ചങ്ങനാശ്ശേരി: എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം ജയന്തി ദിനത്തിലെ തന്റെ സാന്നിധ്യം കൊണ്ട് ഒട്ടേറെ രാഷ്ട്രീയ ചർച്ചകൾക്കാണ് ശശി തരൂർ എംപി വഴിവെച്ചിരിക്കുന്നത്.തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഏത് കോൺഗ്രസ് നേതാവിനെ ആര് പുകഴ്‌ത്തിയാലും അതിനെ സ്വാഗതം ചെയ്യുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ളവരുടെ പ്രതികരണം.എന്നാൽ പെരുന്നയിൽ ശശി തരൂർ നടത്തിയ പ്രസംഗത്തിൽ പാർട്ടിയിലെ പടല പിണക്കങ്ങൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ ഒളിയമ്പിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ്.ആലപ്പുഴയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലാണ് തരൂരിനെതിരെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

തരൂരിന്റെ പ്രസംഗം അല്പത്തരമായിപ്പോയി എന്നാണ് ബിനു തന്റെ ഫസ്ബുക്കിൽ കുറിച്ചത്.ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്.അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ടെന്ന ഒളിയമ്പോടെയായിരുന്നു മന്നം ജയന്തി സമ്മേളനത്തിലെ തരൂരിന്റെ പ്രസംഗം.ഇതിനെതിരെയാണ് ബിനു ചുള്ളിയിൽ രംഗത്തെത്തിയിരിക്കുന്നത്. മത്സരം ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആൾ പറയുന്നത് അൽപത്തരമാണെന്നാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ വിമർശനം.

ബിനു ചുള്ളിയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ബഹുമാന്യനായ ശശിതരൂർ ചങ്ങാനാശ്ശേരിയിൽ എൻ എസ് എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗം അങ്ങേയറ്റം അൽപത്തരമായി പോയി.
രാഷ്ട്രീയ പാർട്ടിയിൽ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവരവരുടെ ഇടങ്ങളിൽ മൽസരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ് . അത് ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആൾ പറയുന്നത് അൽപത്തരമാണ്.

എൻ എസ് എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിൽ ശശി തരൂരിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്.അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്.എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ട്. മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ സന്തോഷം തരുന്ന സന്ദർശനമാണ് ഇന്നത്തേതെന്നും തരൂർ കൂട്ടിച്ചേർത്തു.

മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തിൽ തരൂരിന്റെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മുമ്പ് താൻ തരൂരിനെ ഡൽഹി നായർ എന്ന് വിളിച്ചിരുന്നു.ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും പറഞ്ഞു.തരൂർ കേരളത്തിന്റെ വിശ്വപൗരനാണ്. മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.