തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ നീക്കം അതിശക്തമായിരിക്കയാണ്. രാജിവെക്കുന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടത് എന്നു പറഞ്ഞാണ് നിലവിലെ വിഷയങ്ങളെ സുരേന്ദ്രന്‍ പ്രതിരോധിക്കുന്നത്. തനിക്കെതിരെ നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി അധ്യക്ഷ സ്ഥാനം രാജിവെക്കുമോ എന്നാണ് അറിയേണ്ടത്.

സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് നേതൃത്വം നല്‍കിയിട്ടും വന്‍തോതില്‍ വോട്ട് ചോര്‍ന്നതും ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പാര്‍ട്ടിയെയും അണികളെയും നാണക്കേടിലേക്ക് തള്ളിവിട്ടതുമാണ് എതിര്‍വിഭാഗം ആയുധമാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃമാറ്റം ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. വി മുരളീധരന്റെ ഗുഡ് ബുക്കില്‍ നിന്നും സുരേന്ദ്രന്‍ പുറത്താണ്. ഇതോടെ അദ്ദേഹത്തിന്റെ പിന്തുണയും ലഭിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍

ചേലക്കരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലൊന്നായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് ബിജെപിയിലെ എതിര്‍വിഭാഗം സുരേന്ദ്രനെതിരെ ആയുധമാക്കുന്നത്. പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രനാണെന്ന് വിമതവിഭാഗം ആരോപിക്കുന്നു. പാലക്കാട്ട് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ കൗണ്‍സിലംഗം എന്‍. ശിവരാജനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സുരേന്ദ്രന്‍ സ്വന്തം താല്‍പര്യപ്രകാരമാണ് സി. കൃഷ്ണകുമാറിനെ ഗോദയിലേക്കിറക്കിയത്. ഇതോടെ സുരേഷ് ഗോപി അടക്കം പ്രമുഖ നേതാക്കള്‍ പ്രചാരണരംഗത്ത് സജീവമായതുമില്ല.

എന്നാല്‍, കുമ്മനം രാജശേഖരന്‍ അടങ്ങുന്ന സമതിയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നും ഒറ്റക്കല്ല സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് എന്നുമാണ് സുരേന്ദ്രന്റെ പ്രതിരോധം. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ സുരേന്ദ്രന്‍ പ്രതിരോധമെന്ന നിലയില്‍ അവതരിപ്പിക്കും. 2021ല്‍ 12 റൗണ്ട് വോട്ടെണ്ണിയപ്പോഴാണ് യു.ഡി.എഫിന് ആശ്വാസ ലീഡ് പിടിക്കാനായതെങ്കില്‍ ഇത്തവണ മൂന്നാം റൗണ്ടില്‍ തന്നെ പാര്‍ട്ടി കോട്ടകള്‍ തരിപ്പണമായി.

തോറ്റത് സിറ്റിങ് സീറ്റിലല്ലെന്ന് സുരേന്ദ്രന്‍ പക്ഷം വിശദീകരിക്കുമ്പോഴും നഗരസഭയിലെ വോട്ട് ചോര്‍ച്ചയിലാണ് എതിര്‍പക്ഷം പിടിമുറുക്കുന്നത്. ബി.ജെ.പിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്ന് എന്‍. ശിവരാജന്‍ പറഞ്ഞിട്ടുണ്ട്. അതേസമയം തോല്‍വിക്ക് പ്രാദേശിക നേതാക്കളെ കുറ്റപ്പെടുത്തുന്ന ശൈലിയെ വിമര്‍ശിക്കുകയാണ് ശിവരാജന്‍. ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണത്താല്‍ ആരും ഉത്തരവാദിത്തങ്ങളില്‍ നിന്ന് രാജി വെക്കില്ലെന്നും ആരുടേയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ പാലക്കാട്ടെ തോല്‍വി ബി.ജെ.പി കൗണ്‍സിലര്‍മാരുടെ തലയില്‍വെക്കേണ്ടെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പ്രതികരിച്ചു. ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിന് തോറ്റാല്‍ ഉത്തരവാദിത്തം ശോഭയ്ക്ക് എന്ന നിലപാട് ശരിയല്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയം പാളിയോ എന്ന് ദേശീയ നേതൃത്വം പരിശോധിക്കണമെന്നും ശിവരാജന്‍ ആവശ്യപ്പെട്ടുണ്ട്. കേരളത്തിലെ ബി.ജെ.പി ശക്തികേന്ദ്രമായ പാലക്കാട് തിരിച്ചടിയുണ്ടാവാന്‍ കാരണം ശോഭാ സുരേന്ദ്രന്‍ പക്ഷമാണെന്ന് സുരേന്ദ്രന്‍ പക്ഷം ആരോപിച്ചിരുന്നു. ശോഭയുടെ ഡ്രൈവര്‍ വോട്ടുമറിക്കാന്‍ കൂട്ടുനിന്നു എന്നായിരുന്നു പ്രധാന ആരോപണം.

പരാജയത്തിനു പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. പാലക്കാട്ടെ പരാജയം ശോഭ സുരേന്ദ്രന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതായി ശോഭാപക്ഷവും ആരോപിക്കുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരായ ആരോപണങ്ങള്‍ നിലനിര്‍ത്തുന്നതിന് കാരണം അടുത്ത ബിജെപി സംസ്ഥാന അധ്യക്ഷയായി ശോഭ വരാതിരിക്കാന്‍ വേണ്ടിയാണ്. കെ സുരേന്ദ്രന്‍ അധികം വൈകാതെ എന്തായാലും സ്ഥാനം ഒഴിയേണ്ടി വരും. എന്നാല്‍, പകരക്കാരിയായി ശോഭ വരരുത് എന്ന കാര്യത്തില്‍ മുതിര്‍ന്ന് ബിജെപിക്കാര്‍ക്കെല്ലാം ഒരേ മനസ്സാണ്.

അതേസമയം ശോഭ അധ്യക്ഷയാകുന്നതിനെ ആര്‍എസ്എസ് എതിര്‍ക്കുന്നില്ല. പ്രവര്‍ത്തക പിന്തുണയുള്ള നേതാവാണ് അവരെന്നതാണ് പൊതുവിലയിരുത്തല്‍. അതുകൊണ്ട് തന്നെ കേന്ദ്രനേതൃത്വത്തിനും ശോഭയെ താല്‍പ്പര്യക്കുറവില്ല. എന്നാല്‍, ബിജെപിയിലെ ഗ്രൂപ്പു പോരാണ് അവരുടെ സ്ഥാനാരോഹണത്തിന് തടസ്സമാകുന്നത്. പി കെ കൃഷ്ണദാസ് വിഭാഗം തങ്ങള്‍ക്ക് അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചേക്കും. ഇതിനിടെ തര്‍ക്കം മുറുകവേ വി മുരളീധരന് തന്നെ രണ്ടാമൂഴം ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് എത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് നേരിട്ട തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ കടുത്ത പൊട്ടിത്തെറി തുടങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി സുരേന്ദ്രനെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ പോലും കൈയൊഴിഞ്ഞുതുടങ്ങി. പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തെ അടക്കം നേതാക്കള്‍ ആവശ്യപ്പെടുന്നത്.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വരെ ഇക്കൂട്ടത്തില്‍പ്പെടും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന പാളിച്ചയാണ് തോല്‍വിക്ക് പ്രധാനകാരണം എന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. പാലക്കാട് വോട്ട് കുറഞ്ഞത് ഗൗരവകരമെന്നാണ് വിലയിരുത്തല്‍.സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടിട്ട് പോലും അമിത ആത്മവിശ്വാസം പുലര്‍ത്തിയ നേതൃത്വത്തിന്റെ നിലപാട് വിനയായെന്നും വിമര്‍ശനമുണ്ട്.