തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയയ്ക്ക് നേരെയുണ്ടായ വധശ്രമത്തില്‍ സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ. തങ്ങൾക്ക് അനുകൂലമായി സംസാരിക്കുന്ന മാധ്യമങ്ങൾക്ക് വേണ്ടി മാത്രം മാധ്യമ സ്വാതന്ത്ര്യത്തെകുറിച്ച് സംസാരിക്കുന്നവരാണ് ഇടതുപക്ഷമെന്നായിരുന്നു വിമർശനം. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അക്രമ രാഷ്ട്രീയത്തിന്റെ അഹങ്കാരം അധികകാലം വാഴില്ലെന്ന മുന്നറിയിപ്പും യുവരാജ് നൽകുന്നു. ഷാജൻ സ്കറിയയ്ക്ക് നേരെയുണ്ടായ ആക്രമത്തിൽ മറുനാടനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുവരാജ് ഗോകുൽ മറുനാടനോട് പറഞ്ഞതിങ്ങനെ:

സിപിഐഎം വളരെ കാലങ്ങളായി ഉന്നയിക്കുന്ന അവകാശ വാദമാണ് അവർ മാധ്യമ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നവരാണെന്ന്. വളരെ ശരിയാണ് അവർ മാധ്യമ സ്വാതന്ത്ര്യത്തിനായി നില കൊള്ളുന്നവരാണ്. പക്ഷെ അതവരെ അനുകൂലിച്ച് സംസാരിക്കുന്ന മാധ്യമങ്ങൾക്ക് വേണ്ടി മാത്രമാണ് നിലനിൽക്കുന്നത്. മുഖ്യമന്ത്രി തന്‍റെ കീഴില്‍ വളര്‍ത്തുന്ന യുവജന ഗുണ്ടകളെ വീണ്ടും 'ജീവന്‍രക്ഷാ' പ്രവര്‍ത്തനത്തിന് പറഞ്ഞു വിടുന്നത് എന്ത് അഹങ്കാരത്തിന്‍റെ പേരിലായാലും അത് അധികകാലം വാഴില്ല എന്നോര്‍ക്കുക. എതിര്‍സ്വരങ്ങളെ സംഗീതം പോലെ ആസ്വദിക്കുന്നത് ആ സ്വരങ്ങള്‍ നിലവിളികളായി കേള്‍ക്കുംബോള്‍ മാത്രമാണെന്ന് തോന്നുന്നു. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടെന്നത് സിപിഐഎം മറക്കണ്ട.

ഇന്ന് തൊടുപുഴയില്‍ വെച്ചാണ് മറുനാടന്‍ മലയാളി ചീഫ് എഡിറ്ററെ കാറിടിച്ച് കൊല്ലാന്‍ ശ്രമം ഉണ്ടായത്. ഡിവൈഎഫ് ഐ സംഘമാണ് വധിക്കാന്‍ ശ്രമിച്ചത്. ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയത്. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.

വിവാഹ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് ഷാജന്‍ സ്‌കറിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് വിവാഹ സ്ഥലത്തു നിന്നും റിസപ്ഷന്‍ വേദിയിലേക്ക് വരുന്ന മറ്റാരോ ആണെന്നണ് കരുതിയത്. അമിത വേഗതയില്‍ സിനിമാ സ്റ്റൈലില്‍ ചെയ്സ് ചെയ്ത് മുമ്പോട്ട് കയറിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാനായിരുന്നു ശ്രമിച്ചത്.

കാര്‍ നിയന്ത്രണം വിട്ടു പോകാതെ ആത്മ സംയമനം വീണ്ടെടുത്ത ഷാജന്‍ സ്‌കറിയ തന്റെ കാറില്‍ വന്നിടിച്ചത് വിവാഹത്തിന് വന്നവരുടെ വാഹനമാണെന്ന് തന്നെ കരുതി. അങ്ങനെ അവരോട് കാര്യം ചോദിക്കാനായി കാറിന്റെ ഗ്ലാസ് മാറ്റി. ഇതിനിടെയാണ് ആറംഗ സംഘം അക്രമം നടത്തിയത്.

ഷാജന്‍ സ്‌കറിയെ വാഹനത്തില്‍ വിവാഹ വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഥാര്‍ പുറത്തു തന്നെയുണ്ടായിരുന്നു. സിപിഎമ്മിനോട് അനുഭാവമുള്ള ബ്രിട്ടണിലെ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് ഈ ഗൂഡാലോചന നടന്നതെന്നാണ് സൂചന. ഈ വ്യവസായിയുടെ കള്ളത്തരങ്ങള്‍ മറുനാടനിലൂടെ പുറം ലോകം അറിഞ്ഞു. സിപിഎമ്മിനും ഇയാളെ തള്ളിപറയേണ്ട അവസ്ഥയുണ്ടായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അതിവിശ്വസ്തനായിരുന്നു ഇയാള്‍. ഗോവിന്ദന്റെ മകനെതിരേയും ആക്രമണങ്ങള്‍ നടന്നു. സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച ശുചിത്വ സാഗരം പദ്ധതിയടക്കം പുറത്തെത്തി. ഇതിന്റെ പക സിപിഎമ്മിലേയും ഡിവൈഎഫ്ഐയിലേയും വിശ്വസ്തരെ ഉപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു അയാളെന്നാണ് സൂചനകള്‍.