- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യിലുണ്ടായിരുന്ന 600 വാര്‍ഡുകള്‍ നഷ്ടപ്പെട്ടത് ഗൗരവമായി എടുത്ത് പരിഹാരം ഉണ്ടാക്കാന്‍ തീരുമാനം; പ്രത്യേക പ്രഭാരിമാരെ നിയമിച്ച് 35 മണ്ഡലങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രചാരണം ആരംഭിക്കും; നഗര പ്രദേശങ്ങള്‍ പിടിക്കാന്‍ പ്രത്യേക പദ്ധതി; തിരുവനതപുരത്തിന് പുറമെ കൊല്ലത്തും നീക്കങ്ങള്‍ നടത്തും: നിയമസഭാ കയറാന്‍ ചടുല നീക്കങ്ങളുമായി ബിജെപി
കയ്യിലുണ്ടായിരുന്ന 600 വാര്‍ഡുകള്‍ നഷ്ടപ്പെട്ടത് ഗൗരവമായി എടുത്ത് പരിഹാരം ഉണ്ടാക്കാന്‍ തീരുമാനം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടുനിലയനുസരിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനു പുതിയ തന്ത്രമൊരുക്കാന്‍ ബിജെപി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ചെങ്കിലും ബിജെപിക്ക് മറ്റിടങ്ങളില്‍ വലിയ വിജയം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ നിയമസഭാ മണ്ഡലങ്ങളുടെ കണക്കു പരിശോധിച്ചാല്‍ രണ്ടിടങ്ങളില്‍ മാത്രമാണ് ബിജെിപക്ക് വിജയ സാധ്യത ഉള്ളത്. ഈ പശ്ചാത്തലത്തില്‍ പുതിയ തന്ത്രങ്ങളിലേക്ക കടക്കുകയാണ് ബിജെപി.
പാര്‍ട്ടി വളരുന്നതു നഗരങ്ങളിലാണെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിനു കാരണം. കോര്‍പറേഷനുകളില്‍ 93 വാര്‍ഡുകളിലാണ് ബിജെപി ജയിച്ചത്. 65 ഇടങ്ങളില്‍ രണ്ടാമതെത്തി. നഗരസഭകളില്‍ 324 വാര്‍ഡുകള്‍ ജയിക്കുകയും അഞ്ഞൂറോളം വാര്‍ഡുകളില്‍ രണ്ടാമതെത്തുകയും ചെയ്തു. നഗരകേന്ദ്രീകൃതമായ 35 നിയമസഭാ മണ്ഡലങ്ങളില്‍ പ്രത്യേകം പ്രഭാരിമാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാനാണു തീരുമാനം.
തിരഞ്ഞെടുപ്പുഫലത്തില്‍ നേതൃത്വം പൂര്‍ണ തൃപ്തരല്ല. തിരുവനന്തപുരം കോര്‍പറേഷനിലെ വിജയവും കോഴിക്കോട്, കൊല്ലം കോര്‍പറേഷനുകളിലെ മുന്നേറ്റവും നേട്ടമായെങ്കിലും കയ്യിലുണ്ടായിരുന്ന 600 വാര്‍ഡുകള്‍ നഷ്ടപ്പെട്ടു. നിലവില്‍ 1900ല്‍ കൂടുതല്‍ വാര്‍ഡുകളിലാണ് ബിജെപി ജയിച്ചത്. 1500ലേറെ വാര്‍ഡുകള്‍ ചെറിയ വോട്ടിന് നഷ്ടമായി. ഇതെല്ലാം കൂടി 4000 വാര്‍ഡുകളെങ്കിലും ലഭിക്കേണ്ടതായിരുന്നു എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
തൃശൂരില്‍ മുന്നേറാന്‍ കഴിയാത്തതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചെന്നു വിലയിരുത്തിയ ക്രൈസ്തവ വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കു ലഭിച്ച 20% വോട്ട് നിലവില്‍ 18% ആയെന്ന പ്രാഥമിക കണക്കാണു നേതൃത്വത്തിനു ലഭിച്ചത്. നേരത്തേ, കോണ്‍ഗ്രസ് വോട്ടുകളാണ് ബിജെപിയിലേക്ക് എത്തിയിരുന്നതെങ്കില്‍ നിലവില്‍ ഇടതു വോട്ടുകളും മാറുന്നെന്നു നേതൃത്വം വിലയിരുത്തുന്നു. ഈ വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്താനാണ് നീക്കം.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പിന്തുണ നല്‍കേണ്ടെന്നു ബിജെപി തീരുമാനം എടുത്തിട്ടുണ്ട്. ഇരു മുന്നണികള്‍ക്കും എതിരെ പൊരുതി കരുത്തു വര്‍ധിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. മൂന്നോ അതില്‍ കൂടുതലോ അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കു മത്സരിക്കാനും സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചു. തീരുമാനം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കും ജില്ലാ ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
പാര്‍ട്ടി ഒന്നാം സ്ഥാനത്തോ മറ്റു രണ്ടു മുന്നണികള്‍ക്കും ഒപ്പമോ എത്തിയ 46 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇരുമുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നൂറിലധികം സ്ഥലത്ത് അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ വോട്ട് നിര്‍ണായകമാണ്. 20നു മുന്‍പു മുഴുവന്‍ ജില്ലകളിലും മണ്ഡലം പ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച് കോര്‍ കമ്മിറ്റി ചേര്‍ന്നു തിരഞ്ഞെടുപ്പു പ്രവര്‍ത്തനം ഫലവും വിലയിരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വാര്‍ഡ്തല വിലയിരുത്തല്‍ 30നു പൂര്‍ത്തിയാക്കണം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആസൂത്രണം ചെയ്തതിനു വിപരീതമായ സംഭവങ്ങളുണ്ടായെങ്കില്‍ വിശദമായി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ ജയിച്ച സ്ഥാപനങ്ങളില്‍ 20നു മുന്‍പു മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡ് അംഗങ്ങള്‍ക്കും പാര്‍ട്ടി സ്വതന്ത്രര്‍ക്കും വിപ്പ് നല്‍കാന്‍ ജില്ലാ പ്രസിഡന്റുമാര്‍ക്കു നിര്‍ദേശമുണ്ട്.




