- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയായ ബിജെപി നേതാവിന് തലശേരി നഗരസഭാ കൗൺസിൽ യോഗത്തിൽ റീ ഇൻട്രി; നഗരസഭാ സെക്രട്ടറിയുടെ നടപടി മരവിപ്പിച്ച് ഇലക്ഷൻ കമ്മിഷൻ ഉത്തരവ്; കെ. ലിജേഷിന്റെ മടങ്ങി വരവ് സി പി എമ്മിന് തലവേദനയാകും
കണ്ണൂർ: കോടിയേരിക്കടുത്തെ പുന്നോൽ ഹരിദാസൻ വധക്കേസിൽ പ്രതിയായ ബിജെപി കൗൺസിലർക്ക് നഗരസഭാ കൗൺസിൽ യോഗത്തിൽ ഇരിക്കാനും നടപടിക്രമങ്ങളിൽ പങ്കാളിയാവാനും അനുമതി ലഭിച്ചു. തലശേരി നഗരസഭയിൽ നിന്നും അയോഗ്യനാക്കിയ മഞ്ഞോടി വാർഡ് കൗൺസിലറെ ഹൈക്കോടതി നിർദ്ദേശപ്രകാരം നൽകിയ ഹർജിയിൽ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തു.
പുന്നോൽ ഹരിദാസൻ വധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കുന്ന സമയത്ത് ആറു കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി പങ്കെടുത്തില്ലെന്ന കാരണത്താൽ കൗൺസിലറായി തുടരുന്നതിന് അയോഗ്യനാക്കിക്കൊണ്ട് നഗരസഭാ സെക്രട്ടറി ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു. തന്റേതല്ലാത്ത കാരണം കൊണ്ടാണ് യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നും മൂന്നുമാസം ലീവ് അനുവദിക്കണമെന്ന് ഉള്ള അപേക്ഷ കെ ലിജേഷ് നൽകിയിരുന്നു.
എന്നാൽ നടപടിക്രമങ്ങൾ ഒന്നും തന്നെ പാലിക്കാതെ ഏകപക്ഷീയമായ നടപടിയാണ് കൗൺസിലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനേയും ഹൈക്കോടതിയെയും സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരി നഗരസഭാ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്.
ഉത്തരവ് ലഭിച്ചതിനുശേഷം ഉള്ള ആദ്യത്തെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനായി ബിജെപി പ്രവർത്തകരും നേതാക്കളും ഉൾപ്പെടെ തലശ്ശേരി നഗരസഭയിലേക്ക് പ്രകടനമായി പോവുകയും ചെയ്തു. എംപി. സുമേഷ്. കെ. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. പ്രാദേശികമായി നടന്ന ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെതുടർന്ന് ബിജെപി പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിലെ വൈരാഗ്യം തീർക്കാൻ മത്സ്യത്തൊഴിലാളിയും പുന്നോലിലെ സി.പി. എം അനുഭാവിയുമായ ഹരിദാസനെ ബിജെപി മണ്ഡലം ഭാരവാഹിയും തലശേരി നഗരസഭാ കൗൺസിലറുമായ കെ.ലിജേഷിന്റെ നേതൃത്വത്തിൽ വധിച്ചുവെന്നാണ് കേസ്. പുന്നോൽ ഹരിദാസൻ വധക്കേസിന്റെ മുഖ്യആസൂത്രകൻ ലിജേഷാണെന്നാണ് തലശേരികോടതിയിൽ കുറ്റപത്രം സമർപ്പിച്ച ക്രൈംബ്രാഞ്ചിന്റെ വാദം.
സംഭവദിവസം ലിജേഷ് പ്രതികളുമായി വാട്സ് ആപ്പ്കോൾ വഴി ബന്ധപ്പെട്ടതും സംഭവദിവസം പ്രതികൾക്ക് ആയുധങ്ങളെത്തിച്ചു നൽകിയെന്ന കണ്ടെത്തലുമാണ് പ്രതിപട്ടിക സ്ഥാനത്ത് വരാൻ കാരണം. ബിജെപിയുടെ തലശേരിയിലെ ജനകീയ മുഖങ്ങളിലൊന്നാണ് കെ. ലിജേഷ്. ഊർജ്ജസ്വലനായ നേതാവെന്ന നിലയിൽ പ്രവർത്തകരുടെയും ജനങ്ങളുടെയും അംഗീകാരം നേടിവരുന്നതിനിടെയാണ് ഹരിദാസൻ വധക്കേസിൽ കുടുങ്ങുന്നത്. ലിജേഷ് വധക്കേസിൽ പ്രതിയായി ജയിലിലായതോടെ തലശേരി നഗരസഭയിൽ മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് ക്ഷീണം സംഭവിച്ചിരുന്നു.
ലിജേഷിന്റെ നഗരസഭാ കൗൺസിലർ സ്ഥാനം മരവിപ്പിച്ചതും പാർട്ടിക്ക് തിരിച്ചടിയായി. പുന്നോൽ ഹരിദാസൻ വധക്കേസിന്റെ വിചാരണകോടതിയിൽ തുടങ്ങാനിരിക്കെയാണ് ലിജേഷിന് കൗൺസിലർ സ്ഥാനം തിരിച്ചു ലഭിക്കുന്നത്. തലശേരി നഗരസഭയിലെ പ്രതിപക്ഷ നേതാവിന്റെ റോൾ വഹിക്കുന്ന ബിജെപി നേതാവാണ് കെ.ലിജേഷ്. ഇദ്ദേഹത്തിന്റെ തിരിച്ചുവരവ്സി.പി. എമ്മിന് തലവേദനയായിരിക്കുകയാണ്.