തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന പ്രസിഡന്റെ ആരെന്ന് ഇന്ന് അറിയാം. ബിജെപിയുടെ കോര്‍ കമ്മറ്റിയോഗത്തില്‍ ദേശീയ നേതൃത്വം തീരുമാനം പ്രഖ്യാപിക്കും. അതിന് ശേഷം പ്രസിഡന്റ് ആകുന്ന ആളില്‍ നിന്ന് നോമിനേഷന്‍ വാങ്ങിക്കും. നാളെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിക്കും. കേരളത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഇന്ന് തിരുവനന്തപുരത്ത് എത്തും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്ന് മണി വരെയാണ് നോമിനേഷന്‍ കൊടുക്കാനുള്ള സമയം. നോമിനേഷന്‍ കൊടുക്കുമ്പോള്‍ തന്നെ ആരാണ് പ്രസിഡന്റ് എന്ന് വ്യക്തമാകും. പത്രികയുടെ സൂക്ഷ്മ പരിശോധനയും ഇന്ന് നടക്കും. വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും നാളെയാണ് തീയതി നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു സ്ഥാനാര്‍ത്ഥിയാണ് പത്രിക നല്‍കുന്നതെങ്കില്‍ എല്ലാം ഇന്ന് വ്യക്തമാകും.

സംസ്ഥാനപ്രസിഡന്റായി കെ. സുരേന്ദ്രന്‍ തുടര്‍ന്നാല്‍ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍വരെയാണോ അതോ മൂന്നുവര്‍ഷത്തേക്കാണോ എന്നതാണ് പ്രധാനചോദ്യം. സുരേന്ദ്രന് തുടര്‍ച്ചയില്ലെങ്കില്‍ ജനറല്‍സെക്രട്ടറി എം.ടി. രമേശിന് സാധ്യതയുണ്ട്. മുന്‍പ്രസിഡന്റ് വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റാളുകള്‍. കോര്‍ കമ്മറ്റി യോഗത്തില്‍ എല്ലാ നേതാക്കളും പങ്കെടുക്കും. മത്സരിക്കാനുള്ള താല്‍പ്പര്യക്കുറവ് യോഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിക്കുമെന്നാണ് സൂചന. മുരളീധരനും രാജീവ് ചന്ദ്രശേഖറിനും നാളെ വിദേശ യാത്രയുമുണ്ട്. ഈ സാഹചര്യത്തില്‍ ഈ രണ്ടു പേരും ഇന്ന് ഡല്‍ഹിക്ക് പോകാനാണ് സാധ്യത. അതുകൊണ്ട് ഈ രണ്ടു പേരും അധ്യക്ഷനാകാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലമുണ്ട്. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ മനസ്സ് അറിയാത്തതു കൊണ്ടു തന്നെ എല്ലാവര്‍ക്കും അധ്യക്ഷനാകാനുള്ള സാധ്യത കാണുന്നവരുണ്ട്.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപിയും ഞായറാഴ്ച ചിത്ര വ്യക്തമാകുമെന്ന സന്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദേശപ്രകാരം വരണാധികാരി നാരായണന്‍ നമ്പൂതിരിയാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. 23ന് ഉച്ചയ്ക്ക് 2 മുതല്‍ 3 മണി വരെയാണു നാമനിര്‍ദേശപത്രികാ സമര്‍പ്പണം. ബിജെപി സംസ്ഥാന കമ്മറ്റി ഓഫിസിലാണ് പത്രിക നല്‍കേണ്ടത്. വൈകിട്ട് 4ന് സൂക്ഷ്മ പരിശോധന. 24ന് രാവിലെ 11ന് കവടിയാറിലെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലെ ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം. കേരളത്തില്‍ മണ്ഡലം, ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് അടക്കം പൂര്‍ത്തിയാക്കിയ ശേഷമാണു അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണു കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല.

മത്സരം ഒഴിവാക്കാന്‍ കോര്‍ കമ്മിറ്റിയിലെ ധാരണയ്ക്കു ശേഷം ഒരാളില്‍ നിന്നു മാത്രമേ പത്രിക സ്വീകരിക്കൂ. ഒരാളേ പത്രിക നല്‍കുന്നുള്ളൂവെങ്കില്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം തന്നെ പ്രസിഡന്റ് ആരാണെന്നറിയാം. തിങ്കളാഴ്ച ഔദ്യോഗികപ്രഖ്യാപനമേ നടക്കേണ്ടതുള്ളൂ. പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ ആര്‍എസ്എസ് നിലപാട് നിര്‍ണായകമാകും.