ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടായ അതൃപ്തി കേരളത്തെ നേരിട്ട് അറിയിക്കാൻ ബിജെപി ദേശീയ നേതൃത്വം. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും കേരളഘടകത്തിന്റെ പുതിയ പ്രഭാരിയായി ചുമതലയേറ്റ പ്രകാശ് ജാവദേക്കറും കേരളത്തിലെത്തുന്നുണ്ട്. ഈ മാസം 25, 26 തീയതികളിലായി കേരളത്തിലെത്തുന്ന നദ്ദയുടെ സന്ദർശനത്തിന് മുന്നോടിയായി 23ന് പ്രകാശ് ജാവദേക്കർ കേരളത്തിലെത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഈ മാസം ആദ്യം കേരളത്തിലെത്തിയിരുന്നു. കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. എന്നാൽ ഈ സമ്മേളനത്തിൽ വലിയൊരു ആൾക്കൂട്ടത്തെ എത്തിക്കാൻ സംസ്ഥാന നേതാക്കൾക്കായില്ല. ഇത് പ്രധാനമന്ത്രിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മുഖങ്ങളെല്ലാം പാർട്ടിയിൽ പഴയതാണെന്നും മോദി കോർ കമ്മറ്റി യോഗത്തിൽ ആഞ്ഞടിച്ചു. തിരുവനന്തപുരത്ത് അമിത് ഷാ പാർട്ടി നേതാക്കളുടെ പ്രത്യേക യോഗം ഒഴിവാക്കുകയും ചെയ്തു.

ഡൽഹിയിൽ എത്തിയ മോദി കേരളത്തിൽ അടിയന്തര തീരുമാനങ്ങൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രഭാരിയെ മാറ്റി. 2016ൽ കേരളത്തിന്റെ ചുമതല നോക്കിയിരുന്ന പ്രകാശ് ജാവദേക്കറിനെ ചുമതല ഏൽപ്പിച്ചു. മാറ്റമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കൊച്ചിയിൽ പ്രധാനമന്ത്രിയുടെ പൊതു സമ്മേളനത്തിന് അയ്യായിരത്തിൽ താഴെ ആളുകളേ എത്തിയുള്ളൂവെന്നാണ് ദേശീയ നേതൃത്വം മനസ്സിലാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സംഘടനാ ദൗർബല്യങ്ങൾ മോദി തിരിച്ചറിഞ്ഞു എന്നതാണ് യാഥാർത്ഥ്യം.

തമിഴ്‌നാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷനായ അണ്ണാമലയുടെ പ്രസംഗം കേൾക്കാൻ പോലും പതിനായിരങ്ങളാണ് തടിച്ചു കൂടുന്നത്. അങ്ങനെ ഇരിക്കെയാണ് കേരളത്തിൽ മോദിക്ക് വേണ്ടി ആളെ എത്തിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതെന്ന വിലയിരുത്തൽ സജീവമാണ്. ഈ പിഴവ് സംസ്ഥാന നേതൃത്വത്തെ നേരിട്ട് തന്നെ നഡ്ഡ അറിയിക്കും. ശാസനയും നൽകും. പ്രധാനമന്ത്രി എത്തുമ്പോൾ അതിന് വേണ്ട ഗൗരവം നൽകണമെന്ന സന്ദേശവും നൽകും. ഇത് ഭാവിയിൽ ആവർത്തിക്കാനും അനുവദിക്കില്ല. കേരളത്തിൽ സമ്പൂർണ്ണ അഴിച്ചു പണിയും ദേശീയ നേതൃത്വത്തിന്റെ അജണ്ടയിലുണ്ട്.

ഏറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ജാവദേക്കർ സന്ദർശനം നടത്തും. ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ പുതിയതായി നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം 25നും തിരുവനന്തപുരത്തെ പുതിയ ഓഫീസ് കെട്ടിടം 26നും ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. ദേശീയ അദ്ധ്യക്ഷന്റെ സന്ദർശനത്തിന്റെ ഭാഗമായി പാർട്ടി സംസ്ഥാന നേതൃയോഗവും ചേരും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങൾക്ക് രൂപം നൽകാൻ വലിയ പ്രവർത്തന പദ്ധതികൾക്കാണ് ദേശീയ നേതൃത്വം രൂപം നൽകിയിരിക്കുന്നത്. കേരളാ ബിജെപിയിലെ തീരുമാനമെല്ലാം ഇനി ജാവദേക്കറാകും എടുക്കുക.

23 മുതൽ ഒരാഴ്‌ച്ച കേരളത്തിൽ സന്ദർശനം നടത്തുമെന്ന് ജാവദേക്കർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ മേഖലകളിലും പാർട്ടിയുടെ വളർച്ച എന്നതാണ് ലക്ഷ്യം വെക്കുന്നതെന്നും കൂടുതൽ പ്രവർത്തകരെ പാർട്ടിയിലെത്തിക്കാൻ പ്രത്യേകം ശ്രദ്ധ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഭാരി എന്ന നിലയിൽ എല്ലാ മാസവും ഒരാഴ്‌ച്ച കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ദേശീയ നേതൃത്വം വിവിധ സംസ്ഥാനങ്ങളിൽ പുതിയ പ്രഭാരിമാരെ നിശ്ചയിച്ചത്. പ്രകാശ് ജാവദേക്കറെയും സഹപ്രഭാരിയായി രാധാ മോഹൻ അഗർവാൾ എംപി യെയുമാണ് കേരളത്തിലേക്ക് നിയോഗിച്ചിരിക്കുന്നത്.

കേരളത്തിലെ ബിജെപി പ്രവർത്തനങ്ങളുടെ ചുമതലയുള്ള പ്രഭാരിയായി പ്രകാശ് ജാവദേക്കറെത്തുമ്പോൾ അദ്ദേഹത്തിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. കേരള ബിജെപിയെ നന്നാക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര നേതൃത്വം ജാവദേക്കർക്ക് ചുമതല നൽകിയിരിക്കുന്നത്. കേരളത്തിൽ പാർട്ടി പ്രവർത്തനം തീരെ കാര്യക്ഷമമല്ലെന്ന് കേന്ദ്ര മന്ത്രിമാർ റിപ്പോർട്ട് നല്കിയിരുന്നു. അമിത് ഷാ സംസ്ഥാനത്തെത്തിയപ്പോൾ മാതൃഭൂമി, മനോരമ, കേരള കൗമുദി, ജന്മഭൂമി തുടങ്ങിയ മാധ്യങ്ങളിലെ ജേർണലിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ സുരേന്ദ്രനെ മാറ്റി നിർത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേരളത്തിന്റെ പ്രഭാരിയെ മാറ്റിയതെന്നതും ശ്രദ്ധേയമാണ്. നിലവിൽ തമിഴ്‌നാട് മുൻ സംസ്ഥാന അധ്യക്ഷൻ സി പി രാധാകൃഷ്ണനായിരുന്നു ചുമതല.

നിയമസഭയിലുണ്ടായിരുന്ന ഒരു സീറ്റ് വർധിപ്പിക്കുന്നതിലുപരി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദേശീയ നേതൃത്വം സി പി രാധാകൃഷ്ണനെ കേരളത്തിലേക്ക് അയച്ചത്. കേരളവുമായി അടുത്ത് പരിചയവുമുള്ള രാധാകൃഷ്ണന് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഈ സാഹചര്യത്തിലാണ് ജാവദേക്കറിനെ ചുമതലക്കാരനാക്കുന്നത്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ബിജെപി ആരംഭിച്ചിട്ടുണ്ട്. നിലവിൽ ദക്ഷിണേന്ത്യയിൽ കർണാടകയിൽ മാത്രമാണ് പാർട്ടിക്ക് അധികാരം ഉള്ളത്. ബിജെപിയുടെ അടുത്ത പ്രധാന ലക്ഷ്യം തെലങ്കാനയും തമിഴ്‌നാടുമാണ്.

കേരളത്തെയും ഏറെ പ്രാധാന്യത്തോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്. ഇതിന്റെ ഭാഗമായാണ് മുതിർന്ന നേതാവിനെ കേരളത്തിന്റെ ചുമതലയിലേക്ക് കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് തകർന്ന തെലങ്കാനയിൽ വരുന്ന തിരഞ്ഞെടുപ്പോടെ മുഖ്യപ്രതിപക്ഷമാകാൻ സാധിക്കുമെന്ന് ബിജെപി കരുതുന്നുണ്ട്. തമിഴ്‌നാട്ടിൽ എ ഐ എ ഡി എം കെയിലെ അധികാര ഭിന്നതകൾ മുതലെടുത്ത് ലോക്സഭ തിരഞ്ഞെടുപ്പിൽ മുന്നേറാൻ സാധിക്കുമെന്നും പാർട്ടി കണക്ക് കൂട്ടുന്നുണ്ട്.