തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണത്തിന് അയ്യപ്പന്റെ മാത്രമല്ല എല്ലാവരുടേയും കടാക്ഷം ലഭിക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആഗോള അയ്യപ്പ സംഗമത്തിന് എന്‍എസ്എസ് പിന്തുണ നല്‍കിയതിനെ സ്വാഗതം ചെയ്തുകൊണ്ടാണ് ഗോവിന്ദന്റെ പ്രതികരണം. മൂന്നാം ടേമിലേക്കുള്ള യാത്രയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ട്. രണ്ടാം ഭരണം തന്നെ ചരിത്രത്തില്‍ ആദ്യമാണ്. മൂന്നാം ഭരണം എന്നത് പുതിയ അധ്യായമായിരിക്കും. അയ്യപ്പന്റെ മാത്രമല്ല, എല്ലാവരുടേയും കടാക്ഷം ലഭിക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കുമെന്ന് കഴിഞ്ഞദിവസമാണ് എന്‍എസ്എസ് അറിയിച്ചത്. ആചാര സംരക്ഷണമാണ് എന്‍എസ്എസിന്റെ നിലപാടെന്നും ആഗോള അയ്യപ്പ സംഗമം വിശ്വാസങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് നടത്തുന്നത്, അതില്‍ എന്‍എസ്എസിന് എതിര്‍പ്പില്ലെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ പറഞ്ഞിരുന്നു.

ശബരിമലയുടെ പുരോഗതിക്ക് ആഗോള അയ്യപ്പ സംഗമം വലിയ പങ്കുവഹിക്കുമെന്നും സംഗമം ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിശ്വസികള്‍ക്ക് ഒരിക്കലും വര്‍ഗീയവാദിയാകാന്‍ കഴിയില്ല. വര്‍ഗീയവാദികള്‍ക്ക് വിശ്വാസിയാകാനും കഴിയില്ല. വിശ്വാസികള്‍ ഏറെയുള്ള സമൂഹത്തില്‍ അവരെകൂടി പരിഗണിച്ചാണ് മുന്നോട്ട് പോകുക. പാര്‍ട്ടി എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. നാളെയും അങ്ങനെയായിരിക്കും. ആഗോള ആയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. ശബരിമലയുടെ പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതില്‍ ബിജെപി അസ്വസ്ഥമാകുന്നതില്‍ അത്ഭുതമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

എല്ലാ വിശ്വാസികളേയും അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കും എന്നാല്‍ വര്‍ഗീയ വാദികളെ ക്ഷണിക്കില്ലെന്നും വര്‍ഗീയവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ നല്ല പങ്കുവഹിക്കേണ്ടവരാണ് വിശ്വാസികളെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു. അതേസമയം സംഗമത്തിനെതിരെ ബിജെപി വിമര്‍ശനമുന്നയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിട്ടുണ്ടെന്ന് എം വി ഗോവിന്ദന്‍ മറുപടി നല്‍കി.

സെപ്റ്റംബര്‍ 20-നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്പാ തീരത്താണ് പരിപാടി. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.