- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച കെട്ടിടം; നായനാർ മുതൽ പിണറായി വരെയുള്ള മുഖ്യമന്ത്രിമാരെ നൽകിയ പഴയ തറവാടിന്റെ മട്ടും ഭാവവുമുള്ള മന്ദിരം; ബദൽ രേഖയുടെ നിഴലുകൾ വീണ അഴീക്കോടൻ മന്ദിരം; വിസ്മൃതിയിലാവുന്നത് അടിയന്തിരാവസ്ഥക്കാലത്ത് സിപിഎം നേതാക്കളെ കണ്ണിമ ചിമ്മാതെ സംരക്ഷിച്ച ആസ്ഥാന മന്ദിരം
കണ്ണൂർ: സി.പി. എം കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരം പൊളിച്ചു നീക്കാൻ തുടങ്ങിയതോടെ വിസ്മൃതിയിലാകുന്നത്് അരനൂറ്റാണ്ടോളം വരുന്ന കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം. കേരളത്തിലെ ഏറ്റവും കരുത്തുറ്റ ജില്ലയായ കണ്ണൂരിലെ പാർട്ടിയുടെ ചരിത്രം കടന്ന വാതിൽപ്പടികളാണ് മൂന്ന് നില കെട്ടിടത്തിലുള്ളത്.
ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം സിപിഎമ്മിന്റേതാകുന്നത് 1973ലാണ്. ആ വർഷം ഡിസംബർ അഞ്ചിന് ഇഎംഎസിന്റെ അധ്യക്ഷതയിൽ എ കെ ജിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. അന്ന് ജില്ലാ സെക്രട്ടറി എം വി രാഘവൻ ആയിരുന്നു. രക്തസാക്ഷികളുടെ പേരുകൾ നിറഞ്ഞ വരാന്ത, പാർട്ടി ക്ലാസുകളും പ്രസംഗങ്ങളും പതിഞ്ഞ എകെജി ഹാൾ. തൊട്ടടുത്തുള്ള ചടയൻ സ്മാരക മന്ദിരം, അങ്ങനെ എല്ലാം പൊളിച്ചു പുതുക്കുന്നതിൽ എല്ലാം ഉൾപ്പെടുന്നുണ്ട്.
തൃശൂരിൽ രാഷ്്ട്രീയ എതിരാളികളുടെ കുത്തേറ്റുമരിച്ച അഴീക്കോടൻ രാഘവന്റെ കുടുംബത്തെ സഹായിക്കാനും സ്മാരകത്തിനുമായി പിരിച്ച പണത്തിൽ നിന്നാണ് കെട്ടിടം വാങ്ങിയത്. നിരവധി രാഷ്ട്രീയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അഴീക്കോടൻ മന്ദിരത്തിലെ പാർട്ടി പ്രവർത്തനമെന്ന് അരനൂറ്റാണ്ടിലേറെ ഇവിടെ ഓഫീസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച പറശിനിക്കടവ് സ്വദേശിയായ സി.ശ്രീനിവാസൻ പറയുന്നു. കണ്ണൂർ ഐ.ടി. ഐയിൽ നിന്നും ഡിപ്ളോമ നേടിയ ശ്രീനിവാസൻ 1970-ലാണ് സി.പി. എമ്മിന്റെ ഓഫീസ് സെക്രട്ടറിയായി എത്തുന്നത്.
1972-ൽ അഴീക്കോടൻ രാഘവൻകൊല്ലപ്പെട്ടതിനു ശേഷം 1973-ലാണ് ജില്ലാകമ്മിറ്റി ഓഫീസാക്കാൻ കോഴിക്കോട് രൂപതയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം ബിഷപ്പ് മാക്സ്വെൽ നെറോണയിൽ നിന്നും അന്നത്തെ ജില്ലാസെക്രട്ടറി എം.വി രാഘവന്റെ നേതൃത്വത്തിൽ വിലയ്ക്കു വാങ്ങിയത്. എം.വി രാഘവൻ മുതൽ എം.വി ജയരാജൻ വരെയുള്ള നീണ്ട നിര തന്നെയുണ്ട് അഴീക്കോടൻ മന്ദിരത്തിൽ നിന്നും കേരളരാഷ്ട്രീയത്തിലെ ജില്ലാസെക്രട്ടറിയായവരുടെ നിര. പിന്നീട് കേരളംഭരിക്കുകയും സംസ്ഥാന രാഷ്ട്രീയത്തിൽ സി.പി. എമ്മിനെ നിയന്ത്രിച്ചിരുന്നതും അഴീക്കോടൻ മന്ദിരത്തിൽ നിന്നും ഉയർന്നു വന്ന നേതാക്കളായിരുന്നു.
അടിയന്തിരാവസ്ഥക്കാലവും എം.വി രാഘവന്റെ ബദൽ രേഖ ചർച്ചയും പിന്നീടുള്ള പുറത്തേക്ക് പോക്കും കെ.സുധാകരനുമായി നടത്തിയ പോരുമൊക്കെ അഴീക്കോടൻ മന്ദിരത്തെ ത്രസിപ്പിച്ച സംഭവങ്ങളായിരുന്നു. സിപി എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് എന്നതിനപ്പുറം കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച കെട്ടിടമാണ് ഇപ്പോൾ പൊളിച്ചു തുടങ്ങിയത്. ഇ.കെ നായനാർ മുതൽ പിണറായി വിജയൻവരെയുള്ള മുഖ്യമന്ത്രിമാരെ കേരളത്തിന് സംഭാവന ചെയ്തത് പഴയ തറവാടിന്റെ മട്ടുംഭാവവുമുള്ള ഈ മന്ദിരമായിരുന്നു.
പാർട്ടി പ്രവർത്തകർക്കൊപ്പം പൊതുസമൂഹമാകെ എന്നും നെഞ്ചേറ്റുന്നതാണ് രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ നാമധേയത്തിലുള്ള ഓഫീസ്. അടിയന്തിരാവസ്ഥക്കാലത്ത് ജില്ലയിലെ സമുന്നത സിപിഎം നേതാക്കളുടെ രാഷ്ട്രീയ പാഠശാലയും അധികാരവർഗവും രാഷ്ട്രീയ എതിരാളികളും വേട്ടയാടിയ ഘട്ടങ്ങളിൽ പാർട്ടിയുടെ അഭയകേന്ദ്രവുമായിരുന്നു ഈ കെട്ടിടം. അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള കാലങ്ങളിൽ പൊലീസും എതിരാളികളും ആക്രമിക്കാൻനോക്കിയപ്പോഴൊക്കെ ഒരു പോറൽപോലുമേൽക്കാതെ നേതാക്കളും പ്രവർത്തകരും ഇമചിമ്മാതെ കാവൽനിന്ന് സംരക്ഷിച്ചത് ഈ പഴയകെട്ടിടമായിരുന്നു.
രണ്ടുമുഖങ്ങളും പഴയ നായർതറവാടുകളെ അനുസ്മരിക്കുന്ന വലിയ മരത്തിന്റെ തൂണുകളും മരംപാകിയ മച്ചുകളും പൂർണമായി മരത്തിൽ തീർത്ത കട്ടിള, ജനലുകളുമൊക്കെ അഴീക്കോടൻ മന്ദിരത്തിന്റെ സവിശേഷതയാണ്. ഇരുട്ടും വെളിച്ചവും വീണ നിരവധി മുറികളുണ്ട് ഇവിടെ. വർഗ - ബഹുജന സംഘടനകളിൽ മിക്കതിന്റെയും ജില്ലാ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചു. ബാലസംഘം, എസ്എഫ്‌ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ഓഫീസ് ഇപ്പോഴും അഴീക്കോടൻ മന്ദിരത്തിലാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ദീർഘകാലം പ്രവർത്തിച്ചതും ഈ കെട്ടിടത്തിലായിരുന്നു. സി.പി. എം രാജ്യസഭാ, ലോക്സഭാ എംപിമാരുടെ ഓഫീസും പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു.
നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം ചോർന്നൊലിച്ച്, ചില ഭാഗങ്ങൾ തകരാൻ തുടങ്ങിയതോടെയാണ് പുനർനിർമ്മാണം അനിവാര്യമായത്. പഴയ കെട്ടിടത്തിന്റെ പ്രൗഢിയും ശിൽപ്പഭംഗിയും നിലനിർത്തിയാണ് പുതിയതിന്റെ നിർമ്മിതിയെന്ന് കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ പാറക്കണ്ടയിലെ താൽക്കാലിക കെട്ടിടത്തിലാണ് സി.പി. എംജില്ലാകമ്മിറ്റി ഓഫീസ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്.