തിരുവനന്തപുരം: മുകേഷിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുളള രാജിയില്‍ തിരക്ക് കൂട്ടരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആനി രാജ അടക്കമുള്ളവര്‍ മുകേഷ് എത്രയും വേഗം രാജിവെക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോഴാണ് ബിനോയ് വിശ്വം നിലപാട് മയപ്പെടുത്തുന്നത്. രാജി ആവശ്യത്തിന് സിപിഎം വഴങ്ങിയേക്കില്ലെന്നാണ് സൂചന. ഇതോടെയാണ് ബിനോയ് വിശ്വവും മെല്ലേപ്പോക്ക് നയം സ്വീകരിക്കുന്നത്.

ആരോപണം നേരിട്ടവര്‍ മുന്‍പും ഉണ്ടായിട്ടില്ലേയെന്നാണ് രാജി ആവശ്യം ഉയര്‍ത്തിയവരോട് സിപിഐ സംസ്ഥാന സെക്രട്ടറി ഉയര്‍ത്തുന്ന ചോദ്യം. ര്‍ക്കാര്‍ നീങ്ങുന്നത് ശരിയായ വഴിയിലാണെന്നും സര്‍ക്കാര്‍ സ്ത്രീപക്ഷത്താണെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു. ഹേമ കമ്മിറ്റി പുറത്ത് റിപ്പോര്‍ട്ട് വന്നപ്പോള്‍ ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ചതാണ് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നത്.

ബലാത്സംഗ കേസില്‍ പ്രതിയായ എംഎല്‍എ മുകേഷ് രാജിവെക്കണമെന്നാണ് സിപിഐ ദേശീയ നേതാവ് ആനിരാജയുടെ നിലപാട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമാനമായ കേസുണ്ടായപ്പോള്‍ രാജിവെച്ചിട്ടില്ലെന്നും അതിനാല്‍ ഞങ്ങളും രാജിവെക്കില്ലെന്നുമുളള നിലപാട് ശരിയല്ല. കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

അധികാരത്തില്‍ ഇരിക്കുന്ന ഒരാള്‍ ഇത്തരം കുറ്റം ചെയ്‌തെന്ന് വരികയും സര്‍ക്കാര്‍ അത് പരിശോധിക്കുമെന്ന് പറയുകയും ചെയ്യുമ്പോള്‍ അതിന്റെ സത്യസന്ധതയും നീതിപൂര്‍വതയും എല്ലാം ചോദ്യം ചെയ്യപ്പെടുന്നു. അതിന്റെ ഗൗരവത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഇത് കാണണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

അതേസമയം നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടും രാജിയാവശ്യം അംഗീകരിക്കാത്ത നിലപാടാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ സ്വീകരിച്ചത്. സമാനമായ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോയെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷിന്റെ രാജിയാവശ്യം ഇപി ജയരാജന്‍ തള്ളിയത്.

മുകേഷിനെതിരെ കേസെടുത്തത് ധാര്‍മികമായ നിലപാടാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ സംരക്ഷണത്തിനു സ്വീകരിച്ചത് ചരിത്ര നടപടിയാണ്. മുഖം നോക്കാതെയാണ് ശക്തമായ നടപടിയെടുത്തത്. പൊലീസ് നടപടിയും സ്വീകരിച്ചുവരുകയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും ചരിത്രപരമായ നടപടിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആരോടും മമത ഇല്ല. പ്രത്യേക സംരക്ഷണം നല്‍കില്ല. തെറ്റിന് ശിക്ഷ ഉണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമാന പരാതിയില്‍ രാജിവെച്ചില്ല. എല്ലാം കാത്തിരുന്ന് കാണാമെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു.

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെതിരെ കേസെടുത്തിരുന്നു. മരട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. നടന്‍ ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ 26ാം തീയതിയാണ് മുകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ നിയമസംഹിത 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി ആരോപിച്ചിരുന്നു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.