പത്തനംതിട്ട: വാച്ചു വാങ്ങുന്നവർക്ക് കർച്ചീഫ് ഫ്രീ, ഒന്നെടുത്താൽ മറ്റൊന്ന് ഫ്രീ എന്നിങ്ങനെയൊക്കെ കേട്ടാൽ മലയാളി കമിഴ്ന്നു വീഴുമെന്ന് ഒരു പേരു ദോഷം പണ്ടേയുള്ളതാണ്. ഫ്രീ കിട്ടിയാൽ മലയാളി എന്തും ചെയ്യുമെന്നതിന് തെളിവായി കിറ്റ് വാങ്ങി വോട്ട് ചെയ്തിന്റെ ഫലമായി രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത് വരെ ചൂണ്ടിക്കാണിക്കുന്നവരുണ്ട്.

മലയാളിയുടെ സൗജന്യ, സമ്മാന കമ്പം മുതലാക്കാനുള്ള ശ്രമത്തിലാണ് പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വം. മറ്റൊന്നുമല്ല, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആളെ കൂട്ടണം. കൊടി പിടിച്ച് ബസിൽ കയറി തിരുവനന്തപുരത്തിന് ആളുകൾ പോയിരുന്ന കാലമൊക്കെ പണ്ട്. ഇപ്പോൾ തങ്ങൾക്ക് എന്തെങ്കിലും പ്രയോജനം കിട്ടിയാൽ മാത്രമേ അതിനൊക്കെ ആൾ്കാർ മുതിരുകയുള്ളൂ.

രാഹുൽജിയുടെ പരിപാടി വിജയിപ്പിക്കാൻ കൂടുതൽ ആളുമായി ചെന്നില്ലെങ്കിൽ അതിന്റെ നാണക്കേട് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള അഖിലേന്ത്യാ നേതാവ് പിജെ കുര്യനാണ്. ഇദ്ദേഹത്തിന്റെ റാൻ മൂളിയാണ് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ എന്നൊരു ആക്ഷേപം നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിലുണ്ട്. അതു കൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ കൺവൻഷൻ വിജയിപ്പിക്കാൻ വിളിച്ചു ചേർത്ത തിരുവല്ല നിയോജക മണ്ഡലം കൺവൻഷനിൽ അമ്പതു പേർ പോലും ഇല്ലായിരുന്നു. ഇതു കണ്ട് ഞെട്ടിയ കെപിസിസി സെക്രട്ടറി പഴകുളം മധു വേദിയിൽ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞു.

അപകടം മുൻകുട്ടിക്കണ്ട കോൺഗ്രസ് ജില്ലാ നേതൃത്വം രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് ആളെക്കൂട്ടാൻ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്.
ഇതിനായി ഒരു സമ്മാന പദ്ധതി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസിസി നേതൃത്വം. പദയാത്രികരുമായി ഏറ്റവും കൂടുതൽ ബസുകൾ വിടുന്ന ബ്ലോക്ക്-മണ്ഡലം-ബൂത്ത് കമ്മറ്റികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാ പത്രവും നൽകും. മാത്രവുമല്ല, ഇത് ഡിസിസി ജനറൽ ബോഡി യോഗത്തിൽ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാകും വിതരണം ചെയ്യുക.

ഒരു ബൂത്തിൽ നിന്നും ഒരു ബസ് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സമ്മാന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റിന്റെ സർക്കുലറിൽ പറയുന്നു. ബൂത്ത് തലത്തിൽ 55,000 രൂപയാണ് യാത്രയ്ക്ക് ഫണ്ട് കണ്ടെത്തേണ്ടത്. ഇതിൽ പാർട്ടി വിഹിതമായി 10,000 രൂപ നൽകണം.