കണ്ണൂർ: പാർട്ടി വിട്ട മുൻ ഡി.സി.സി ജനറൽ സെക്രട്ടറി സി.രഘുനാഥ് ബിജെപിയിൽ ചേർക്കാൻ അണിയറ നീക്കങ്ങൾ ബിജെപി സംസ്ഥാന നേതൃത്വം ശക്തമാക്കി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപിന് മുൻപായി സി.രഘുനാഥ് പാർട്ടി അംഗത്വമെടുത്തേക്കും. ബി ജെ.പി സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ടു ആശയ വിനിമയം നടത്തിയിട്ടുണ്ട്. പാർട്ടിയിൽ ചേരുന്ന സി.രഘുനാഥിനെ കണ്ണൂർ ലോക്‌സഭാ സ്ഥാനാർത്ഥിയായി എൻ.ഡി.എ ബാനറിൽ മത്സരിപിക്കാനുള്ള നീക്കവും ബിജെപി സംസ്ഥാന നേതൃത്വം നടത്തുന്നുണ്ട്.

കണ്ണൂർ ജില്ലയിലെ പ്രമുഖ ബിസിനസുകാരൻ കൂടിയാണ് സി.രഘുനാഥ്. അദ്ദേഹത്തിന് ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രസർക്കാർ ഭരിക്കുന്ന പാർട്ടിയിൽ ചേർന്നാൽ ഗുണം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. ഇതോടെ എ.പി.അബ്ദുള്ള കുട്ടി കഴിഞ്ഞാൽ ബിജെപിയിലേക്ക് ചേരുന്ന രണ്ടാമത്തെ നേതാവായി സി.രഘുനാഥ് മാറിയേക്കും. സംസ്ഥാന തലത്തിൽ തന്നെ ഭാരവാഹിത്വം നൽകി നവാഗത നേതാവിനെ സ്വീകരിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. നീണ്ട അൻപതുവർഷത്ത രാഷ്ട്രീയ പാരമ്പര്യം സി.രഘുനാഥിനുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം.സുധീരൻ തുടങ്ങിയ നേതാക്കളുടെ കാലത്ത് കെ.എസ്.യു സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിച്ച നേതാവാണ് സി.രഘുനാഥ് . പാർട്ടിയിൽ അർഹതപെട്ട സ്ഥാനം തന്നെ ഇതുവരെ തേടി വന്നില്ലെന്ന അമർഷം അദ്ദേഹം നേരത്തെയും തുറന്ന് പ്രകടിപിച്ചിരുന്നു. 1983-ലെ സംഘടനാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സുധാകരനൊപ്പം നിന്ന നേതാക്കളിലൊരാളായ സി രഘുനാഥ് പാർട്ടിയുമായി അഭിപ്രായ ഭിന്നതയുണ്ടായി ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതു വരെ കെ.സുധാകര പക്ഷത്തു തന്നെയാണ് അടിയുറച്ചു നിന്നത്.

എന്നാൽ അവസാനം കഴിഞ്ഞ ദിവസം കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.സുധാകരൻ പാർട്ടിയിൽ അഞ്ചാം ഗ്രൂപ്പുണ്ടാക്കിയെന്ന വിമർശനം അഴിച്ചു വിടാനും അദ്ദേഹം മറന്നില്ല. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിനും നിലവിലെ ജീല കോൺഗ്രസ് നേതൃത്വത്തിനെതിരെയുമാണ് സി. രഘുനാഥ് വാർത്താ സമ്മേളനത്തിൽ ആഞ്ഞടിച്ചത്. കഴിവുകെട്ട നേതൃത്വമാണ് ജില്ലയിലെ പാർട്ടിയെ നയിക്കുന്നതെന്നും ഓരോ നാൾ കഴിയുമ്പോഴും പാർട്ടി സംഘടന അണികളിൽ അകന്നു പോവുകയാണെന്നുമാണ് രഘുനാഥിന്റെ വിമർശനം.

എന്നാൽ ഇതിനെതിരെ കോൺഗ്രസ് ജില്ലാ നേതൃത്വം പ്രതികരിക്കുകയോ രഘുനാഥിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഇതുവരെ നടത്തുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സി.രഘുനാഥ് ജനസ്വാധീനമുള്ള നേതാവായതിനാൽ അദ്ദേഹത്തെ പാർട്ടിയുമായി അടുപിക്കുന്നതിന് സിപിഎമ്മും എൻ. സി.പിയും കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ താൻ രാഷ്ട്രീയ രംഗത്തു തന്നെയുണ്ടാകുമെന്നും ഭാവി കാര്യങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടിലെന്നും സി.രഘുനാഥ് പ്രതികരിച്ചു. നിലവിൽ കണ്ണൂർ കോർപറേഷൻ കൗൺസിലറും വിമത നേതാവുമായ പി.കെ രാഗേഷ് നേതൃത്വം നൽകുന്ന സേവ് കോൺഗ്രസ് ഫോറവുമായി സഹകരിച്ചു പ്രവർത്തിച്ചു വരികയാണ് സി.രഘുനാഥ്.