പാലക്കാട്: സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതില്‍ സന്തോഷമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. സന്ദീപ് പോയതില്‍ ബി ജെ പിക്ക് ഒരു ക്ഷീണവുമില്ലെന്നും തലക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ വക്താക്കളില്‍ ഒരാള്‍ മാത്രമാണ് സന്ദീപ്. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. സന്ദീപിന് കൂടുതല്‍കാലം കോണ്‍ഗ്രസില്‍ നില്‍ക്കാനാവില്ല. പല പാര്‍ട്ടികളുമായി വിലപേശി കൂടുതല്‍ വിലകൊടുത്ത പാര്‍ട്ടിയില്‍ സന്ദീപ് പോവുകയായിരുന്നു. പ്രത്യയശാസ്ത്രത്തെ തൂക്കി വില്‍ക്കാനാണ് രണ്ടു ദിവസം സന്ദീപ് ബെംഗളൂരുവില്‍ പോയത്.

നവംബര്‍ 20 ന് വോട്ടെടുപ്പ് കഴിഞ്ഞാല്‍ സന്ദീപ് വാര്യറെ കോണ്‍ഗ്രസ് കറിവേപ്പിലയാക്കി തള്ളും. മൂത്താന്‍ തറയുമായി സന്ദീപിന് എന്തുബന്ധമാണ് ഉള്ളത്? പാര്‍ട്ടി വിടുമ്പോള്‍ സ്വന്തം നിഴല്‍ പോലും അദ്ദേഹത്തിനൊപ്പമുണ്ടാവില്ല. പ്രസ്ഥാനത്തെയും ബലിദാനികളെയും വഞ്ചിച്ചാണ് സന്ദീപ് വാര്യര്‍ പോയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.