ആലപ്പുഴ: കായംകുളത്ത് സിപിഎം വിട്ട് ബിപിന്‍ സി. ബാബു ബി.ജെ.പി.യില്‍ ചേര്‍ന്നതോടെ 10-നു നടക്കുന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ബലാബലത്തിനുള്ള ഗോദയായി മാറും. പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശക്തിതെളിയിക്കാന്‍ ബിപിന്‍ സജീവമാണ്. ബിപിനു സ്വാധീനമുള്ള വാര്‍ഡിലാണ് ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്ത് അംഗം മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഒഴിവുവന്നത്. കഴിഞ്ഞതവണ സി.പി.എം. 54 വോട്ടിനാണ് വിജയിച്ചത്. 531 വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന് 477 വോട്ടും ബി.ജെ.പി.ക്ക് 406 വോട്ടും ലഭിച്ചിരുന്നു. ഇത് മനസ്സിലാക്കി സിപിഎമ്മും കരുതലുകള്‍ എടുക്കുന്നുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ 12 ാം വാര്‍ഡില്‍ പോരാട്ടം തീപാറുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ത്രികോണ മത്സരം നടക്കുന്ന ഇവിടെ വിജയം മൂന്ന് മുന്നണികള്‍ക്കും വിജയം അനിവാര്യമാണ്. ഡിസംബര്‍ 10-നാണ് ഉപതിരഞ്ഞെടുപ്പ്.സി.പി.എം കോട്ടയായി പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പഞ്ചായത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നിലെത്തിയതോടെയാണ് ഇടത്,വലത് മുന്നണികള്‍ക്ക് ഉറക്കം നഷ്ടമായത്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ദീപക് എരുവ, എന്‍.ഡി.എ.സ്ഥാനാര്‍ഥിയായി ബിജു ആമ്പക്കാട്, എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി സി.എസ്.ശിവശങ്കരപിള്ള എന്നിവരാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസിനും കരുത്ത് കാട്ടേണ്ടത് ആലപ്പുഴ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്.

തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ മുന്നണികള്‍ വീടുകള്‍ തോറും കയറി ഇറങ്ങിയുള്ള പ്രചാരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. അതിനിടെയാണ് ബിപിന്റെ കൂടുമാറ്റം. പഞ്ചായത്തംഗമായിരുന്ന ജയകുമാരി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജയകുമാരിയുടെ ഭര്‍ത്താവാണ് ഇത്തവണത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എസ്.ശിവശങ്കരപിള്ള. സഹതാപ തരംഗത്തില്‍ ജയിക്കാമെന്നാണ് സിപിഎം പ്രതീക്ഷ. ബിപിന്‍ കൂടുമാറുമ്പോള്‍ എന്തും സംഭവിക്കാമെന്നതാണ് അവസ്ഥ. അത് ബിജെപി സാധ്യതകള്‍ കൂട്ടുകയും ചെയ്യുന്നു.

കായംകുളത്തെ സിപിഎമ്മില്‍ വിഭാഗീയത ശക്തമാണ്. ജി സുധാകരന്‍ ഇഫക്ട് പോലും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ സി.പി.എമ്മിലെ അസംതൃപ്തരെ ഒപ്പംകൂട്ടി ശക്തി തെളിയിക്കാനാകും ബിപിന്റെ ശ്രമം. ഇതിനു തടയിടാന്‍ പാര്‍ട്ടിയും മുന്നിട്ടിറങ്ങും. പാര്‍ട്ടി നടപടിക്കു മുന്‍പുവരെ പാര്‍ട്ടിയുടെ യുവജനമുഖമായിരുന്നു. നിലവില്‍ കൃഷ്ണപുരം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. ഇതു രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇല്ലാത്ത പക്ഷം ആയോഗ്യനാക്കാനുള്ള നീക്കം സിപിഎം നടത്തും. തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കും വിധം രാജിവയ്ക്കുകയാണ് ബിപിന്റെ ലക്ഷ്യം. അതുകൊണ്ട് കുറച്ചു ദിവസം കൂടി കാത്തിരിക്കും. അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പുണ്ട്. അതുകൊണ്ട് തന്നെ ചെറിയ കാലയളവിലേക്ക് വോട്ടെടുപ്പ് നടക്കില്ല.

തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷമില്ലാത്തതിനാല്‍ രാജിവെച്ചാലും ഉപതിരഞ്ഞെടുപ്പു നടക്കാന്‍ സാധ്യത കുറവ്. കഴിഞ്ഞദിവസം നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലും ബിപിന്‍ പങ്കെടുത്തിരുന്നു. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, സി.പി.എം. കായംകുളം ഏരിയ സെന്റര്‍ അംഗം, 2015-2018 വര്‍ഷത്തില്‍ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ കെ.എല്‍. പ്രസന്നകുമാരി സി.പി.എം. ഏരിയ കമ്മിറ്റി അംഗവും 20 വര്‍ഷത്തോളം ജനപ്രതിനിധിയുമായിരുന്നു. മുന്‍ ഭാര്യയും ഡിവൈഎഫ്‌ഐയിലെ സജീവ സാന്നിധ്യമാണ്. ഇവരെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നമാണ് ബിപിനെ സിിപിഎമ്മില്‍ നിന്നും അകറ്റിയത്. പാര്‍ട്ടിയംഗം കൂടിയായ ഭാര്യ ഗാര്‍ഹികപീഡന പരാതി പാര്‍ട്ടിക്കു നല്‍കിയതോടെയാണു വിവാദങ്ങളില്‍പ്പെട്ടത്.

പാര്‍ട്ടി ഇടപെട്ടായിരുന്നു ഇവരുടെ വിവാഹം. രണ്ടുവര്‍ഷം മുന്‍പ് വ്യക്തിപരമായ ചില ആരോപണങ്ങളുന്നയിച്ച് ബിപിന്റെ ഔദ്യോഗിക വാഹനം ഭാര്യ വഴിയില്‍ തടഞ്ഞുനിര്‍ത്തി. ഗാര്‍ഹികപീഡന പരാതി പാര്‍ട്ടിക്കു നല്‍കുകയും ചെയ്തു. ഇതോടെ കുടുംബപ്രശ്നം പാര്‍ട്ടിവിഷയമായി. ആരോപണം അന്വേഷിച്ച പാര്‍ട്ടി ആറുമാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. കായംകുളം ഏരിയ കമ്മിറ്റിയംഗമായിരുന്നു അപ്പോള്‍. ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിയും വന്നു. നടപടിയുടെ കാലാവധി കഴിഞ്ഞിട്ടും ബിപിനെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് എടുത്തതില്‍ ബിപിന്‍ അസ്വസ്ഥനായിരുന്നു. വിഭാഗീയതമൂലം തനിക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കു പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് ബിജെപിയിലേക്കുള്ള പോക്ക്.

ബിപിന്റെ അമ്മ കെ.എല്‍. പ്രസന്നകുമാരി ഏരിയ കമ്മിറ്റിയംഗമാണ്. ഏരിയ കമ്മിറ്റിയില്‍നിന്നു രാജിവെക്കുകയാണെന്നുകാണിച്ച് പ്രസന്നകുമാരിയും നേരത്തേ പാര്‍ട്ടിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍, മന്ത്രി സജി ചെറിയാന്‍ വീട്ടിലെത്തി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെ രണ്ടുപേരും പാര്‍ട്ടി പരിപാടികളില്‍ സജീവമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിപിന്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തു. ബിപിന്‍ പാര്‍ട്ടിവിടുമെന്ന് സി.പി.എം. പ്രതീക്ഷിച്ചിരുന്നു. 2001-ലെ നിയമസഭാതിരഞ്ഞെടുപ്പു കാലത്ത് കരീലക്കുളങ്ങരയില്‍ സത്യന്‍ എന്ന ഓട്ടോറിക്ഷാത്തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയത് പാര്‍ട്ടി ആലോചിച്ചാണെന്നായിരുന്നുവെന്ന ആരോപണം ബിപിന്‍ ഉയര്‍ത്തിയിരുന്നു.

കൊല്ലപ്പെടുമ്പോള്‍ സത്യന്‍ കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സി.യുടെയും സജീവപ്രവര്‍ത്തകനായിരുന്നു. മുന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായിരുന്നു സത്യന്‍. പാര്‍ട്ടി നടപ്പാക്കിയ കൊലപാതകത്തില്‍ നിരപരാധിയായ താന്‍ ജയിലില്‍ക്കിടന്നുവെന്നും ബിപിന്‍ ആരോപിച്ചു. ബിപിന്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായവരെ 2006-ല്‍ കോടതി വെറുേതവിട്ടു.