- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സെഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ അമിത് ഷായ്ക്ക് വേണ്ടി ഹാജരായിരുന്നു; അതിന് പ്രസക്തിയില്ല; വിരമിച്ച ജസ്റ്റിസുമാർ ഗവർണറും രാജ്യസഭാ എംപിയുമാകുന്നത് ശരിയല്ല'; തുറന്നുപറഞ്ഞ് മുൻ ചീഫ് ജസ്റ്റിസ് ലളിത്
ന്യൂഡൽഹി: സെഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്ക് വേണ്ടി താൻ മുൻപ് ഹാജാരായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് അടുത്തിടെ വിരമിച്ച ചീഫ് ജസ്റ്റിസ് യു.യു.ലളിത്. എന്നാൽ പ്രധാന അഭിഭാഷകൻ അല്ലാത്തതിനാൽ അതിന് പ്രധാന്യമില്ലെന്നും ലളിത് പറയുന്നു. ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ച ശേഷം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ശരിയാണ്, ഞാൻ അമിത് ഷായ്ക്ക് വേണ്ടി ഹാജരായിട്ടുണ്ട്. എന്നാൽ പ്രധാന അഭിഭാഷകൻ രാംജഠ്മലാനി ആയിരുന്നതിനാൽ അതിന് പ്രസക്തിയില്ല', ലളിത് വ്യക്തമാക്കി. 2014-ൽ ഭരണം മാറുന്നതിന് മുമ്പായിട്ടാണ് അമിത് ഷായ്ക്ക് വേണ്ടി തന്നെ ആദ്യം സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ താൻ നേരത്തെ വിശദീകരണം നൽകിയിരുന്നു, പക്ഷേ ഒരിക്കലും ഒരു പ്രധാന അഭിഭാഷകനായിരുന്നില്ല. ഷായുടെ കൂട്ടുപ്രതികൾക്ക് വേണ്ടിയാണ് താൻ ഹാജരായത്, അതും പ്രധാന കേസിലല്ല, അതുമായി ബന്ധപ്പെട്ട ഉപകേസിലായിരുന്നുവെന്നും മുൻ ചീഫ് ജസ്റ്റിസ് പറഞ്ഞു.
2014-ൽ ജഡ്ജിയായി നിയമിതനാകും മുമ്പ് നിരവധി പ്രധാനപ്പെട്ടതും വിവാദപരവുമായ കേസുകളിലെ അഭിഭാഷകനായിരുന്നു ജസ്റ്റിസ് യു.യു.ലളിത്. സെഹ്‌റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർബി, കൂട്ടാളിയായ തുളസിറാം പ്രജാപതി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് ഗുജറാത്തിൽ നരേന്ദ്ര മോദിയുടെ സർക്കാർ ആരോപണം നേരിട്ട കേസിൽ അന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിഭാഷകനായിരുന്നു ലളിത്.
കേന്ദ്ര സർക്കാർ രാജ്യസഭാ അംഗതം നൽകിയാൽ സ്വീകരിക്കുമോയെന്ന ചോദ്യത്തിനും യു യു ലളിത് മറുപടി നൽകി. തന്റെ മുമ്പിൽ നിലവിൽ ഇത്തരം കാര്യങ്ങളൊന്നുമില്ലെന്നും വിരമിച്ച ജസ്റ്റിസുമാർ ഗവർണറും രാജ്യസഭാംഗവും ആകുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഇത് ഏതെങ്കിലും വ്യക്തികളെ കുറിച്ച് അഭിപ്രായമല്ലെന്നും തന്റെ വ്യക്തിപരമായ വീക്ഷണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പരമോന്നത കോടതിയെ നയിച്ചയാൾ ആരുടെയെങ്കിലും നോമിനിയായി രാജ്യസഭയിലെത്തുന്നത് ശരിയല്ലെന്നും ഇത് ചീഫ് ജസ്റ്റിസിന്റെ സ്ഥാനത്തെ താഴ്‌ത്തികാണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതെല്ലാം വ്യക്തിപരമായ തീരുമാനമാണെന്നും സുപ്രിംകോടതി ജഡ്ജിയായിരുന്ന കെ.എസ് ഹെഗ്ഡേ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ലോകസഭാംഗമായ ആളായിരുന്നുവെന്നും യു.യു. ലളിത് പറഞ്ഞു. ഇനിയുള്ള നിയമം പഠിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നാഷണൽ ജുഡീഷ്യൽ അക്കാദമിയിലും ചില ലോ സ്‌കൂളുകളിലും താൻ പോകുമെന്നും അദ്ദേഹം പറഞ്ഞു
2014-ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് യു.യു.ലളിതിനെ ജഡ്ജിയായി നിയമിച്ചത്. മുൻ സോളിസിറ്റർ ജനറൽ ഗോപാൽ സുബ്രഹ്‌മണ്യത്തിനെ ജഡ്ജിയാക്കാനുള്ള ശുപാർശ പുനഃപരിശോധനയ്ക്കായി തിരിച്ചയച്ച കേന്ദ്ര സർക്കാർ, പകരം ലളിതിനെ നിയമിക്കുകയായിരുന്നു. ജസ്റ്റിസ് ആർ.എഫ് നരിമാന് ശേഷം രണ്ടു പതിറ്റാണ്ടിനിടെ അഭിഭാഷക റോളിൽ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ ആളാണ് ലളിത്.
ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിനെതിരെ ഉയർന്ന ആരോപണത്തിനും ലളിത് മറുപടി പറഞ്ഞു. ജഡ്ജിമാരെ നിയമിക്കാനുള്ള കൃത്യവും സമതുലിതവുമായ സംവിധാനമാണിതെന്നായിരുന്നു അദ്ദേഹം അഭിപ്രായഴപ്പെട്ടത്. സംവിധാനത്തിൽ സുതാര്യതയില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് മുൻ ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. മന്ത്രിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന സംവിധാനമാണ് കൊളീജിയമെന്നും ഇവിടെ എല്ലാ അഭിപ്രായങ്ങളും പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൊളീജിയം ശിപാർശ ചെയ്ത പേരുകൾ പരിഗണിക്കാൻ കേന്ദ്രസർക്കാർ കാലതാമസം വരുത്തുന്നതിൽ സുപ്രിംകോടതി രണ്ടു ദിവസം മുമ്പ് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
ന്യൂസ് ഡെസ്ക്