തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന എക്‌സിക്യുട്ടീവിൽ ഇന്ന് വിഷയം ചർച്ചയ്ക്ക് എടുത്തപ്പോൾ അംഗങ്ങളാരും മറ്റ് പേരുകൾ നിർദ്ദേശിച്ചില്ല. സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിക്കും. നാളത്തെ കൗൺസിലിൽ തീരുമാനമാകും.

സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടത്. ജനറൽ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റംഗങ്ങളായ കെ നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ നിർവ്വാഹക സമിതിയംഗം ആനി രാജ എന്നിവരാണ് സംസ്ഥാനത്തെത്തുക. ഇവരുടെ നിരീക്ഷണത്തിൻ കീഴിലായിരിക്കും യോഗം. ബിനോയ് വിശ്വത്തെ കാര്യമായ എതിർപ്പുകളില്ലാതെ പദവിയിലെത്തിക്കാനാണ് നേതാക്കൾ ശ്രമിക്കുക.

അതിനിടെ എപി ജയന്റെ സ്ഥാനമാറ്റത്തെ തുടർന്ന് പത്തനംതിട്ടാ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച മുല്ലക്കര രത്‌നാകരൻ സ്ഥാനമൊഴിഞ്ഞു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സികെ ശശിധരനാണ് പകരം ചുമതല. ജില്ലാ സെക്രട്ടറിയായിരുന്ന എപി ജയനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് മുല്ലക്കരയ്ക്ക് ചുമതല നൽകിയത്. എന്നാൽ ജില്ലയിലെ പാർട്ടി നേതൃത്വത്തിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കാൻ മുല്ലക്കര വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.