- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കണ്ണപുരത്ത് പൊട്ടിയത് ബോംബല്ല, ഗുണ്ടാണ്'; പടക്കക്കരാറുകാരന് കോണ്‍ഗ്രസ് അനുഭാവിയാണ്; കോണ്‍ഗ്രസ് നുണപ്രചരണം നടത്തുന്നുവെന്ന് ബിനീഷ് കോടിയേരി
'കണ്ണപുരത്ത് പൊട്ടിയത് ബോംബല്ല, ഗുണ്ടാണ്';
കണ്ണൂര്‍: കണ്ണപുരത്ത് ഒരാള്‍ മരിക്കാനിടയായ സ്‌ഫോടനം ഉഗ്രശേഷിയുള്ള ഗുണ്ട് പൊട്ടിയാണെന്നും അവിടെ ബോംബല്ല പൊട്ടിയതെന്നും ബിനീഷ് കോടിയേരി. യാഥാര്‍ഥ്യം വളച്ചൊടിക്കുന്ന കോണ്‍ഗ്രസ് സൈബര്‍ സംഘങ്ങളുടെ പച്ച നുണപ്രചരണം ജനം തിരിച്ചറിയണംമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
ബോംബ് നിര്‍മാണത്തിനിടെ സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. പടക്കക്കരാറുകാരനായ കോണ്‍ഗ്രസ് അനുഭാവി അനൂപ് മാലിക് എന്നയാളുടെ വീടിന് സമീപത്താണ് സ്‌ഫോടനം നടന്നത്. രാഷ്ട്രീയ ലാഭം നേടാന്‍വേണ്ടി കള്ളപ്രചരണം നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളില്‍നിന്നുള്ള കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് ഫേസ്ബുക് പോസ്റ്റ്.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
കണ്ണപുരം സ്‌ഫോടനം: ബോംബല്ല, ഗുണ്ടാണ്! യാഥാര്‍ഥ്യം വളച്ചൊടിക്കുന്ന കോണ്‍ഗ്രസ് സൈബര്‍ സംഘങ്ങളുടെ പച്ച നുണപ്രചരണം ജനങ്ങള്‍ തിരിച്ചറിയണം. (കമന്റ് ബോക്‌സില്‍ കണ്ണൂര്‍ വിഷന്റെ ഒരു വീഡിയോ നല്‍കാന്‍ നിങ്ങള്‍ അത് കാണണം)
കണ്ണപുരത്ത് നടന്ന സ്‌ഫോടനത്തെച്ചൊല്ലി കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. ബോംബ് നിര്‍മ്മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചെന്ന പച്ചക്കള്ളമാണ് അവര്‍ പ്രചരിപ്പിക്കുന്നത്.
എന്നാല്‍, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അതല്ല. കണ്ണപുരത്ത് പൊട്ടിയത് ബോംബല്ല, ഉഗ്രശേഷിയുള്ള ഗുണ്ടാണ്. പടക്കക്കരാറുകാരനായ കോണ്‍ഗ്രസ് അനുഭാവിയായ അനൂപ് മാലിക്ക് എന്നയാളുടെ വീടിന് സമീപത്താണ് ഈ സ്‌ഫോടനം നടന്നത്. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
ഈ വിഷയത്തില്‍ പ്രതികരിച്ച സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അനൂപ് മാലിക് കോണ്‍ഗ്രസുമായി ബന്ധമുള്ളയാളെന്നും ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാത്ത സമയത്ത് സ്‌ഫോടക വസ്തു നിര്‍മിച്ചത് എന്തിനാണെന്നും രാഗേഷ് ചോദിച്ചു. വീട്ടില്‍ കിടന്നുറങ്ങിയിരുന്ന ആളാണ് മരിച്ചതെന്നും കെ.കെ രാഗേഷ് പറഞ്ഞു.
ഈ സത്യം മറച്ചുവെച്ച്, രാഷ്ട്രീയ ലാഭം നേടാന്‍വേണ്ടി കള്ളപ്രചരണം നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കുക. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഈ വസ്തുതകള്‍ എല്ലാവരിലേക്കും എത്തിക്കുക.
ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കണ്ണപുരം കീഴറയിലെ വീട്ടില്‍ ഉഗ്രസ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി. പടക്ക നിര്‍മാണ വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്‌ഫോടനത്തില്‍ തകര്‍ന്ന വീടിനു സമീപം താമസിക്കുന്നയാള്‍ നല്‍കിയ പരാതിയില്‍ എക്സ്പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. വീട് വാടകക്കെടുത്ത അനൂപ് മാലിക് എന്ന കണ്ണൂര്‍ അലവില്‍ സ്വദേശി അനൂപിനെ പ്രതി ചേര്‍ത്തു. സ്‌ഫോടനത്തില്‍ ഇയാളുടെ തൊഴിലാളി ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്.
സംഭവത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണപുരം പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലേല്‍ക്കുകയും ചെയ്തു. 2016ലെ പൊടിക്കുണ്ട് സ്‌ഫോടനക്കേസ് ഉള്‍പ്പെടെ പല കേസുകളിലും പ്രതിയായ ആളാണ് അനൂപ്. മുമ്പത്തെ കേസുകളില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ഇയാളെ രക്ഷിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 2016ലെ കേസിന് പുറമെ അനധികൃത പടക്കം സൂക്ഷിച്ചതിന് 2009ലും 2013ലും വളപട്ടണം പൊലീസ് ഇയാളെ പിടികൂടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.