കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റ് ലക്ഷ്യമിട്ട് അടിമുടി മാറ്റത്തിന് സംസ്ഥാന ബിജെപി. മിഷന്‍ 41 സീറ്റ് ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്. യോഗത്തില്‍, നേതൃമാറ്റം ചര്‍ച്ചയായില്ലെന്നാണ് സൂചന. ഓരോ നേതാവുമായും പ്രഭാരി പ്രകാശ് ജാവദേക്കര്‍ ചര്‍ച്ച നടത്തി. പാലക്കാട്ടെ പരാജയം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായില്ല.

കേരളത്തിലെ 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ച് 31 ജില്ലകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഗ്രൂപ്പ് പ്രവര്‍ത്തനം അംഗീകരിക്കില്ലെന്നും സമന്വയത്തിന്റെ പാതയാണ് നേതൃത്വം സ്വീകരിക്കുക എന്നും യോഗത്തില്‍ പങ്കെടുത്ത കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കക്കറും സഹപ്രഭാരി അപരാജിത സാരംഗി എംപിയും യോഗത്തില്‍ വ്യക്തമാക്കി. അതേ സമയം, പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ യോഗത്തിലുണ്ടായില്ല എന്നാണ് വിവരം.

വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരമാവധി നേട്ടമുണ്ടാക്കുന്നത് ലക്ഷ്യമിട്ടാണ് മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തില്‍ 31 ജില്ലകളാക്കി പ്രവര്‍ത്തനം. മറ്റു സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശൂര്‍ നഗരസഭകളില്‍ അധികാരം പിടിക്കുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ട് തവണയും ബിജെപിയാണ് പ്രധാന പ്രതിപക്ഷം. 2010ല്‍ വെറും ആറ് സീറ്റുകള്‍ മാത്രമുണ്ടായിരുന്നത് 2015,2020 വര്‍ഷങ്ങളില്‍ 35ലേക്ക് ഉയര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. സംഘടനാ തലത്തില്‍ കൂടുതല്‍ ജില്ലകളാക്കിയുള്ള പ്രവര്‍ത്തനം മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സഹായകമായിരുന്നു. ഇത് കേരളത്തിലും നടപ്പിലാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.


ഈഴവര്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇത് കൂടുതല്‍ ഉറപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിശ്വാസം ആര്‍ജിക്കാനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങന്‍ നല്‍കരുതെന്നും തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെ വൈസ് പ്രസിഡന്റുമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ഡോ.കെ.എസ്. രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍ എന്നിവരും പങ്കെടുത്തു.