ആലപ്പുഴ: സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന കസ്റ്റഡി മര്‍ദനത്തില്‍ രൂക്ഷ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്യൂണിസ്റ്റുകാര്‍ എല്ലാ കാലത്തും കസ്റ്റഡി മര്‍ദനത്തിന് എതിരാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ലോക്കപ്പ് മര്‍ദനങ്ങള്‍ എല്‍.ഡി.എഫിന്റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍.ഡി.എഫ് നയം മനസിലാക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ കസ്റ്റഡി മര്‍ദനത്തിലേക്ക് നീങ്ങുന്നുണ്ടെങ്കില്‍ അത്തരക്കാരെ ശിക്ഷിക്കണം. ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് പകല്‍ പോലെ വ്യക്തമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പോലീസാണ് കേരളത്തിലേതെന്ന് സിപിഐ സമ്മേളനത്തിന്റെ ഭാഗമായ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 'കുറ്റകൃത്യങ്ങളിലെ പ്രതികളെ കണ്ടെത്താനും ശിക്ഷ വാങ്ങിക്കൊടുക്കാനും കേരള പോലീസിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെ'ന്ന് ബിനോയ് വിശ്വം അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കപ്പ് മര്‍ദനങ്ങളും പെരുമാറ്റദൂഷ്യവും മൂലം കേരള പോലീസ് രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നതിനിടെയാണ് ഈ നിലപാട്.

ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാനനില കേരളത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തേ, സംസ്ഥാന കൗണ്‍സിലില്‍ കരടു റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമര്‍ശം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടാ, പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞോട്ടെ എന്ന നിലപാടിലായിരുന്നു ബിനോയ് വിശ്വം.

സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്കു പുറമേ വ്യവസായം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വൈദ്യുതി, തുറമുഖം, തൊഴില്‍ തുടങ്ങി ഒട്ടു മിക്ക വകുപ്പുകളെയും റിപ്പോര്‍ട്ട് നന്നായി പുകഴ്ത്തുന്നുണ്ട്. കേരളത്തിലുയരുന്ന രാഷ്ട്രീയ വെല്ലുവിളികളെ നേരിടാനും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ വിജയം നേടാനും ആവശ്യമായ കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകണമെന്ന് ധനവകുപ്പിനെ ഉപദേശിക്കുന്നുമുണ്ട്.

അതേസമയം ഇടതുപാര്‍ട്ടികള്‍ക്കെല്ലാം കൂടി ലോക്സഭയില്‍ രണ്ടക്കം തികയാത്ത സ്ഥിതിയില്‍ ഫാസിസത്തെ എങ്ങനെ നേരിടാനാകുമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. 41-ല്‍ നിന്ന് രണ്ടക്കത്തിനു താഴേക്ക് ഇടത് അംഗസംഖ്യ താഴ്ന്നു. രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവിക്ക് കമ്യൂണിസ്റ്റ് ഐക്യം അനിവാര്യമാണ്.

എവിടെ പോകുമ്പോഴും പാര്‍ട്ടിക്കു പുറത്തുള്ള ബുദ്ധിജീവികള്‍ ഈ ആവശ്യം ഉന്നയിക്കാറുണ്ട് -രാജ പറഞ്ഞു. സിപിഐ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ഐക്യത്തെപ്പറ്റിയും അതിന്റെ ആവശ്യകതയെപ്പറ്റിയുമാണ് എല്ലാവരും സംസാരിക്കുന്നത്. സിപിഐയെയും പോഷകസംഘടനകളെയും ശക്തിപ്പെടുത്തി മാത്രമേ ഇക്കാര്യം സാധിക്കൂ. കേരളത്തില്‍ അംഗത്വത്തിന്റെയും ഇടപെടല്‍ ശേഷിയുടെയും കാര്യത്തില്‍ പാര്‍ട്ടി ഒന്നാംസ്ഥാനത്താണ്. എന്നാല്‍, ഗ്രാമപ്പഞ്ചായത്തു മുതല്‍ ലോക്സഭ വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ജയിക്കേണ്ടതുണ്ട്.

ലോക്സഭയിലെ അംഗസംഖ്യ ചുരുങ്ങിവരുന്നതടക്കം രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ സ്വയംചോദിച്ച് ഉത്തരം കണ്ടെത്തണം. ബംഗാളില്‍ ഇടതുശക്തികള്‍ തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.