- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് ആകാമെന്ന് കോര്‍ കമ്മറ്റി; മത്സരിക്കാന്‍ സുരേന്ദ്രന്; തോല്‍പ്പിക്കാന്‍ പികെ കൃഷ്ണദാസ് പക്ഷം മനസ്സില്‍ കാണുന്നത് എംടി രമേശിനെ; കേന്ദ്ര നേതൃത്വം വനിതകള്‍ക്ക് വേണ്ടി വാദിക്കുന്നത് ശോഭാ സുരേന്ദ്രന് തുണയായേക്കും; ബിജെപിയില്‍ തീരുമാനം അധികം വൈകില്ല
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. കെ സുരേന്ദ്രന് വീണ്ടും മത്സരിക്കും. കെ സുരേന്ദ്രനെതിരെ എംടി രമേശിനെ മത്സരിപ്പിക്കാനാണ് പികെ കൃഷ്ണദാസ് പക്ഷത്തിന് താല്‍പ്പര്യം. എന്നാല്‍ എ എന്‍ രാധാകൃഷ്ണും പദവി നോട്ടമിടുന്നുണ്ട്. ശോഭാ സുരേന്ദ്രനെ അധ്യക്ഷയാക്കണമെന്ന അഭിപ്രായം ദേശീയ നേതൃത്വത്തില്‍ സജീവമാണ്. വോട്ടെടുപ്പുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ തെറ്റില്ലെന്ന നിലപാട് സംസ്ഥാന കോര്‍കമ്മറ്റി എടുത്തു കഴിഞ്ഞു. ബുധനാഴ്ച ചേര്‍ന്ന കോര്‍കമ്മിറ്റിയിലാണ് മണ്ഡലം , ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്നതുപോലെ 'അഭിപ്രായരൂപീകരണം' സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുമാകാം എന്നു നിര്‍ദേശിച്ചത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായരൂപീകരണത്തിനായി വോട്ടെടുപ്പ് നടത്തുകയായിരുന്നു. എന്നാല്‍ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല.
ഈ മാസം 31നു മുന്‍പു തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരിയില്‍ ദേശീയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനു മുന്നോടിയായി പകുതി സംസ്ഥാനങ്ങളിലെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കണം. അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്കും മത്സരിക്കാമെന്നുള്ളതുകൊണ്ട് കെ.സുരേന്ദ്രന് വീണ്ടും മത്സരിക്കാം. ജില്ലാ പ്രസിഡന്റുമാരെ മൂന്നു ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചേക്കും.അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മത്സരിക്കാമെന്നുള്ള വ്യവസ്ഥയില്‍ ഇനിയും മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് പി.കെ.കൃഷ്ണദാസ് പക്ഷം. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പു നടന്നാലും കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ പ്രസിഡന്റാകണമെന്നില്ല. ദേശീയ നേതൃത്വത്തിന്റെ തീരുമാനം ആകും നിര്‍ണ്ണായകം. വനിതകള്‍ക്ക് പ്രധാന്യം നല്‍കാന്‍ ബിജെപി ദേശീയ നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. അത് ശോഭാ സുരേന്ദ്രന് മികച്ച സാധ്യത നല്‍കും.
30 ജില്ലാ പ്രസിഡന്റുമാരില്‍ നാലു പേരെങ്കിലും വനിതകളായേക്കും. രണ്ടോ മൂന്നോ ജില്ലകളില്‍ ന്യൂനപക്ഷ വിഭാഗത്തിന് പ്രസിഡന്റ് പദം നല്‍കും. പിന്നാക്ക വിഭാഗത്തില്‍ നിന്നും ഒന്നോ രണ്ടോ പേരെ ജില്ലാ പ്രസിഡന്റുമാരാക്കാനും ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റുമാരുടെ കാര്യവും ദേശീയ നേതൃത്വമാകും തീരുമാനിക്കുക. കെ. സുരേന്ദ്രന് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കളമൊരുങ്ങുന്ന തരത്തില്‍ തീരുമാനം ഉണ്ടായിരുന്നു. അഞ്ച് വര്‍ഷം പൂര്‍ത്തിയായ ജില്ലാ, മണ്ഡലം പ്രസിഡന്റുമാര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന് കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസന്‍ അറിയിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ സുരേന്ദ്രനും ഇതിലൂടെ അവസരം ലഭിക്കും. ഇത് മനസ്സിലാക്കിയാണ് മത്സരമാകട്ടേ എന്ന നിലപാട് കോര്‍ കമ്മറ്റി എടുത്തത്.
അതേസമയം മുന്‍ ധാരണ തെറ്റിച്ചാണ് പുതിയ തീരുമാനമെന്ന് സുരേന്ദ്ര വിരുദ്ധ ചേരി ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചു. പി.കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്‍, എം.ടി രമേശ് തുടങ്ങിയവരാണ് യോഗത്തില്‍ എതിര്‍പ്പറിയിച്ചത്. തര്‍ക്കത്തിനിടെ സുരേന്ദ്രന്‍ വിരുദ്ധ നേതാക്കള്‍ യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു. സുരേന്ദ്രന് തുടരാന്‍ അവസരമൊരുങ്ങുന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. അതേസമയം കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ കൂടെ നില്‍ക്കുന്നതില്‍ ഇവര്‍ക്ക് ആശങ്കയുണ്ട്.
എം.ടി രമേശിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. അതിനിടെയാണ് സുരേന്ദ്രന് തുടരാന്‍ അവസരമൊരുങ്ങുന്ന രീതിയില്‍ കേന്ദ്രം തീരുമാനമെടുത്തത്. ഇത് മനസ്സിലാക്കിയാണ് മത്സരത്തിലൂടെ രമേശിന് കൂടുതല്‍ വോട്ടുണ്ടെന്ന് വരുത്താനുള്ള നീക്കം. ഏതായാലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കേണ്ടതുണ്ട്.