തിരുവനന്തപുരം: വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ സി പി എം സ്വതന്ത്രനായിരുന്ന നിലമ്പൂര്‍ എം.എല്‍.എ. പി വി അന്‍വര്‍ എവിടെ ഇരിക്കും? ഈ ചോദ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പി.വി. അന്‍വറിനെ സി പി എം സാമാജികര്‍ക്ക് അനുവദിച്ചിട്ടുള്ള നിയമസഭയിലെ ബ്ലോക്കില്‍ നിന്നും ഒഴിവാക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് സി പി എം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന് കത്ത് നല്‍കിയിട്ടുണ്ട്.

അന്‍വര്‍ പാര്‍ട്ടി അംഗമല്ലാത്തത് കൊണ്ട് പാര്‍ട്ടിയോട് തെറ്റിയതിന് കൂറുമാറ്റ നിരോധനനിയമം ബാധകല്ല. സി.പി.എം. നിയമസഭാകക്ഷി അംഗമായിരുന്നു അന്‍വര്‍. സി പി എം പിന്തുണ നഷ്ടപ്പെട്ടതോടെ അദ്ദേഹം നിയമസഭാ കക്ഷിയില്‍ നിന്ന് പുറത്തായി. ഭരണകക്ഷി അംഗങ്ങളോടൊപ്പം ഇനി ഇരിക്കാനാവില്ല. പ്രത്യേക ഇരിപ്പിടം അന്‍വറിന് നല്‍കേണ്ടി വരും.

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സ്വീകാര്യനാകാതെ വന്നതോടെ താന്‍ ഇനി നിലത്തിരിക്കേണ്ടിവരുമെന്ന് അന്‍വര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്‍വര്‍ നിലത്തിരിക്കേണ്ടിവരുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സ്പീക്കര്‍ സരസമായ മറുപടിയാണ് നല്‍കിയത്. സഭയില്‍ 250 പേര്‍ക്ക് ഇരിക്കാനുള്ള സീറ്റുണ്ടെന്നാണ് കരുതുന്നത്. അപ്പോള്‍ എന്തിന് നിലത്തിരിക്കണമെന്നാണ് സ്പീക്കറുടെ മറുപടി.

അന്‍വറിന്റെ ആരോപണങ്ങളിലും ദി ഹിന്ദു പത്രത്തിലെ അഭിമുഖ വിവാദത്തിലും മുഖ്യമന്ത്രിയെ പിന്തുണക്കുന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയേയോ ഏതെങ്കിലും മതവിഭാഗത്തേയോ മനപൂര്‍വം ടാര്‍ജെറ്റ് ചെയ്യുന്നതായി വിശ്വസിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭയില്‍ ഏതെങ്കിലും ചോദ്യങ്ങള്‍ മനപൂര്‍വം ഒഴിവാക്കിയിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

നിയമസഭയുടെ 12 ാം സമ്മേളനം നാളെ ആരംഭിക്കുമെങ്കിലും, വയനാട്, കോഴിക്കോട് ജില്ലകളില്‍ നടന്ന പ്രകൃതിദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ പിരിയും.