കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സി കെ പത്മനാഭന്‍. സിപിഎം പുകയുന്ന അഗ്നിപര്‍വതമാണെന്ന് സി കെ പത്മനാഭന്‍ പറഞ്ഞു. ലോകത്ത് കമ്യൂണിസത്തിന്റെ അവസാന തുരുത്തും ഇല്ലാതാകുമ്പോഴും തന്‍കാര്യം മാത്രം നോക്കാനാണ് പിണറായിയും ഗോവിന്ദനും ശ്രമിക്കുന്നത്. സിപിഎം എന്ന അഗ്നിപര്‍വതം ഉടനെ പൊട്ടിത്തെറിക്കാന്‍ പോവുകയാണെന്നും ബിജെപി ദേശീയസമിതി അംഗം സി കെ പത്മനാഭന്‍ പറഞ്ഞു.

കോഴിക്കോട് നോര്‍ത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എരഞ്ഞിപ്പാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി കെ പത്മനാഭന്‍. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ഗതികേടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎമ്മിന്റെ കുത്തകസീറ്റായ തളിപ്പറമ്പില്‍ സ്വന്തം ഭാര്യയെത്തന്നെ മത്സരിപ്പിക്കണമെന്നത് എം വി ഗോവിന്ദന്റെ സ്വാര്‍ത്ഥ താത്പര്യമാണെന്നും പത്മനാഭന്‍ പറഞ്ഞു.

സിപിഎമ്മിന്റെ നിഗൂഢരഹസ്യങ്ങള്‍ അറിയാവുന്നയാളാണ് മുതിര്‍ന്ന നേതാവ് ടി കെ ഗോവിന്ദന്‍. ഉള്ളതും ഇല്ലാത്തതും പറഞ്ഞ് ഭരണത്തുടര്‍ച്ച നേടാന്‍ പിണറായി ശ്രമിക്കുന്നതിനിടെയാണ് ടി കെ ഗോവിന്ദന്‍ ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞത്. സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്ക് ആരംഭിച്ചു കഴിഞ്ഞു. ഈ വരവില്‍ ബിജെപിയിലുള്ള പഴയവരുടെ കാലുവാരാന്‍ സാധ്യതയുണ്ട്.

പാര്‍ട്ടിപ്രവര്‍ത്തനം ഉപജീവനമാര്‍ഗമാക്കിയവരും പാര്‍ട്ടിയെ വിറ്റ് ജീവിക്കുന്നവരും അക്കൂട്ടത്തിലുണ്ടെന്നത് പഴയ ബിജെപിക്കാര്‍ക്ക് എപ്പോഴും ഓര്‍മ്മവേണം. ബിജെപി സ്ഥാനാര്‍ത്ഥികള്‍ രാമമന്ത്രവും കൃഷ്ണതന്ത്രവും കൈമുതലാക്കി പോരാടണമെന്നും സികെപി പത്മനാഭന്‍ പറഞ്ഞു. ബിജെപി സംസ്ഥാനസമിതി അംഗം എന്‍ പി രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.