- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്നത്തെ കോർ കമ്മറ്റി യോഗത്തിൽ നരേന്ദ്ര മോദി ചോദിച്ചത് 'പഴയ മുഖങ്ങൾ മാത്രമല്ലേ കാണാനുള്ളൂവെന്ന്'; യുവം സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി 25ന് കൊച്ചിയിൽ എത്തും മുമ്പ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി ബിജെപി കോർ കമ്മറ്റി പുനഃസംഘടനയും; കണ്ണന്താനത്തിന്റെ പ്രമോഷനും ദേശീയ അജണ്ടയുടെ ഭാഗം; കോർ പ്ലസ് രൂപീകരണത്തിന് പിന്നിലെ കഥ!
തിരുവനന്തപുരം: ഇന്ന് കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിൽ പുതുമുഖങ്ങളെ അടക്കം ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരള സന്ദർശനത്തിന് എത്തുന്ന പശ്ചാത്തലത്തിലാണ്. ഈമാസം 25ന് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നുണ്ട്. സന്ദർശനത്തിന്റെ ഭാഗമായി വൈബ്രന്റ് യുത്ത് ഫോർ മോദിഫൈയിങ് കേരള (യുവം) എന്ന പരിപാടിയിൽ അദേഹം പങ്കെടുക്കും. ഈ പരിപാടിയിൽ അടുത്തിടെ ബിജെപിയിൽ എത്തിയ അനിൽ ആന്റണിയും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. വീണ്ടും കേരളത്തിൽ നരേന്ദ്ര മോദി എത്തുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സംസ്ഥാന ബിജെപി കോർ കമ്മറ്റി യോഗം ചേരാനും സാധ്യതയുണ്ട്. ഇത് കൂടി മുൻകൂട്ടി കണ്ടാണ് കോർ പ്ലസ് രൂപീകരിച്ചരിക്കുന്നത്.
യുവം പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ കന്നഡ സിനിമാ താരം യാഷ് , ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരും എത്തുമെന്നാണ് സൂചന. ഭാരതീയ യുവമോർച്ച മുഖ്യ സംഘാടകരായ പരിപാടി കൊച്ചിയിൽ വച്ചാണ് നടക്കുന്നത്. സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നേതാക്കളുമായും കൂടിക്കാഴ്‌ച്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും നരേന്ദ്ര മോദി പരിശോധിച്ചേക്കും. ഈ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം അതിവേഗ നീക്കങ്ങൾ നടത്തുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി കോർ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ആശയ വിനിമയത്തിലെ വിവരങ്ങൾ അടക്കം പറത്തുവന്നിരുന്നു. അന്ന് യോഗത്തിൽ പങ്കെടുത്ത മോദി പഴയ മുഖങ്ങൾ മാത്രമല്ലേ കാണാനുള്ള എന്ന പരിഹാസം രൂപേണ പറയുകയുണ്ടായി. അതുകൊണ്ട് തന്നെ വീണ്ടും പ്രധാനമന്ത്രി കേരളത്തിൽ എത്തുമ്പോർ കോർ കമ്മറ്റിയിൽ മാറ്റങ്ങൾ വരുത്തുകയാണ് മാർഗ്ഗമെന്ന് കെ സുരേന്ദ്രനും തിരിച്ചറിഞ്ഞു. അത് അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയതും. അതേസമയം മാറ്റം എന്നതിലൂടെ സുരേഷ് ഗോപിയെ അടക്കം നേതൃത്വത്തിൽ സജീവമാക്കാനായിരുന്നു മോദിയുടെയും അമിത്ഷായുടെയും മനസ്സിൽ. എന്നാൽ, ഇപ്പോഴത്തെ നേതൃത്വവുമായി കൈകോർത്തു പോകാൻ സുരേഷ് ഗോപിക്ക് താൽപ്പര്യവും കുറവാണ്.
അതേസമയം രാജ്യത്താകമാനമായി ക്രൈസ്തവ സമൂഹവമായി അടുക്കാൻ ബിജെപിക്ക് പദ്ധതികളുണ്ട്. അതുകൊണ്ടു കൂടിയാണ് അൽഫോൻസ് കണ്ണന്താനത്തെ ബിജെപി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തിയതും. കൂടാതെ പുതുമുഖങ്ങളായി വി വി രാജേഷിനെയും കെ എസ് രാധാകൃഷ്ണൻ, അനീഷ് കുമാർ, പ്രഫുൽ കൃഷ്ണ, നിവേദിത തുടങ്ങിയവരെയും ഉൾപ്പെടുത്തി. കേരളത്തിലെ ക്രൈസ്തവ വോട്ടുബാങ്കിൽ ബിജെപി ശരിക്കും കണ്ണുവെക്കുന്നുണ്ട്. കേരളത്തിൽ സംഘടനാ രംഗത്ത് വലിയ കെട്ടുറപ്പാണ് ബിജെപിക്ക്. ആർഎസ്എസിനും ശക്തമായ സംഘടനാ സംവിധാനമുണ്ട്. എന്നാൽ പ്രവർത്തനത്തിൽ വലിയ മുന്നേറ്റം ഇതുവരെ സാധ്യമായിട്ടില്ല. നേരത്തെ കൈവശമുണ്ടായിരുന്ന നേമം നിയമസഭാ മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നഷ്ടമാകുകയാണ് ചെയ്തത്. മറ്റു മണ്ഡലങ്ങളിൽ കാര്യമായ മുന്നേറ്റം പ്രകടമായതുമില്ല.
എൽഡിഎഫ് സർക്കാരിനെതിരായ സമര പരിപാടികൾ കാര്യക്ഷമമായി ബിജെപി നടത്തുന്നില്ല എന്ന വിമർശനവും കേന്ദ്ര നേതൃത്വത്തിനുണ്ട്. നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതും പ്രവർത്തന രംഗത്ത് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. നടൻ സുരേഷ് ഗോപി നടത്തുന്ന പ്രവർത്തനങ്ങൾ മാത്രമാണ് അൽപ്പമെങ്കിലും ചർച്ചയാകുന്നത്. കേരളത്തിലെ ബിജെപി നേതാക്കളിൽ ജനപ്രീതി കൂടുതൽ സുരേഷ് ഗോപിക്കാണെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്.
അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ഫലമുണ്ടാകുന്നില്ല. സംഘടനാ തലത്തിൽ ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സമർപ്പിക്കുകയല്ലാതെ ഒന്നും നടക്കുന്നില്ല. ന്യൂനപക്ഷ സമുദായങ്ങളെയും മറ്റും കൂടെ നിർത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും നേരത്തെ പ്രധാനമന്ത്രി നരോന്ദ്ര മോദി പരോക്ഷമായി വിമർശിച്ചിരുന്നു. ഇക്കുറി മോദി എത്തുമ്പോൾ പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഫ്രഷ് ഫീല് വരുത്തുക എന്ന തന്ത്രമാണ് ഇപ്പോൾ ബിജെപി പയറ്റിയിരിക്കു്‌നത്.
ഇപ്പോഴത്തെ അവസ്ഥയിൽ ബിജെപി കേരളാ ഘടകത്തിലെ പ്രധാന നയരൂപീകരണ സമിതിയിൽ മുരളീധര പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുണ്ട്. കോർ പ്ലസിലേക്ക് ഉയർത്തപ്പെടുന്ന രാജേഷും അനീഷും പ്രഫുൽ കൃഷ്ണയും നിവേദിതയും ഉറച്ച മുരളീധര പക്ഷക്കാരാണ്. കേരളത്തിലെ ക്രൈസ്തവരെ പാർട്ടിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് അൽഫോൻസ് കണ്ണന്താനത്തെ കോർ പ്ലസ് കമ്മറ്റിയിൽ എത്തിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ജോർജ് കുര്യനും ക്രൈസ്തവ വിഭാഗത്തിൽ നിന്നും കോർ പ്ലസിലുണ്ട്. തിരുവനന്തുപരം ജില്ലാ പ്രസിഡന്റാണ് വിവി രാജേഷ്. തൃശൂരിലെ അധ്യക്ഷനാണ് അനീഷ് കുമാർ. തിരുവനന്തപുരത്തും തൃശൂരിലും ബിജെപിക്ക് ഏറെ പ്രതീക്ഷകളുണ്ട്. അതുകൊണ്ടാണ് ഈ രണ്ട് ജില്ലകളിലേയും ജില്ലാ അധ്യക്ഷന്മാരെ കോർ പ്ലസ് കമ്മറ്റിയിൽ എത്തിക്കുന്നത്. ഇതിനൊപ്പം യുവമോർച്ചാ-മഹിളാ മോർച്ചാ നേതാക്കളേയും ഉൾപ്പെടുത്തി. കെ സുരേന്ദ്രനുമായി അടുത്ത കാലത്തായി നല്ല സൗഹൃദത്തിലാണ് കെ എസ് രാധാകൃഷ്ണൻ. കാലടി സർവ്വകലാശാല മുൻ വിസി കൂടിയായ രാധാകൃഷ്ണനേയും കമ്മറ്റിയിലേക്ക് ഉയർത്തി.
ശോഭാ സുരേന്ദ്രന് ഒരു പരിഗണനയും പുനഃസംഘടനയിൽ നൽകിയില്ലെന്നതും ശ്രദ്ധേയമാണ്. ഈയിടെ സുരേന്ദ്രൻ ബിജെപി വേദിയിൽ തന്നെ പരോക്ഷമായി ശോഭയെ വിമർശിച്ചിരുന്നു. വേദിക്ക് പുറത്ത് അവർ മറുപടിയും നൽകി. ശോഭാ സുരേന്ദ്രനുമായി യാതൊരു സഹകരണവും ഈ നേതൃത്വം ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണ് കോർ പ്ലസും നൽകുന്നത്.
പതിമൂന്ന് പേരുടെ കോർ കമ്മറ്റിയാണ് ബിജെപിക്കുള്ളത്. ഇതിലേക്ക് ആറു പേർ കൂടി ഉൾപ്പെടുത്തിയാണ് കോർ പ്ലസ്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കറും കമ്മറ്റിയിലുണ്ട്. അങ്ങനെ 20 അംഗ കമ്മറ്റിയായി കോർ കമ്മറ്റി മാറും. കെ സുരേന്ദ്രൻ, രാജഗോപാൽ, കേന്ദ്രമന്ത്രി വി മുരളീധരൻ, സികെ പത്മനാഭൻ, പികെ കൃഷ്ണദാസ്, കുമ്മനം രാജേശേഖരൻ, എംടി രമേശ്, ജോർജ് കുര്യൻ, സി കൃഷ്ണകുമാർ, പി സുധീർ, എഎൻ രാധാകൃഷ്ണൻ, എം ഗണേശൻ, കെ സുഭാഷ് എന്നിവരാണ് കോർ കമ്മറ്റിയിലെ അംഗങ്ങൾ.
കോർ പ്ലസ് ഇനി നിരന്തരമായി യോഗം ചേരും. സുരേന്ദ്രനും ജോർജ് കുര്യനും കൃഷ്ണകുമാറും സുധീറും രാജേഷും പ്രഫുൽ കൃഷ്ണയും അനീഷും നിവേദിതയും കടുത്ത മുരളീധരപക്ഷക്കാരാണ്. അതായത് മുരളീധരനടക്കം ഒൻപതു പേർ ഒരു പക്ഷത്തുള്ളവർ. അൽഫോൻസ് കണ്ണന്താനവും രാധാകൃഷ്ണനും കുമ്മനവും രാജഗോപാലും നിഷ്പക്ഷരും. ഗണേശനും സുഭാഷും ആർഎസ്എസ് പ്രതിനിധികളാണ്. കൃഷ്ണദാസിനെ പിന്തുണയ്ക്കുന്നത് എംടി രമേശും എ എൻ രാധാകൃഷ്ണനും മാത്രമാകും. അങ്ങനെ ബിജെപിയിലെ പ്രധാന നയരൂപീകരണ സമിതിയിൽ സുരേന്ദ്രനും മുരളീധരനും പിടിമുറുക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ