- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുടെ പുതിയ ടീമില്‍ വി മുരളീധര പക്ഷത്തെ ഒഴിവാക്കിയെന്ന പരാതിക്ക് പരിഹാരവുമായി രാജീവ് ചന്ദ്രശേഖര്‍; 21 അംഗ ജംബോ കോര്‍ കമ്മിറ്റിയില്‍ മുന്‍ അദ്ധ്യക്ഷന്മാരും ഏഴുഉപാദ്ധ്യക്ഷന്മാരും; ഒ രാജഗോപാലിനെയും സി കെ പത്മനാഭനെയും ഒഴിവാക്കി; ഷോണ്‍ ജോര്‍ജ് ഇടം കണ്ടെത്തി; ഉപാദ്ധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന് കോര്‍ കമ്മിറ്റിയിലും വക്താവുമാരുടെ പട്ടികയിലും ഇല്ല
ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുന: സംഘടിപ്പിച്ചു
തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുന: സംഘടിപ്പിച്ചു. 21 അംഗ ജംബോ കോര്‍ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇത്രയധികം അംഗങ്ങള്‍ ഇതാദ്യമായാണ് കമ്മിറ്റിയില്‍ വരുന്നത്. പുറത്തു വിട്ട പട്ടിക പ്രകാരം മുന്‍ അധ്യക്ഷന്മാര്‍ക്ക് ഒപ്പം 7 വൈസ് പ്രസിഡന്റുമാരും കമ്മിറ്റിയിലുണ്ട്.
സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മറ്റൊരു വൈസ് പ്രസിഡന്റായ ഡോ.കെഎസ് രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. വക്താക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഒ രാജഗോപാല്‍, സികെ പത്മനാഭന്‍,എന്നിവരെയും കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. കന്യാസ്ത്രീ വിഷയത്തില്‍ ക്രൈസ്തവ സഭാ വിരുദ്ധ നിലപാട് സ്വീകരിച്ചതാണ്് ഡോ കെ എസ് രാധാകൃഷ്ണനെ കോര്‍ കമ്മറ്റിയില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്നാണ് സൂചന.
സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം സുരേഷ് ഗോപിയും അഡ്വക്കേറ്റ് ജോര്‍ജ് കുര്യനും, സി സദാനന്ദനും പട്ടികയിലുണ്ട്. പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, എ പി അബ്ദുള്ളക്കുട്ടി, അനില്‍ കെ ആന്റണി, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി, പി സുധീര്‍, അഡ്വ. കെ കെ അനീഷ് കുമാര്‍, അഡവ. ഷോണ്‍ ജോര്‍ജ്, സി കൃഷ്ണ കുമാര്‍, അഡ്വ. ബി ഗോപാലകൃഷണന്‍, കെ സോമന്‍, വി ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റു നേതാക്കള്‍. പ്രകാശ് ജാവദേക്കര്‍, അപരാജിത സാരംഗി എന്നിവര്‍ കേന്ദ്ര ക്ഷണിതാക്കളാണ്.
ജൂലൈയില്‍ ബിജെപി നാല് ജനറല്‍ സെക്രട്ടറിമാരെയാണ് പാര്‍ട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം പട്ടികയില്‍ നല്‍കിയെങ്കിലും വി മുരളീധരപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിരുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വി. മുരളീധരപക്ഷത്ത് നിന്ന് ആരും ഇല്ലായിരുന്നു. നാല് ജനറല്‍ സെക്രട്ടറിമാരില്‍ എം.ടി. രമേശിനെയാണ് നിലനിര്‍ത്തിയത്.
വി മുരളീധര പക്ഷത്തെ ഒഴിവാക്കിയെന്ന പരാതിക്ക് പരിഹാരം കാണാന്‍ ഇക്കുറി മുന്‍ അധ്യക്ഷന്മാരായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, രാജ്യസഭാ എംപി സി സദാനന്ദന്‍, ദേശീയ ഭാരവാഹികളായ എ പി അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി, ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എം ടി രമേശ്, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ക്കൊപ്പം 7 ഉപാധ്യക്ഷന്മാരെയും കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
ഇതില്‍ വി മുരളീധരപക്ഷത്തെ സി കൃഷ്ണകുമാറും പി സുധീറും ഉള്‍പ്പെടുന്നു. കെ എസ് രാധാകൃഷ്ണനൊപ്പം ആര്‍ ശ്രീലേഖ, ഡോ അബ്ദുല്‍സലാം എന്നീ വൈസ് പ്രസിഡന്റുമാരെയും കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല.