കൽപറ്റ: പൂക്കോട് വെറ്റിറനറി കോളജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ഹാജരാക്കുന്ന സമയത്ത് മജിസ്‌ട്രേറ്റിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിൽ പോയിട്ടില്ലെന്ന് സിപിഎം നേതാവും കൽപറ്റ മുൻ എംഎൽഎയുമായ സി.കെ. ശശീന്ദ്രൻ. കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകരെക്കുറിച്ച് കൽപറ്റ ഡിവൈഎസ്‌പി ചില പരാമർശങ്ങൾ നടത്തിയതായി കേട്ടപ്പോൾ, അതേക്കുറിച്ച് ചോദിക്കുന്നതിന് ഡിവൈഎസ്‌പിയെ കാണാനാണ് പോയതെന്നും ശശീന്ദ്രൻ വിശദീകരിച്ചു.

ഡിവൈഎസ്‌പി ഈ സമയം കോടതിയിലാണെന്ന് അറിഞ്ഞാണ് അവിടേക്കു ചെന്നതെന്നും ശശീന്ദ്രൻ പറഞ്ഞു. ഡിവൈഎസ്‌പിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ ഹാജരാക്കുന്ന സമയത്ത് അവിടെയെത്തിയ സിപിഎം നേതാവിനെ മജിസ്‌ട്രേറ്റ് പുറത്തുനിർത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ശശീന്ദ്രന്റെ പ്രതികരണം. പാർട്ടി ജില്ലാ സെക്രട്ടറി പി. ഗഗാറിനൊപ്പം കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശശീന്ദ്രൻ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്നും, കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും ശശീന്ദ്രൻ പറഞ്ഞു.

"പാർട്ടി പരിപാടി കഴിഞ്ഞ് വാര്യാടുനിന്ന് തിരിച്ചുവരുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിലായ വിവരം അറിഞ്ഞത്. അങ്ങനെയാണ് കോടതിയിലേക്കു പോയത്. ഈ സമയത്ത് കുട്ടികളുടെ രക്ഷിതാക്കളും അവിടെ ഉണ്ടായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനും പ്രതിയായതിനാൽ ചില കോൺഗ്രസുകാരും ഉണ്ടായിരുന്നു. അവിടെവച്ച് മജിസ്‌ട്രേറ്റിനെ കാണേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അതേസമയം, രക്ഷകർത്താക്കൾ ആക്ഷേപം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"എസ്എഫ്‌ഐ പ്രവർത്തകർ ഹോസ്റ്റലിൽവച്ച് വിചാരണ നടത്തിയെന്ന് ഡിവൈഎസ്‌പി പറഞ്ഞതായി ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഡിവൈഎസ്‌പി സംഘടനയെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്നു ചോദിക്കാനായി അന്വേഷിച്ചപ്പോൾ അദ്ദേഹം കോടതിയിൽ പോയി എന്നറിഞ്ഞു. തുടർന്ന് ഡിവൈഎസ്‌പിയെ കോടതിയിൽ പോയി കണ്ടു. എസ്എഫ്‌ഐ എന്ന പേര് പറഞ്ഞിട്ടില്ലെന്ന് ഡിവൈഎസ്‌പി വ്യക്തമാക്കുകയും ചെയ്തു. അല്ലാതെ ഡിവൈഎസ്‌പിയെ ഭീഷണിപ്പെടുത്തിയെന്നൊക്കെ പറയുന്നത് വസ്തുതാ വിരുദ്ധമാണ്." ശശീന്ദ്രൻ പറഞ്ഞു.

അതേസമയം, ബോർഡ് ഓഫ് മാനേജ്‌മെന്റിൽ അംഗമായ ടി.സിദ്ദിഖ് എംഎൽഎ എല്ലാം അറിഞ്ഞിരിക്കേണ്ട ആളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ചൂണ്ടിക്കാട്ടി. മൂന്നു ദിവസം മുൻപാണ് സിദ്ദിഖ് ഇവിടെ എത്തിയത്. സിദ്ദിഖിനെ കൊണ്ടുനടക്കുന്നത് ക്രിമിനിൽ കേസിലെ പ്രതികളാണ്. ഇത്തരം ആളുകൾക്കൊപ്പമെത്തിയാണ് സിദ്ധാർഥനെ കൊന്നതാണ്, കെട്ടിത്തൂക്കിയതാണ് എന്നെല്ലാം സിദ്ദിഖ് പറയുന്നത്. പ്രതികളെ സംരക്ഷിക്കാൻ ഞങ്ങൾ പോയിട്ടില്ല. സിപിഎം ഓഫിസിൽ പ്രതികളെ പാർപ്പിച്ചു എന്ന് രമേശ് ചെന്നിത്തല തെളിയിച്ചാൽ അന്ന് രാഷ്ട്രീയം അവസാനിപ്പിക്കും. കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിലാണ് പ്രതികളെ സംരക്ഷിച്ചത്. യൂണിവേഴ്‌സിറ്റിയിലെ മുഴുവൻ കുട്ടികളും കുറ്റവാളികളാണ് എന്ന് വരുത്താനാണ് ശ്രമമെന്നും ഗഗാറിൻ ആരോപിച്ചു.

"കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി സംഘർഷം തടയാൻ ശ്രമിച്ചില്ല എന്നതിന്റെ പേരിലാണ് പുറത്താക്കിയത്. തിരുവനന്തപുരത്തുനിന്നും ഒരു കോൺഗ്രസ് നേതാവ് വയനാട്ടിൽ വന്ന് സിദ്ധാർഥന്റെ വീട് അന്വേഷിച്ചതായി അറിഞ്ഞു. പിടിയിലായ 18 പേരിൽ 5 പേർ എസ്എഫ്‌ഐ പ്രവർത്തകരാണ്. അവിടെ എസ്എഫ്‌ഐ മാത്രമാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ട്. പ്രതികളെ സഹായിക്കണമെങ്കിൽ അഭിഭാഷകനെ ഉൾപ്പെടെ ഏർപ്പാക്കണം. എന്നാൽ അത് ചെയ്തില്ല. ഹോസ്റ്റലിൽ സമാന്തര കോടതി സംവിധാനം ഉണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കട്ടെ. പൊലീസിന്റെ അന്വേഷണം തൃപ്തികരമാണ്. പെൺകുട്ടിയുമായുണ്ടായ തർക്കമാണ് പ്രശ്‌നത്തിന്റെ മൂലകാരണമെന്നും ഗഗാറിൻ പറഞ്ഞു.