തിരുവനന്തപുരം: ഓണമുണ്ണാൻ വേണ്ടി എവിടെ നിന്നും കടമെടുക്കാൻ സാധിക്കുമെന്ന അന്വേഷണത്തിലാണ് കേരള സർക്കാർ. ബാലഗോപാൽ ആകട്ടെ അതിനായുള്ള അനുമതിക്കായി കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കയാണ്. ഇതിനിടെയാണ് സംസ്ഥാന സർക്കാറിന്റെ അവസ്ഥയെ പരിഹസിച്ചുകൊണ്ട് സിപിഐ നേതാവ് സി ദിവാകരൻ രംഗത്തുവരുന്നത്.

കടമെടുത്തു കടമെടുത്ത് സെക്രട്ടേറിയറ്റ് ഈടു കൊടുത്താലും തികയാത്ത രീതിയിലാണ് സർക്കാരിന്റെ കടമെടുക്കലെന്ന് സി ദിവാകരൻ കുറ്റപ്പെടുത്തി. ഡിഎ കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സീനിയർ സിറ്റിസൻസ് സർവീസ് കൗൺസിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ കാണുന്ന ശീതളഛായ എന്നും ഉണ്ടാകില്ല. കൊടുംവേനലിൽ കഴിയുന്ന ആളുകളെ കൂടെ ചേർത്തുപിടിച്ചല്ലാതെ ഒരു സർക്കാരിനും മുന്നോട്ടുപോകാനാകില്ല.

പെൻഷൻകാരെ ഇങ്ങനെ അനാഥരാക്കി ഇരുത്തുന്നത് ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന് അനുയോജ്യമാണോ എന്ന് ഈ വേലിക്കെട്ടിനകത്തിരുന്ന് അധികാരം കയ്യാളുന്നവർ ആലോചിക്കണം. പെൻഷൻകാർ അനർഹമായ ഒരു കാര്യവും ചോദിക്കുന്നില്ല. പൊന്നുതമ്പുരാനേ അവിടുന്ന് തരണം, ഓണമായി, വേറെ ഗതിയില്ല അദ്ദേഹം പരിഹസിച്ചു.

എന്താണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ശമ്പളം കൊടുക്കുന്നതു പോലും വാർത്തയാകുന്നു. 30 ദിവസം കഷ്ടപ്പെട്ട ആളുകൾക്ക് ശമ്പളം കൊടുക്കാതെ പിന്നെ എന്തോന്നാണു കൊടുക്കേണ്ടത്. ശമ്പളം കിട്ടാൻ വേണ്ടി കോടതിയിൽ പോകേണ്ട അവസ്ഥയാണ്. കോടതിയാണ് ഇപ്പോൾ എല്ലാവരുടെയും ആശ്രയം. കടമെടുക്കൽ മാത്രമാണ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗമെന്ന രീതി ശരിയല്ല. അദ്ദേഹം പറഞ്ഞു.

അതേസമയം സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ, കേന്ദ്രത്തിൽ നിന്നു കുടിശികത്തുക നേടിയെടുക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അനുമതി തേടിയിരുന്നു. വരുന്ന 7 മാസം കേരളത്തിനു കടമെടുക്കാൻ അവശേഷിക്കുന്നത് കേവലം 2021 കോടി രൂപയാണ്. തുക ഉയർത്തിയില്ലെങ്കിൽ വമ്പൻ പ്രതിസന്ധിയിലേക്ക് കേരളം പോകും. ഇത് കേന്ദ്രത്തെ നേരിട്ട് മനസ്സിലാക്കിക്കും. ഇതിനായി ഉദ്യോഗസ്ഥർ ഡൽഹിക്ക് പോകും.

ധനവകുപ്പിന്റെ കണക്കു പ്രകാരം കേരളത്തിന് കേന്ദ്രത്തിൽ നിന്നു കിട്ടാനുള്ള തുക 3680.24 കോടിയാണ്. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയും ഭക്ഷ്യസെക്രട്ടറിയും വെവ്വേറെ ഡൽഹിക്കു തിരിക്കും. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായും ഭക്ഷ്യ സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയവുമായും ചർച്ച നടത്തും. രണ്ടുപേരും നേരത്തേ കേന്ദ്ര ഡപ്യൂട്ടേഷനിൽ പ്രവർത്തിച്ചിട്ടുള്ളതിനാൽ ആ പരിചയം പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ.

കേന്ദ്രത്തിൽ നിന്നുള്ള കുടിശിക തുക ലഭിച്ചാൽ സംസ്ഥാന ഖജനാവിന് ആശ്വാസമാകും. ധനമന്ത്രി നിർമല സീതാരാമന് എംപിമാരുടെ സംഘം നൽകിയ നിവേദനത്തിൽ ഈ കണക്കും ചേർത്തിരുന്നു. പുറമേ കേന്ദ്ര ധനമന്ത്രാലയത്തിനു 2 തവണ കത്തു നൽകി. എന്നിട്ടും പ്രതികരണം ഇല്ലാത്തതിനാലാണ് ഉദ്യോഗസ്ഥരെ ഡൽഹിക്ക് അയയ്ക്കുന്നത്.

മൂലധന വായ്പ 1925 കോടിയും യുജിസി ശമ്പളപരിഷ്‌കരണം 750.93 കോടിയും ക്ഷേമപെൻഷൻ വിഹിതം 521.95 കോടിയും സപ്ലൈകോ നെല്ലു സംഭരിച്ച് അരിയാക്കി റേഷൻ കടകളിലൂടെ വിതരണം ചെയ്ത ഇനത്തിൽ 256 കോടിയും ആരോഗ്യ മേഖലയ്ക്കുള്ള ഗ്രാന്റ് 174.76 കോടിയും കിട്ടണം. മില്യൻ പ്ലസ് സിറ്റീസ് ഗ്രാന്റ് (10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗര തദ്ദേശസ്ഥാപനങ്ങൾക്കായി 15ാം ധനകാര്യ കമ്മിഷന്റെ തീർപ്പു പ്രകാരമുള്ളത്) 51.6 കോടിയാണ്. ഈ തുക നേടിയെടുക്കുകയാണ് ഡൽഹിയിൽ എത്തുന്ന ഉദ്യോഗസ്ഥരുടെ ലക്ഷ്യം.