- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശോഭാ സുരേന്ദ്രനെ അധ്യക്ഷയാക്കണമെന്ന ആവശ്യം ശക്തം
കൊല്ലം: ലോക്സഭയിലേക്കു ബിജെപി.യുടെ ഒരു പ്രതിനിധിയെ അയച്ച കേരളത്തിന്, ദേശീയനേതൃത്വം രണ്ടു മന്ത്രിമാരെ നൽകിയത് രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്. ഇനി കൂടുതൽ ശക്തമായി തന്നെ ബിജെപി കേരളത്തിലെ കാര്യങ്ങളിൽ ഇടപെടും. സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം നിലനിർത്തുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. ക്രൈസ്തവ സമൂഹത്തെ ഒപ്പം നിർത്തിയാലേ മുന്നേറ്റം സാധ്യമാകൂ എന്ന് ബോധ്യം ഉണ്ടായിട്ടുണ്ട്. ജോർജ്ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയതും ക്രൈസ്തവരിലേക്കുള്ള പാലമിടലാണ്. ദ്വീർഘകാലമായി ബിജെപിയുടെ അടിയുറച്ച നേതാവാണ കുര്യൻ.
സുരേഷ് ഗോപി മന്ത്രിയാകുമെന്നുറപ്പായിരുന്നു. എന്നാൽ, ആരും പ്രതീക്ഷിക്കാതെയാണ് ജോർജ് കുര്യനെ ദേശീയനേതൃത്വം മന്ത്രിയാക്കിയത്. ദീർഘകാലമായി ബിജെപി. കണ്ണുവെക്കുന്ന ക്രൈസ്തവ വോട്ടുബാങ്കിലേക്ക് ജോർജ് കുര്യൻവഴി ഒരു പാലമിടുകായണ് പാർട്ടി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിലേക്കാണ് ബിജെപിയുടെ കണ്ണ്. ബിജെപിക്ക് അനുകൂല സാഹചര്യം പിണറായി വിജയന്റെ ഭരണം കൊണ്ട് ഉണ്ടായിട്ടുണ്ട്. ഇനി മുതലെടുക്കുകയാണ് വേണ്ടതെന്ന് വ്യക്തമായി നേതൃത്വത്തിന അറിയാം. അതുകൊണ്ട് തന്നെ ജനകീയ മുഖങ്ങളിലേക്കുള്ള പരീക്ഷണങ്ങൾ തുടരും.
ഇക്കുറി തൃശ്ശൂർ ഒഴികെയുള്ള മണ്ഡലങ്ങളിലൊന്നും ഇക്കുറി ക്രൈസ്തവവോട്ട് കാര്യമായി കിട്ടിയിട്ടുമില്ല. ക്രൈസ്തവവോട്ടുകൂടി ലഭിച്ചാൽ, തൃശ്ശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിൽ വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഭാവിയിൽ ഇത് കിട്ടാൻ സാധ്യതയുണ്ടെന്ന കാര്യം കൂടി പരിഗണിച്ചുള്ള കാര്യങ്ങളിലേക്കാണ് പാർട്ടി ഇനി കടുക്കുക.
സമീപകാലത്ത് ബിജെപി.യിലെത്തിയ എ.പി. അബ്ദുള്ളക്കുട്ടി, അനിൽ ആന്റണി തുടങ്ങിയവർക്ക് ദേശീയ ഭാരവാഹിത്വം നൽകിയപ്പോൾ തങ്ങളെ തഴയുകയാണെന്നൊരു വികാരം പഴയതലമുറ നേതാക്കൾക്ക് ഉണ്ടായിരുന്നു. ബിജെപി. രൂപംകൊണ്ട ദിവസംതന്നെ അംഗത്വമെടുത്ത ജോർജ് കുര്യനെ കൊണ്ടുവന്നതിലൂടെ പഴയ തലമുറയെ തഴയില്ലെന്ന സന്ദേശവും ദേശീയനേതൃത്വം നൽകുന്നു. ഒരിക്കലും ഗ്രൂപ്പ് മുഖമായി മാറാൻ അദ്ദേഹം തയ്യാറായിട്ടില്ല. പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കളുമായി ദീർഘകാല ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തിൽ അക്കൗണ്ടുതുറന്ന സാഹചര്യത്തിൽ, സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുരേന്ദ്രന് ഒരവസരംകൂടി നൽകണമെന്ന വാദം ഉറപ്പായും ഉണ്ടാകും. എന്നാൽ, ഈ വിജയത്തിൽ സംസ്ഥാനനേതൃത്വത്തിന് പങ്കില്ലെന്നും നേരത്തേതന്നെ അനുയോജ്യരായ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിൽ കൂടുതൽ വിജയം നേടാനാകുമായിരുന്നു എന്നുമാണ് മറുപക്ഷത്തിന്റെ വാദം.
ജനറൽ സെക്രട്ടറി എം ടി. രമേശിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു ഉയർത്തിക്കൊണ്ടുവരാൻ ആർ.എസ്.എസിലെ ഒരുവിഭാഗവും സുരേന്ദ്രൻ-മുരളീധരൻ വിരുദ്ധരും രംഗത്തുണ്ട്. കഴിഞ്ഞതവണ ആറ്റിങ്ങലിലും ഇത്തവണ ആലപ്പുഴയിലും തിളക്കമാർന്ന നേട്ടമുണ്ടാക്കിയ ശോഭാ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന വാദത്തിനും ശക്തികൂടും.
ത്രികോണ മത്സരം നടന്ന തൃശൂരിൽ സുരേഷ് ഗോപിക്ക് 74,686 വോട്ടുകളുടെ തകർപ്പൻ ജയം വലിയൊരു സൂചനയാണ്. അരാഷ്ട്രീയ വോട്ടുകളാണ് തന്നെ ജയിപ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിലും, ഭരണവിരുദ്ധ വികാരവും, എൻഡിഎയുടെ തീവ്രയത്നവും കുറച്ചുകണ്ടുകൂടാ. ജനുവരിയിൽ മഹിള മോർച്ചയുടെ നാരീ ശക്തി മോദിക്കൊപ്പം എന്ന വനിതാസംഗമത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി പ്രചാരണത്തിന് തുടക്കമിട്ടത് മുതൽ കൊട്ടിക്കലാശം വരെ സുരേഷ് ഗോപിയും ബിജെപിയും വിശ്രമിച്ചിട്ടില്ല.
കഴിഞ്ഞ തവണ 28.2 ശതമാനം വോട്ട് നേടിയ സുരേഷ് ഗോപി ഇക്കുറി അത് 37.8 ശതമാനത്തിലേക്ക് ഉയർത്തി. മണ്ഡലത്തിലെ 24.27 ശതമാനം വരുന്ന ക്രിസ്ത്യൻ സമുദായത്തെ ഒപ്പം നിർത്താനുള്ള പ്രവർത്തനങ്ങളും സുരേഷ് ഗോപി നടത്തി. ലൂർദ് മാത പള്ളിയിലേക്ക് സ്വർണ കിരീടം നേർന്നും സഭാമേലധികാരികളുടെ ആശിർവാദം നേടിയും പള്ളിപ്പെരുന്നാളുകളിൽ പങ്കെടുത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായുമൊക്കെ സുരേഷ് ഗോപി തൃശൂരിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. കേരളത്തിൽ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ ഉദ്ദേശിച്ചുള്ള നീക്കം ഫലിച്ചുവെന്ന് വേണം കരുതാൻ.
ഗോവയിലെയും മേഘാലയയിലെയും മോഡലിൽ ബിജെപി ക്രൈസ്തവരെ ഒപ്പം നിർത്താൻ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ ക്രൈസ്തവ സഭകളുടെ പിന്തുണ അനിവാര്യമെന്ന തിരിച്ചറിവിലാണ് ബിജെപി നേതൃത്വം പരിശ്രമം തുടരുന്നത്. 2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയപ്പോൾ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തുടർച്ചയായി സുരേഷ് ഗോപിയും, രാഹുൽ ചന്ദ്രശേഖറുമൊക്കെ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുന്നത് തുടർന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ഡിസംബറിൽ ബിജെപി സ്നേഹയാത്ര നടത്തി. സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ നിന്നായിരുന്നു ഭവന സന്ദർശനത്തിന്റെ തുടക്കം. ഭവന സന്ദർശനത്തിൽ രാഷ്ട്രീയമില്ല, ക്രിസ്തുമസ് ആശംസകൾ നേരുക മാത്രമാണ് ഉദ്ദേശമെന്ന് പറഞ്ഞപ്പോഴും കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ടായിരുന്നു ബിജെപിയുടെ സ്നേഹയാത്ര. മണിപ്പൂർ വിഷയത്തിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും ക്രൈസ്തവ ന്യൂനപക്ഷത്തിന് കോൺഗ്രസിനെക്കാൾ വിശ്വാസം ബിജെപിയെ ആണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഈസ്റ്റർ ദിനത്തിലെ ഭവന സന്ദർശനത്തിൽ നിന്നും വ്യത്യസ്തമായി വിപുലമായ രീതിയിലായിരുന്നു സ്നേഹയാത്ര. പഞ്ചായത്ത് തലത്തിൽ പ്രാദേശിക നേതാക്കൾ ഉൾപ്പടെ ഭവനസന്ദർശനത്തിന് ഇറങ്ങി.
തിരഞ്ഞെടുപ്പ് പരാജയം മറികടക്കാൻ സർക്കാർ ഡബിൾ എഞ്ചിനോടെ പ്രവർത്തിക്കണമെന്നാണ് സിപിഎം വിലയിരുത്തിയത്. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വോട്ടുചോർന്നു. 11 സിറ്റിങ് മണ്ഡലങ്ങളിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോയി. ജനവിശ്വാസം വീണ്ടെടുക്കാൻ സിപിഎം ആലോചിക്കുമ്പോൾ, കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ തങ്ങളാണ് ഒന്നാം സ്ഥാനത്ത് എന്നതാണ് ബിജൈപിയെ സന്തോഷിപ്പിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ പതിനാറായിരത്തോളം വോട്ടുകൾക്ക് മാത്രമാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്.
തിരുവനന്തപുരത്ത് കഴിഞ്ഞ തവണ നേമത്തുമാത്രം ഒന്നാമതെത്തിയ ബിജെപി ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നേമത്ത് ഒന്നാമതെത്തിയതിനു പുറമെ വട്ടിയൂർക്കാവ്,(8162) കഴക്കൂട്ടം(10842), കാട്ടാക്കട(4779). ആറ്റിങ്ങൽ(6287), പുതുക്കാട്(12692)്, ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂർ(14117), ഒല്ലൂർ(10363), മണലൂർ(8013) നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതായി. ഇടതു മുന്നണിക്ക് 19 മണ്ഡലങ്ങളിൽ മാത്രമാണ് ഒന്നാമതെത്താൻ കഴിഞ്ഞത്. യുഡിഎഫ് 110 മണ്ഡലങ്ങളിൽ മുന്നിലെത്തി. 2019 ൽ അത് 123 മണ്ഡലങ്ങളായിരുന്നു.
8 മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ്, ഇവിടങ്ങളിലാണ് രണ്ടാമത് എത്തിയത്. 2016ൽ നേമത്ത് ഒന്നാമതും മറ്റ് ഏഴ് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തും 2021ൽ നേമം ഉൾപ്പെടെ ഒമ്പത് മണ്ഡലങ്ങളിൽ രണ്ടാമതെത്തിയതുമായിരുന്നു ബിജെപിയുടെ മുൻകാല വലിയ മുന്നേറ്റം. 2016ൽ നേമത്ത് ഒ രാജഗോപാൽ ജയിച്ചു. മഞ്ചേശ്വരം (കെ. സുരേന്ദ്രൻ 56781 ), കാസർകോഡ്(രവീശ തന്ത്രി കുണ്ടാർ 56120 ), വട്ടിയൂർക്കാവ് (കുമ്മനം രാജശേഖരൻ 43700 ), കഴക്കൂട്ടം (വി. മുരളീധരൻ 42732 ), ചാത്തന്നൂർ (ബി.ബി. ഗോപകുമാർ 33199 ), പാലക്കാട് (ശോഭ സുരേന്ദ്രൻ 40076 ), മലമ്പുഴ (സി. കൃഷ്ണകുമാർ 46,157 ) എന്നീ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.