിന്മേലാണ് അന്വേഷണം. പള്ളിക്കലിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം കഴിഞ്ഞ സമ്മേളന കാലയളവിൽ നിരന്തരം ഈ വിഷയം ഉന്നയിച്ചിരുന്നു. സിപിഐ ജില്ലാ സെക്രട്ടറിയായി ഒരു ടേം കൂടി എ.പി ജയൻ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാണ്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതായി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതിന്മേലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്.

കാനം വിരുദ്ധനാണ് എ.പി ജയൻ. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ജയനെ മാറ്റി അടൂർ നഗരസഭാ ചെയർമാൻ ഡി. സജിയെ ജില്ലാ സെക്രട്ടറിയാക്കാൻ നീക്കം നടന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഇതിനായി വടംവലി നടന്നത്. കാനം, മന്ത്രിമാരായ പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി ചരടു വലിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കാനം സമ്മേളനത്തിൽ നിന്ന് വിട്ടു നിന്ന് ഞെട്ടിച്ചു. നേർക്കു നേർ വിമർശനം ഭയന്നാണ് കാനം സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നത്. ജയനെ ഒഴിവാക്കുമെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് അന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

ജയൻ വീടിന് സമീപമാണ് ഫാം പണിതുയർത്തിയിരിക്കുന്നത്. അതിന് ആറു കോടിയോളം രൂപ ചെലവായി എന്നത് പെരുപ്പിച്ച് കാണിച്ച ആരോപണമാണെന്ന് ജയൻ അനുകൂലികൾ പറയുന്നു. ശ്രീനാദേവി കുഞ്ഞമ്മയെ കരുവാക്കി കാനം അടക്കമുള്ളവരാണ് ഇതിന് പിന്നിൽ കളിക്കുന്നത് എന്നാണ് ആക്ഷേപം. ഇതിനെതിരേയാണ് സോഷ്യൽ മീഡിയ പ്രചാരണം കൊഴുക്കുന്നത്. പശുക്കൾക്കൊക്കെ എന്താ വില: ആറു കോടിയുടെ പശുക്കളെ തീറ്റുന്ന സിപിഐ ജില്ലാ സെക്രട്ടറി: കുഞ്ഞമ്മയല്ല വല്യ കുഞ്ഞമ്മ വന്നാൽപ്പോലും തീയിൽ കുരുത്ത സഹാവ് വെയിലത്ത് വാടില്ല എന്നിങ്ങനെയാണ് നേതാക്കൾ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഇതിനിടെ ജില്ലാ പഞ്ചായത്തംഗം ശ്രീനദേവി കുഞ്ഞമ്മയ്ക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള ഫൽക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. മിക്കയിടത്തും ശ്രീനാദേവിയുടെ ചിത്രം വെട്ടിമാറ്റിയാണ് പ്രതികരിച്ചിരിക്കുന്നത്. പന്തളം തെക്കേക്കര പഞ്ചായത്തിൽ സംരക്ഷണ ഭിത്തി കെട്ടാൻ പണം അനുവദിച്ചതിന് അഭിവാദ്യം അർപ്പിച്ച് ഒരു മാസം മുൻപ് വെട്ടുകാല മുരുപ്പ് പ്രദേശത്ത് സ്ഥാപിച്ച ഫൽക്സിൽ നിന്നാണ് ജില്ലാ പഞ്ചായത്തംഗത്തിന്റെ തല വെട്ടിമാറ്റിയത്. ഇതേക്കുറിച്ച് നേതൃത്വത്തോട് പരാതിപ്പെട്ടപ്പോൾ മറ്റാരോടും പറയേണ്ട എന്നായിരുന്നുവത്രേ പ്രതികരണം.