തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ മൂന്ന് മാസം കൂടി തുടര്‍ന്നേക്കും. ബിജെപി സംഘടനാ തിരഞ്ഞെടുപ്പിന്റെ ചട്ടക്കൂടുകള്‍ കാരണമാണ് ഇത്. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് മാത്രമായിരുന്നു ചര്‍ച്ച. ഉപതിരഞ്ഞെടുപ്പ് വിവാദം ചര്‍ച്ചയാക്കാന്‍ കെ സുരേന്ദ്രന്‍ അനുവദിച്ചില്ല. വിവാദങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ഇല്ലാത്തതു കൊണ്ടാണ് അത്. തന്ത്രത്തില്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ഒതുക്കി. ബിജെപി സംസ്ഥാന അധ്യക്ഷനെ കേരളത്തില്‍ കണ്ടെത്തില്ല. പുതിയ ദേശീയ അധ്യക്ഷനെ നിശ്ചയിച്ച ശേഷമേ സംസ്ഥാന പ്രസിഡന്റില്‍ തീരുമാനം വരൂ. അതായത് സംസ്ഥാന അധ്യക്ഷനെ നിശ്ചിക്കാനുള്ള അധികാരം ദേശീയ നേതൃത്വത്തിന് നല്‍കും. സമാനമായി പുതിയ സംസ്ഥാന പ്രസിഡന്റ് വന്ന ശേഷമേ ജില്ലാ അധ്യക്ഷന്മാരേയും തീരുമാനിക്കൂ. അവിടേയും സംഘടനാ തിരഞ്ഞെടുപ്പുണ്ടാകില്ല. എന്നാല്‍ ബൂത്ത് മുതല്‍ മണ്ഡലം തലം വരെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും.

ബൂത്ത്-മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നാലംഗ സമിതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം നിയോഗിച്ചു; ശോഭ സുരേന്ദ്രനും പികെ കൃഷ്ണദാസും എംടി രമേശും സുധീറും സമിതിയില്‍ അംഗങ്ങളാണ്. ജില്ലാ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് പുതിയ സംസ്ഥാന പ്രസിഡണ്ട് എത്തിയ ശേഷമെന്നും യോഗത്തെ സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം പാര്‍ട്ടിക്കുള്ളില്‍ വിഭാഗിയത പുതിയ തലത്തിലെത്തുമെന്ന അഭിപ്രായം കുമ്മനം രാജശേഖരനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചിരുന്നു. ഫലത്തില്‍ കേരളത്തിലെ ബിജെപിയില്‍ മാറ്റങ്ങള്‍ വരാന്‍ കുറഞ്ഞത് മൂന്ന് മാസം കൂടി എടുക്കുമെന്ന സൂചനയാണ് ബിജെപി യോഗം നല്‍കുന്നത്. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പികെ കൃഷ്ണദാസും എംടി രമേശും എഎന്‍ രാധാകൃഷ്ണനും ജെ ആര്‍ പത്മകുമാറും പങ്കെടുത്തിരുന്നില്ല. ഈ മുതിര്‍ന്ന നേതാക്കളുടെ അഭാവത്തിലാണ് അവരില്‍ ചിലര്‍ കൂടി ഉള്‍പ്പെടുന്ന നാലംഗ സമിതിയെ നിശ്ചയിച്ചത്.

ഇത്രയും നാള്‍ സുരേന്ദ്രനെ തുണച്ചിരുന്ന മുന്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അദ്ദേഹത്തെ കൈവിട്ടതിന്റെ സൂചനകളും നേതൃയോഗത്തില്‍ പ്രതിഫലിച്ചു. അടുത്ത ഫെബ്രുവരിവരെ സുരേന്ദ്രന്‍ അധ്യക്ഷസ്ഥാനത്ത് തുടരട്ടെയെന്ന ധാരണ യോഗത്തിനുശേഷം ദേശീയനേതാക്കള്‍ക്കിടയില്‍ ഉണ്ടായതായാണ് സൂചന. തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തില്‍ സമൂല ഉടച്ചുവാര്‍ക്കലോടെ പുതിയ അധ്യക്ഷനെ കൊണ്ടു വരും. സുരേന്ദ്രനെ അടിയന്തരമായി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുന്നത് ആക്ഷേപമാകുമെന്ന വിലയിരുത്തലിലാണ് ഫെബ്രുവരിവരെ സമയം നല്‍കിയത്. ഫെബ്രുവരിയോടെ ജില്ലാതല തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകും. തുടര്‍ന്നുള്ള സംസ്ഥാന നേതൃമാറ്റം സ്വാഭാവികമാണെന്ന് വരുത്താനുമാകും.

സംസ്ഥാനത്തു വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പു ഫലങ്ങളുടെ അവലോകനം ഡിസംബര്‍ 6,7 തീയതികളില്‍ കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ നടക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അറിയിച്ചു. എല്ലാ ബൂത്തുകളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രാദേശിക ഘടകങ്ങളില്‍നിന്നു ലഭിച്ച ശേഷമാകും അവലോകനം. ഇന്നലെ കൊച്ചിയില്‍ സംഘടനാ തിരഞ്ഞെടുപ്പു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടന്ന നേതൃയോഗം ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍, ജെ ആര്‍ പത്മകുമാര്‍ എന്നിവരുടെ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍, എല്ലാ സംഘടനകളുടെ യോഗങ്ങളിലും എല്ലാവരും പങ്കെടുക്കാറുണ്ടോ എന്ന മറുചോദ്യമായിരുന്നു ഉത്തരം.

സംസ്ഥാന നേതൃയോഗം കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ വി.മുരളീധരന്‍,കുമ്മനം രാജശേഖരന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ സി.കൃഷ്ണകുമാര്‍, പി.സുധീര്‍, നേതാക്കളായ പി.സി.ജോര്‍ജ്, നാരായണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങളെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന പ്രസിഡന്റിനു കഴിയണമെന്നും ബിജെപി സംസ്ഥാന ശില്‍പശാലയില്‍ വിമര്‍ശനം ഉയര്‍ന്നു. സന്ദീപ് വാരിയര്‍ പാര്‍ട്ടി വിടാനുണ്ടായ സാഹചര്യം ഒഴിവാക്കാവുന്നതായിരുന്നെന്നും ചിലര്‍ പറഞ്ഞു. അതിനിടെ, പാര്‍ട്ടിയെക്കുറിച്ചു തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നു കെ.സുരേന്ദ്രന്‍ മാധ്യമങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.