കൊല്ലം: കേരളത്തിൽ വീണ്ടുമൊരു പാർട്ടിയുടെ മുന്നണി മാാറ്റം ഉണ്ടാകുമോ? ഇപ്പോൾ എൻഡിഎക്കൊപ്പം നിൽക്കുന്ന ബിഡിജെഎസ് പുതുവഴികെ കുറിച്ച് ആലോചന തുടങ്ങിയിട്ടുണ്ട്. മുന്നണി മര്യാദ പാലിക്കാതെ ബിജെപി തുടർച്ചയായി അവഗണിക്കുന്നതിനാൽ എൻ.ഡി.എ.വിട്ട് പുറത്തുവരണമെന്ന് ബി.ഡി.ജെ.എസിൽ ആവശ്യം. ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കണമെന്ന് പാർട്ടിയിലെ പ്രബലവിഭാഗം വാദിക്കുന്നുണ്ട്. എന്നാൽ, ബിഡിജെഎസുമായുള്ള മുന്നണി ബന്ധം കൊണ്ട് കാര്യമായ നേട്ടങ്ങളൊന്നും ഇല്ലെന്നും അതുകൊണ്ട് തന്നെ മുന്നണി വിട്ടാലും കുഴപ്പമില്ലെന്ന വികാരമാണ് ബിജെപി നേതാക്കളും പങ്കുവെക്കുന്നതും.

ബി.ഡി.ജെ.എസിന്റെ കഴിഞ്ഞ സംസ്ഥാന കൗൺസിലിൽ ബിജെപി. വിമർശനത്തിന്റെ കുത്തൊഴുക്കായിരുന്നു. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ നൽകിയില്ല, ലഭിച്ച സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം, ഐ.ടി.ഡി.സി. ഡയറക്ടർ സ്ഥാനം എന്നിവയുടെ കാലാവധി തീർന്നപ്പോൾ നീട്ടിത്തന്നില്ല തുടങ്ങിയ വിമർശനങ്ങൾ ഉയർന്നു. കഴിഞ്ഞതവണ ബി.ഡി.ജെ.എസ്. മത്സരിച്ച മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ഒരു സംസ്ഥാന ജനറൽ സെക്രട്ടറിയെ ഉയർത്തിക്കാട്ടി ബിജെപി. പ്രവർത്തനം നടത്തുന്നെന്ന വിമർശനവുമുണ്ടായി.

തൃശ്ശൂരിൽ അമിത് ഷാ പങ്കെടുത്ത യോഗത്തിൽ, തുഷാർ വെള്ളാപ്പള്ളിയെക്കൂടി വേദിയിലിരുത്തി സുരേഷ് ഗോപി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിലുള്ള അമർഷവും ബി.ഡി.ജെ.എസ്. മറച്ചുവയ്ക്കുന്നില്ല. സംഘടനയുടെ സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. 'ദേശീയശ്രദ്ധ ആകർഷിക്കുന്ന ഒരു പൊതുപരിപാടിയിൽ വന്ന് ഗ്ലാമർ രാഷ്ട്രീയം കളിക്കുന്നതിനോട് വിയോജിക്കണം. ആര് എവിടെ മത്സരിക്കണം, എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടണം എന്നതൊക്കെ മുന്നണിതീരുമാനമായി മാറണം. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളെ എന്നും എല്ലാ മുന്നണികളും തള്ളിക്കളഞ്ഞിട്ടുണ്ട്.'-അനിരുദ്ധ് പറയുന്നു.

മാർച്ച് 16-ന് കൊച്ചിയിൽ നടന്ന ബി.ഡി.ജെ.എസ്. സംസ്ഥാന പഠനശിബിരത്തിൽ ബിജെപി. നേതാക്കളാരും പങ്കെടുക്കാതിരുന്നതും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. ബിജെപി. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. സന്തോഷിന്റെയും ബി.ഡി.ജെ.എസ്., ബിജെപി. നേതാക്കളുടെയും ചിത്രംവെച്ച് പ്രചാരണവും നടത്തിയിരുന്നു.

സംസ്ഥാനത്തെ എ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിലൊന്ന് നേടിയെടുക്കുന്നതിനുള്ള സമ്മർദമാണ് ബി.ഡി.ജെ.എസിന്റെ പുതിയ നീക്കമെന്ന് കരുതുന്നു. ആറ്റിങ്ങൽ, മാവേലിക്കര, തൃശ്ശൂർ മണ്ഡലങ്ങളിൽ ഒന്നാണ് അവർ ലക്ഷ്യമിടുന്നത്. ബിജെപി. കേന്ദ്ര നേതൃത്വവുമായി ഇക്കാര്യങ്ങൾ ചർച്ചചെയ്യാനായി തുഷാർ വെള്ളാപ്പള്ളി ഡൽഹിയിലെത്തിയിട്ടുണ്ട്.

നേരത്തെ തങ്ങൾ വഴങ്ങിയാൽ താലത്തിൽ കൊണ്ടുപോകാൻ എൽ.ഡി.എഫും യു.ഡി.എഫും വരുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഹിന്ദുത്വംകൊണ്ട് മാത്രം കേരളം ഭരിക്കാനാവില്ലെന്നും ന്യൂനപക്ഷ പിന്തുണ ആവശ്യമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഏഴ് വർഷം മുൻപ് ഉയർന്നുവന്നതാണ് ബി.ഡി.ജെ.എസ്. ജില്ലാ കമ്മിറ്റികൾ പോലും ഉണ്ടായിരുന്നില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ പാർട്ടിയുടെ കരുത്ത് കേരളം കണ്ടു. എൻ.ഡി.എ. സ്ഥാനാർത്ഥികളുടെ വോട്ടുകൾ 2000-ൽ നിന്ന് 20,000-30,000-ൽ എത്തി. ഇന്ന് കേരളത്തിൽ ആര് ജയിക്കണമെന്ന് നിർണയിക്കാൻ പാർട്ടിക്ക് സാധിക്കും. ഓട്ടോറിക്ഷയിൽ കൊള്ളാൻപോലും ആളില്ലാത്ത പാർട്ടിയുടെ നേതാക്കൾ കേരളത്തിൽ അധികാരക്കസേരകളിൽ ഇരിക്കുമ്പോഴാണ് സംസ്ഥാനം മുഴുവൻ സംഘടനാ സംവിധാനമുള്ള, വലിയൊരു സമൂഹത്തിന്റെ പിന്തുണയും കരുത്തുമുള്ള ബി.ഡി.ജെ.എസ്. സാമൂഹികനീതിക്കായി പോരാടുന്നത് - തുഷാർ പറഞ്ഞിരുന്നു.

നേരത്തെ തൃശ്ശൂർ സീറ്റിനെ ചൊല്ലി വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. തൃശ്ശൂരില് സുരേഷ് ഗോപി സ്വയം സ്ഥാനാർത്ഥിത്വവും സീറ്റും പ്രഖ്യാപിക്കുന്ന വിധം പ്രസംഗിച്ചതിലും ബി ഡി ജെ എസിന് ശക്തമായ പ്രതിഷേധമുണ്ട്. ലോക്‌സഭ തിരഞ്ഞെുടുപ്പിൽ കഴിഞ്ഞ തവണ ബി ഡി ജെ എസിന് കിട്ടിയ സീറ്റ് വയനാടായിരുന്നു. ഇത്തവണ അതിന് പകരം വിജയ സാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യം പാർട്ടിക്കുണ്ട്. അത്തരത്തിൽ തുഷാർ വെള്ളാപ്പള്ളി ലക്ഷ്യം വെക്കുന്ന സീറ്റ് ആണ് തൃശ്ശൂർ.